2024-ൽ ഐഒഎസ് 18-ന് ഒപ്പമാണ് ആപ്പിൾ ആദ്യമായി ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ പ്രഖ്യാപിച്ചത്. എന്നാൽ അന്ന് പ്രഖ്യാപിച്ച പല കഴിവുകളും ആപ്പിൾ ഉപകരണങ്ങളിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചില്ല. ആ ക്ഷീണം തീർത്തുകൊണ്ടാണ് ആപ്പിൾ ഇന്റലിജൻസിന് വേണ്ടി വമ്പനൊരു അപ്‌ഗ്രേഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷത്തെ കമ്പനിയുടെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ വെച്ചാണ് ഈ പ്രഖ്യാപനം. പുതിയ രൂപകല്പനയിലുള്ള സിരി എഐയും ശക്തിയേറിയ ഇമേജ് ജനറേഷൻ ടൂളുകളും ക്ലൗഡ് അധിഷ്ഠിത എഐ സംവിധാനങ്ങളുമെല്ലാം ഉൾപ്പെടുന്നതായിരുന്നു ഇത്തവണത്തെ കീനോട്ട്.
ആപ്പിൾ ഇന്റലിജൻസിന് വേണ്ടി എഐ അധിഷ്ഠിത പിന്തുണ നൽകുന്നത് ഗൂഗിൾ ആണെന്നതാണ് വലിയ സവിശേഷത. ശക്തിയേറിയ ക്ലൗഡ് അധിഷ്ഠിത എഐ സേവനങ്ങൾക്കായി എൻവിഡിയയുടെ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകളും ആപ്പിൾ ഉപയോഗിക്കും.
മുൻകൂട്ടി നിശ്ചയിച്ച ശബ്ദനിർദേശങ്ങൾക്ക് പകരം സ്വാഭാവികമായ ഭാഷയിൽ സംഭാഷണം നടത്താൻ കഴിവ് നൽകിയാണ് ആപ്പിൾ സിരിയെ പുനർനിർമിച്ചിരിക്കുന്നത്. വ്യക്തിഗത പശ്ചാത്തലം തിരിച്ചറിയാനും, ഉപഭോക്താവിന്റെ സ്ക്രീനിലുള്ളത് വിശകലനം ചെയ്യാനും, ആപ്പുകളിലുടനീളം വിവിധ ജോലികൾ ചെയ്യാനുമെല്ലാം സിരിക്ക് സാധിക്കും.
ഉപകരണത്തിനുള്ളിൽ തന്നെയാണ് പുതിയ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ പ്രൊസസ് ചെയ്യുക. കൂടുതൽ കമ്പ്യൂട്ടിങ് ശേഷി ആവശ്യമെങ്കിൽ ക്ലൗഡ് അധിഷ്ഠിത എഐ മോഡലുകളും പ്രയോജനപ്പെടുത്തും.
ഐഒഎസ് 27 അപ്‌ഡേറ്റിലാണ് ഈ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ഒഎസ് അപ്‌ഡേറ്റ് ലഭിക്കുന്ന എല്ലാ ഉപകരണങ്ങളിലും ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ കിട്ടില്ല. അതിൽ മിക്കതും ശക്തിയേറിയ ഐഫോണുകൾ, ഐപാഡുകൾ, മാക് കമ്പ്യൂട്ടറുകൾ എന്നിവയിലായിരിക്കും ലഭിക്കുക.
എൻവിഡിയയും ഗൂഗിളുമായി കൈകോർത്ത് ആപ്പിൾ
ആപ്പിളിന്റെ പുതിയ എഐ സാങ്കേതികവിദ്യയുടെ കരുത്തുറ്റ ഫീച്ചറുകൾ പ്രവർത്തിക്കുന്നത് ഗൂഗിളിന്റെയും എൻവിഡിയയുടെയും സഹായത്തോടെയാണ്. ഗൂഗിളിന്റെ ജെമിനി എഐ മോഡലുകൾക്ക് പിന്നിലുള്ള സാങ്കേതികവിദ്യകൾ ആപ്പിൾ തങ്ങളുടെ നെക്സ്റ്റ് ജനറേഷൻ 'ആപ്പിൾ ഫൗണ്ടേഷൻ മോഡലുകൾ'ക്ക് വേണ്ടി ഉപയോഗിച്ചതായി ആപ്പിൾ സോഫ്റ്റ്‌വെയർ മേധാവി ക്രെയ്ഗ് ഫെഡെറിഗി പറഞ്ഞു. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ആപ്പിൾ ഫൗണ്ടേഷൻ മോഡലുകളാണ് (എ.എഫ്.എം.) ആപ്പിൾ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിക്കുന്നത്.
