നിർമിതബുദ്ധിയുടെ (Artificial Intelligence) കടന്നുവരവോടെ സോഫ്റ്റ്‌വേർ എൻജിനീയർമാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണെന്ന് ആന്ത്രോപ്പിക്കിന്റെ സർവേ റിപ്പോർട്ട്. ആന്ത്രോപ്പിക്കിന്റെ എഐ മോഡലായ ക്ലോഡ് ഉപയോഗിക്കുന്ന തൊഴിൽ മേഖലയിലാണ് കമ്പനി സർവേ നടത്തിയത്. ഏപ്രിൽ 22ന് പുറത്തുവിട്ട റിപ്പോർട്ടിൽ, ക്ലോഡ് ഏറ്റവും കൂടുതൽ ജോലികൾ ചെയ്യുന്ന തൊഴിൽ മേഖലയിലുള്ളവരാണ് തൊഴിൽ നഷ്ടമാകുന്നതിനെക്കുറിച്ച് ഏറെ ആശങ്കപ്പെടുന്നതെന്ന് ആന്ത്രോപ്പിക് പറയുന്നു.
81,000-ത്തിലധികം ക്ലോഡ് ഉപയോക്താക്കളിൽനിന്ന് ശേഖരിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ, അഞ്ചിലൊന്ന് പേരും തങ്ങളുടെ സാമ്പത്തിക നിലയിൽ മാറ്റമുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചു. പ്രൈമറി സ്കൂൾ അധ്യാപകരെ അപേക്ഷിച്ച്, സോഫ്റ്റ്‌വേർ എൻജിനീയർമാരെപ്പോലെ എഐയുമായി നേരിട്ട് ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് തങ്ങളുടെ ജോലി എഐ കവർന്നെടുക്കുമെന്ന് കൂടുതൽ ഭയപ്പെടുന്നത്. ക്ലോഡിന്റെ ഉപയോഗം പ്രധാനമായും കോഡിങ് ജോലികൾക്കായിട്ടാണ് എന്നതും ഇതിന് കാരണമാണെന്ന് ആന്ത്രോപ്പിക് പറഞ്ഞു.
നിർമിതബുദ്ധിയുടെ സാമ്പത്തിക ആഘാതം മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ആന്ത്രോപ്പിക് സർവേ സംഘടിപ്പിച്ചത്. എഐയുടെ സ്വാധീനം നേരിട്ട് അനുഭവിക്കുന്ന മേഖലകളിലെ തൊഴിലാളികൾക്ക് അതുമായി ബന്ധപ്പെട്ട സാമ്പത്തിക ആശങ്കകളുണ്ടെന്ന് പഠനം വ്യക്തമായ തെളിവ് നൽകുന്നു. 81,000 ക്ലോഡ് ഉപയോക്താക്കളുടെ പ്രതികരണങ്ങളും ക്ലോഡിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ആന്ത്രോപ്പിക്കിന്റെ കൈവശമുള്ള വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. സർവേയിൽ പങ്കെടുത്തവരിൽ അഞ്ചിലൊന്ന് പേരും (ഏകദേശം 20 ശതമാനം) എഐ മൂലമുള്ള തൊഴിൽ നഷ്ടത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
ഏറ്റവും കൂടുതൽ ഭീഷണി ആർക്ക്?
എഐ മോഡലായ ക്ലോഡ് കൂടുതലായി ഉപയോഗിക്കുന്നത് കോഡിങ് ജോലികൾക്കാണ്. അതിനാൽ, എഐ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഇത്തരം തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് തൊഴിൽ നഷ്ടപ്പെടുമെന്ന് ഏറ്റവുമധികം ഭയപ്പെടുന്നത്. സീനിയർ ജീവനക്കാരേക്കാൾ കരിയറിന്റെ തുടക്കത്തിലുള്ളവരാണ് ഈ ആശങ്ക കൂടുതലായി പങ്കുവെച്ചത്.
ഉയർന്ന ശമ്പളം വാങ്ങുന്ന സോഫ്റ്റ്‌വേർ ഡെവലപ്പർമാരും കുറഞ്ഞ ശമ്പളം വാങ്ങുന്ന കസ്റ്റമർ സർവീസ് പ്രതിനിധികളും എഐ വഴി വലിയ രീതിയിലുള്ള ഉത്പാദനക്ഷമത കൈവരിച്ചതായി റിപ്പോർട്ട് ചെയ്തു. നേരെമറിച്ച്, ശാസ്ത്രജ്ഞർക്കും അഭിഭാഷകർക്കും ഇതിൽനിന്ന് നേരിയ പുരോഗതി മാത്രമേ ലഭിച്ചുള്ളൂ.
ഭൂരിഭാഗം പേരും എഐ ഉപയോഗം തങ്ങൾക്ക് ഗുണകരമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 10 ശതമാനം പേർ ഇതിന്റെ ഗുണം തൊഴിലുടമകൾക്കും ക്ലയന്റുകൾക്കുമാണെന്ന് മറുപടി നൽകി. ജീവനക്കാരിൽനിന്ന് കൂടുതൽ ജോലി ആവശ്യപ്പെടാനും നേടിയെടുക്കാനും ഇത് അവരെ സഹായിക്കുന്നു എന്നാണ് ഇവർ പറയുന്നത്.
Content Highlights: A new survey by Anthropic involving 81,000 Claude users reveals that one-fifth of participants, particularly software engineers and early-career professionals, fear significant job displacement and financial instability due to AI's rising capabilities in coding.
Published: 24 Apr 2026, 02:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented