ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലെത്തുന്നു. ആപ്പിൾ ഉപകരണങ്ങളിലെ നിർമിതബുദ്ധി അധിഷ്ഠിത സേവനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ചൈനയിലെത്തുന്നത്. ചൈനീസ് വിപണിയിലുള്ള അനുയോജ്യമായ ഐഫോണുകളിൽ ഇതോടെ ആപ്പിൾ ഇന്റലിജൻസ് എത്തും. ആലിബാബയുടെ എഐ മോഡലുകൾ ആപ്പിൾ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ ചൈനീസ് അധികൃതർ അനുമതി നൽകി. ഐഫോൺ ഡ്യുവോ ചൈനീസ് വിപണിയിൽ അവതരിപ്പിക്കാനിരിക്കെയാണ് ഈ നീക്കങ്ങൾ.

To advertise here,

ഐഫോൺ ഡ്യുവോ, ഐഫോൺ 18 പ്രോ, എന്നിവയിലും മുൻ മോഡലുകളിലും ആലിബാബയുടെ എഐ സംവിധാനങ്ങൾ ഉൾപ്പെടുത്താൻ ചൈനയിലെ വ്യവസായ, ഐടി മന്ത്രാലയം അനുമതി നൽകിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ക്വെൻ എഐ, എഐ ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്ന ടോങ് യി വാൻക്സിയാങ് എന്നിവ ഇക്കൂട്ടത്തിൽ പെടും.

അന്താരാഷ്ട്ര വിപണികളിൽ ഓപ്പൺ എഐ, ഗൂഗിൾ ജെമിനി എഐ മോഡലുകളുടെ പിന്തുണയിലാണ് ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ കമ്പനി ഉപകരണങ്ങളിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ, രാജ്യസുരക്ഷ മുൻനിർത്തി എഐ സേവനങ്ങൾക്കും അൽഗൊരിതങ്ങൾക്കും ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിദേശ എഐ മോഡലുകൾക്ക് പകരം, ചൈനയിൽ തദ്ദേശീയ എഐ കമ്പനികളെയാണ് ഇതിനായി ആപ്പിൾ ആശ്രയിക്കുന്നത്.

ആപ്പിൾ ഇന്റലിജൻസിന് ചൈനയിൽ നേരത്തെതന്നെ അനുമതി ലഭിച്ചിരുന്നു. ആലിബാബയുടെ എഐ മോഡലുകൾ ഉപയോഗിക്കാൻ അനുമതി ലഭിച്ചതോടെ ക്വെൻ എഐ മോഡലുകൾ ഉപയോഗിച്ചുള്ള എഐ ഇന്റലിജൻസ് ഫീച്ചറുകൾ ലഭ്യമാക്കാൻ ആപ്പിളിന് സാധിക്കും. ചൈനയിൽ വിൽക്കുന്ന ഐഫോണുകൾ, ഐപാഡുകൾ, മാക്, വിഷൻ പ്രോ ഉപകരണങ്ങളിൽ ഇത് ലഭ്യമാവും.

ചൈനീസ് വിപണിയിൽ ആപ്പിളിന്റെ പിടിവള്ളി

ചൈനയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഇപ്പോൾ കടുത്ത മത്സരമാണ് നടക്കുന്നത്. വാവേയ് (Huawei) പോലുള്ള പ്രാദേശിക കമ്പനികൾ ഇതിനകം തങ്ങളുടെ ഫോണുകളിൽ അത്യാധുനിക എഐ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കഴിഞ്ഞു. ആപ്പിൾ തങ്ങളുടെ ഐഫോണുകളിൽ എഐ ഫീച്ചറുകൾ നൽകാതിരുന്നാൽ അത് അവരുടെ വില്പനയെ ബാധിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അലിബാബയുടെ സഹായത്തോടെ ആപ്പിളിനും ചൈനീസ് വിപണിയിൽ മത്സരിക്കാൻ സാധിക്കും.