ആപ്പിളിന്റെ ഏറ്റവും നൂതനമായ ക്ലൗഡ് അധിഷ്ഠിത മോഡലായ എഎഫ്എം ക്ലൗഡ് പ്രോ (AFM Cloud Pro) പ്രവർത്തിക്കുന്നത് ഗൂഗിൾ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലുള്ള എൻവിഡിയ ഗ്രാഫിക്സ് പ്രൊസസ്സറുകളിലാണ്.
മിക്ക ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളും ഉപഭോക്താവിന്റെ ഉപകരണത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. എങ്കിലും ഒരു ഉപകരണത്തിൽ (ഫോൺ/ലാപ്‌ടോപ്പ്) മാത്രം പ്രോസസ് ചെയ്യാൻ സാധിക്കാത്ത കൂടുതൽ കരുത്ത് വേണ്ടിവരുന്ന വലിയ എഐ ജോലികൾ പൂർത്തിയാക്കാൻ അത് ആപ്പിളിന്റെ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് സംവിധാനത്തിലേക്ക് അയക്കും. വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാതെയാണ് ക്ലൗഡിൽ ഡാറ്റ പ്രോസസ് ചെയ്യുകയല്ല ചെയ്യുന്നതെന്ന് ആപ്പിൾ പറയുന്നു. ആപ്പിളിനും ഈ വിവരങ്ങൾ എടുക്കാനാവില്ല. എൻവിഡിയ ജിപിയുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഗൂഗിൾ ക്ലൗഡ് സേവനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ഏതെല്ലാം ഉപകരണങ്ങളിൽ പുതിയ ആപ്പിൾ ഇന്റലിജൻസ് ലഭിക്കും?
പുതിയ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ എല്ലാ ആപ്പിൾ ഉപകരണങ്ങളിലും ലഭ്യമാകില്ല. പുതിയ എഐ മോഡലുകൾക്ക് കൂടുതൽ ഹാർഡ്‌വെയർ ശേഷി ആവശ്യമുള്ളതിനാലാണ് ഈ നിയന്ത്രണം. ആദ്യ തലമുറയിലെ ഫീച്ചറുകൾക്ക് 8 ജിബി (8GB) റാം മതിയായിരുന്നെങ്കിൽ, പുതിയ മോഡലുകൾക്ക് കുറഞ്ഞത് 12 ജിബി (12GB) റാം ആവശ്യമാണ്.
പൊതുവായി ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ലഭിക്കുന്ന ഉപകരണങ്ങൾ ഇവയാണ്:
-
ഐഫോൺ 15 പ്രോയും അതിന് ശേഷമുള്ള മോഡലുകളും.
-
തിരഞ്ഞെടുത്ത എം-സീരീസ് ഐപാഡുകൾ.
-
ആപ്പിൾ സിലിക്കൺ മാക്കുകൾ.
അതേസമയം, ഏറ്റവും നൂതനമായ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ പലതും താഴെ പറയുന്ന ഉപകരണങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ:
-
ഐഫോൺ 17 പ്രോ, ഐഫോൺ എയർ, വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മോഡലുകളിലും പ്രതീക്ഷിക്കാം.
-
കുറഞ്ഞത് 12 ജിബി (12GB) റാം ഉള്ള M4 ചിപ്പിലോ അതിനു ശേഷമുള്ളവയിലോ പ്രവർത്തിക്കുന്ന ഐപാഡുകൾ.
-
12 ജിബി (12GB) അല്ലെങ്കിൽ അതിൽ കൂടുതൽ റാം ഉള്ള M3 ചിപ്പിലോ അതിനു ശേഷമുള്ളവയിലോ പ്രവർത്തിക്കുന്ന മാക്കുകൾ.
ഇതിനുപുറമെ, യൂറോപ്യൻ യൂണിയനിൽ ഐഒഎസ്സിലും ഐപാഡ്ഒഎസ്സിലും തുടക്കത്തിൽ പുതിയ സിരി എഐ ലഭ്യമാകില്ല. അതുപോലെ തന്നെ, പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാൽ ചൈനയിലും പുതിയ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ലഭിക്കില്ല.
Published: 09 Jun 2026, 03:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented