ഐടി സംവിധാനങ്ങളിലെ സുരക്ഷാ പിഴവുകള് കണ്ടെത്താനുള്ള ക്ലോഡ് മിത്തോസിന്റെ കഴിവുകളിലാണ് ബാങ്കികള്ക്കടക്കം ആശങ്ക.

ആന്ത്രോപിക്കിന്റെ പുതിയ എഐ (നിർമിതബുദ്ധി) മോഡലായ ക്ലോഡ് മിത്തോസ് യുകെയിലെ ധനകാര്യ സ്ഥാപനങ്ങൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് സൂചന. യു.കെയിലെ ഫിനാൻസ്, സൈബർ സുരക്ഷാ അധികൃതർ രാജ്യത്തെ വലിയ ബാങ്കുകൾ അടക്കമുള്ളവയുമായി അടിയന്തര ചർച്ചകൾ നടത്തുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഐടി സംവിധാനങ്ങളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്താനുള്ള ക്ലോഡ് മിത്തോസിന്റെ കഴിവുകളിലാണ് ബാങ്കുകൾക്കടക്കം ആശങ്ക. അപകടസാധ്യതകൾ വിലയിരുത്തുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി, എച്ച്എം ട്രഷറി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സുരക്ഷാ ഭീഷണികൾ വിലയിരുത്തുന്നതിനുള്ള അടിയന്തര യോഗം ചേരുന്നുണ്ട്. പ്രമുഖ ബ്രിട്ടീഷ് ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, എക്‌സ്‌ചേഞ്ചുകൾ തുടങ്ങിയവയ്ക്ക് സൈബർ സുരക്ഷാ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനാണ് യോഗം വിളിച്ചുചേർക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് സ്വീകരിച്ച മുൻകരുതൽ നടപടികൾക്ക് പിന്നാലെയാണ് യു.കെയും സമാനമായ നീക്കങ്ങൾ നടത്തുന്നത്. പുതിയ എഐ മോഡലിന്റെ അപകട സാധ്യതകളെക്കുറിച്ച് യുകെയിലെ ക്രോസ് മാർക്കറ്റ് ഓപ്പറേഷണൽ റെസിലിയൻസ് ഗ്രൂപ്പ് (CMORG) യോഗത്തിൽ വിശദീകരിക്കുമെന്നാണ് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സൂപ്പർവൈസറി റിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡങ്കൻ മക്കിന്നോണും, യുകെ ഫിനാൻസ് ട്രേഡ് ബോഡിയുടെ തലവൻ ഡേവിഡ് പോസ്റ്റിങ്‌സുമാണ് ഈ ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. എട്ട് പ്രധാന യുകെ ബാങ്കുകൾ, നാല് ധനകാര്യ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർമാർ, രണ്ട് ഇൻഷുറൻസ് കമ്പനികൾ, NCSC, FCA, എച്ച്എം ട്രഷറി എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
ആന്ത്രോപിക് ക്ലോഡ് മിത്തോസിനെക്കുറിച്ചുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അപകട സാധ്യതകൾ വിലയിരുത്തുന്നതെന്ന് അധികൃതർ പറയുന്നു. യുകെയുടെ ധനകാര്യ സേവന മേഖലയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഏതെങ്കിലും അപകട സാധ്യത മുന്നിലുണ്ടോ എന്ന് വിദഗ്ധർ വിശകലനം ചെയ്യും.
ഏതെങ്കിലും അടിയന്തിര ഭീഷണി നേരിടേണ്ടിവന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേർക്കും. കഴിഞ്ഞ വർഷം യു.കെയിലെ റീടെയിൽ ഭീമന്മാരെയും ടാറ്റയുടെ ഉഉസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവറിനെയും ലക്ഷ്യമിട്ട് ശക്തമായ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. കമ്പനികളുടെ പ്രവർത്തനം ദീർഘകാലം തടസപ്പെടാൻ ഈ സൈബർ ആക്രമണം ഇടയാക്കി. ഇത്തരം സംഭവങ്ങളടക്കം കണക്കിലെടുത്താണ് സൈബർ സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര നീക്കങ്ങൾ യു.കെയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നടത്തുന്നത്. കഴിഞ്ഞ വർഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയർത്തിയ ആശങ്കയെത്തുടർന്ന് യുകെയിലെ വായ്പാ ദാതാക്കൾ ഉപയോഗിക്കുന്ന പൊതുവായ എഐ മോഡലുകൾക്ക് പരിശോധന ഏർപ്പെടുത്തുന്നകാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.
ക്ലോഡ് മിത്തോസ് ആയിരക്കണക്കിന് ശക്തമായ സുരക്ഷാ പിഴവുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നാണ് ആന്ത്രോപിക് അവകാശപ്പെടുന്നത്. എല്ലാ പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും വെബ് ബ്രൗസറുകളിലും ദശാബ്ദങ്ങളായി കണ്ടെത്താനാവാതെ കിടന്ന സുരക്ഷാ പഴുതുകളാണ് മിത്തോസ് കണ്ടെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു. സുരക്ഷാ പിഴവുകൾ കണ്ടെത്താനുള്ള ക്ലോഡ് മിത്തോസിന്റെ കഴിവ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് ബാങ്കുകൾക്കടക്കം ആശങ്ക സൃഷ്ടിക്കുന്നത്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ക്ലോഡ് മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിൾ അടക്കമുള്ള തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.
Content Highlights: UK financial authorities are assessing security risks associated with the Claude Mythos AI model., The Bank of England and NCSC are coordinating emergency meetings with major financial institutions., Claude Mythos has identified thousands of long-standing security flaws in major OS and browsers., Regulators are concerned about the potential misuse of AI-driven vulnerability detection tools., Anthropic has restricted access to Claude Mythos to prevent widespread security threats.
Published: 13 Apr 2026, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented