ഇന്ത്യയിൽ മാക്ബുക്ക്, ഐപാഡ് ശ്രേണിയിലെ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ച് ആപ്പിൾ. ചില മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെയാണ് വില വർധന. വില വർധന വരുന്നുണ്ടെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. ആപ്പിളിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ വിലവർധന കാണാൻ കഴിയും.

To advertise here,

നിരവധി മാക്ബുക്ക് മോഡലുകൾ ലോഞ്ച് ചെയ്ത സമയത്തെ വിലയേക്കാൾ ഗണ്യമായി ഉയർന്ന വിലയിലാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ വേരിയന്റുകൾ,ആപ്പിളിന്റെ പുതിയ ബഡ്ജറ്റ് ലാപ്‌ടോപ് എന്നിവയുടെയെല്ലാം വില വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല യു.എസിലും വില വർധനയുണ്ട്.

എം5 ചിപ്പുള്ള മാക്ബുക്ക് എയർ ഇന്ത്യയിൽ 1,19,900 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. ഇപ്പോൾ അതിന്റെ വില 1,49,900 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. 30,000 രൂപയുടെ വർധനയാണ്ണ് വന്നിരിക്കുന്നത്. 15 ഇഞ്ച് മാക്ബുക്ക് എയർ വേരിയന്റിന്റെ വില 1,44,900 രൂപയിൽനിന്ന് ഇപ്പോൾ 1,79,900 രൂപയായി വർധിച്ചിരിക്കുന്നു. 35,000 രൂപയാണ് വർധിച്ചത്.

മാക്ബുക്ക് പ്രോ ശ്രേണിയിൽ വിലവർധന കൂടുതൽ പ്രകടമാണ്. എം5 ചിപ്പും 16 ജിബി റാം ഉള്ള ബേസ് 14 ഇഞ്ച് മാക്ബുക്ക് പ്രോ 1,69,900 രൂപക്കാണ് ലോഞ്ച് ചെയ്തതെങ്കിൽ ഇപ്പോൾ 2,39,900 രൂപക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 70,000 രൂപയുടെ വലിയ വർധനവാണ് വന്നത്. ഇത് ഇന്ത്യയിലെ ആപ്പിളിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിലവർധനയാണ്.

ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ലാപ്‌ടോപ് എന്ന തരത്തിൽ കമ്പനി അവതരിപ്പിച്ച മാക്ബുക്ക് നിയോയുടെ വില 10,000 രൂപ വർധിച്ചു. വിദ്യാർഥികളെയടക്കം ആകർഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മോഡലാണിത്. മാക്ബുക്ക് പ്രോയുടെ (14 ഇഞ്ച്) എം5 മാക്‌സ് വേരിയന്റിൽ വില 1 ലക്ഷം രൂപ വർധിച്ചു.

എം4 പ്രോസസ്സറുള്ള 11 ഇഞ്ച് ഐപാഡ് എയറിന് ഇപ്പോൾ 89,900 രൂപയാണ് വില. ഇതേ ടാബ്‌ലെറ്റ് ഇന്ത്യയിൽ 64,900 രൂപക്കാണ് വിറ്റഴിച്ചിരുന്നത്. 25,000 രൂപയാണ് വിലവർധന. എം5 ചിപ്പും ബേസ് 256 ജിബി സ്റ്റോറേജുമുള്ള ഐപാഡ് പ്രോയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇപ്പോൾ 1,39,900 രൂപയാണ് ഇന്ത്യയിലെ വില. കഴിഞ്ഞ വർഷം 99,990 രൂപക്കാണ് ഇത് അവതരിപ്പിച്ചത്.

കാരണം എന്താണ്?

മെമ്മറി ആപ്പിളിന്റെ വിപണന തന്ത്രത്തിന്റെ ഒരു നിർണായക ഘടകമാണ്. പുതിയ മാക്, ഐപാഡുകൾ ഉയർന്ന ബേസ് റാം, യൂണിഫൈഡ് മെമ്മറി ആർക്കിടെക്ചർ എന്നിവയോടെയാണ് എത്തുന്നത്. ഇവയുടെ ഭ്യത കുറയുകയും വില വർധിക്കുകയും ചെയ്യുന്നതാണ് വില വർധനയ്ക്ക് പിന്നിൽ.

ഘടകങ്ങളുടെ വില ഇത്രവേഗത്തിൽ വർധിക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് ആപ്പിൾ വൃത്തങ്ങൾ പറയുന്നു. വില വർധിപ്പിച്ച ആപ്പിളിന്റെ നീക്കം വിദ്യാർഥികൾ, പഴയ മാക്കുകളിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന പ്രൊഫഷണലുകൾ, ആപ്പിൾ ഇക്കോസിസ്റ്റത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ എന്നിവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാനിടയുണ്ട്.