ലോകത്തിലെ ആദ്യ പ്രവർത്തനക്ഷമമായ ന്യൂക്ലിയർ ക്ലോക്ക് നിർമിച്ച് ഓസ്ട്രിയയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ. സമയ കൃത്യതയിൽ ഒരു പുതിയ അധ്യായം തുറക്കുന്നതാണ് മുന്നേറ്റം. വിയന്നയിലെ ടിയു വിയെൻ (TU Wien) ബെയ്ജിങ്ങിലെ സിൻഹുവ സർവകലാശാല എന്നിവ അടക്കമുള്ളവയിലെ ഗവേഷകർ ഈ രംഗത്തെ തങ്ങളുടെ മുന്നേറ്റങ്ങൾ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

To advertise here,

ഇലക്ട്രോണുകളുടെ ചലനത്തിന് പകരം ആറ്റോമിക് ന്യൂക്ലിയസിനുള്ളിലെ മാറ്റങ്ങൾ ഉപയോഗിക്കുന്ന ആദ്യത്തെ ക്ലോക്കാണിത്. തോറിയം-229 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സാങ്കേതികവിദ്യ. സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്ന ഒരു അൾട്രാ വയലറ്റ് ലേസർ തോറിയം ന്യൂക്ലിയസുമായി പ്രതിപ്രവർത്തിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് സമയം അളക്കാൻ ഉപയോഗിക്കുന്നത്.

ആറ്റോമിക് ക്ലോക്കുകളിൽനിന്ന് വ്യത്യസ്തമാണിവ. ആറ്റങ്ങൾക്ക് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ ഊർജ്ജ അവസ്ഥകളിലെ മാറ്റങ്ങൾ അളന്നാണ് ആറ്റോമിക് ക്ലോക്കുകൾ സമയ കൃത്യത പാലിക്കുന്നത്. ഇവ അസാധാരണമാവണ്ണം കൃത്യതയുള്ളവയാണ്. എങ്കിലും അവ ബാഹ്യമായ ഇടപെടലുകൾക്ക് വിധേയമാണ്. ഇതിൽനിന്ന് വ്യത്യസ്തമായി ആറ്റോമിക് ന്യൂക്ലിയസിനുള്ളിൽ സംഭവിക്കുന്ന മാറ്റങ്ങളെയാണ് ന്യൂക്ലിയർ ക്ലോക്ക് ഉപയോഗിക്കുന്നത്.