ക്ലോഡ് എഐ ടൂൾ ഉപയോക്താക്കളുടെ പിസികളിലോ ലാപ്ടോപ്പുകളിലോ മാൽവെയർ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആന്ത്രോപിക്. 'ഇൻഫോസ്റ്റീലർ' എന്ന മാൽവെയറിനെക്കുറിച്ചാണ് ക്ലോഡ് ഉപയോക്താക്കളിൽ പലർക്കും എഐ കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഹാക്കർമാർക്ക് ഉപയോക്താവിന്റെ എല്ലാ വിവരങ്ങളിലേക്കും അക്കൗണ്ട് വിശദാംശങ്ങളിലേക്കും പ്രവേശനം ലഭിക്കാൻ അനുമതി നൽകുന്ന മാൽവെയറാണിത്. ഉപയോക്താവിന്റെ ക്ലോഡ് അക്കൗണ്ട് ഉപയോഗിക്കാനും ഇത് ഹാക്കർമാരെ അനുവദിച്ചേക്കാം.

To advertise here,

മാൽവെയർ ബാധയെത്തുടർന്ന് ക്ലോഡ് ഉപയോഗ പരിധി അതിവേഗം തീർന്നേക്കാം. ചില ഉപയോക്താക്കളോട് ക്ലോഡിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാനും സേവ് ചെയ്തിരിക്കുന്ന പേയ്മെന്റ് രീതികൾ ഒഴിവാക്കാനും കമ്പനി നിർദേശിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ആക്രമണവുമായി ക്ലോഡിന് ബന്ധമില്ലെന്ന് ആന്ത്രോപിക്

ഈ മാൽവെയർ ബാധയുമായി ക്ലോഡിന് ബന്ധമില്ലെന്നാണ് ആന്ത്രോപിക് പറയുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് തനിക്ക് ആന്ത്രോപിക്കിൽ നിന്ന് ലഭിച്ച ഇമെയിൽ പുറത്തുവിട്ടിട്ടുണ്ട്. മാൽവെയർ ബാധയെക്കുറിച്ച് വിവരം ലഭിച്ചതായി കമ്പനി ഇമെയിലിൽ വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ ക്ലോഡ് അക്കൗണ്ടിന്റെ അസാധാരണമായ ഉപയോഗത്തിന് കാരണം ഇതായിരിക്കാം. ക്ലോഡ് ഉപയോഗ പരിധി റീഫിൽ ചെയ്യപ്പെട്ടതായും, ക്ലോഡ് ഉപയോഗിക്കാത്തപ്പോൾ പോലും പരിധി കഴിയുന്നതായി ബോധ്യമായെങ്കിലും ഇതിനെല്ലാം കാരണം മാൽവെയർ ആയിരിക്കാമെന്ന് ഇമെയിലിൽ കമ്പനി പറയുന്നു.

സംഭവത്തെക്കുറിച്ച് കമ്പനി അന്വേഷിച്ചുവരികയാണ്. കമ്പ്യൂട്ടറുകളെ മാത്രമാണ് ഇൻഫോസ്റ്റീലർ മാൽവെയർ ബാധിച്ചിട്ടുള്ളതെന്നും ആന്ത്രോപിക് വ്യക്തമാക്കുന്നു. ഫോണുകളും ടാബ്‌ലെറ്റുകളും ഇതിൽ ഉൾപ്പെട്ടില്ല. അനൗദ്യോഗിക ഡൗൺലോഡുകൾ, ദോഷകരമായ ആപ്പുകൾ വഴിയാണ് ഈ മാൽവെയർ ബാധിക്കുന്നത്. സേവ് ചെയ്ത പാസ്‌വേഡുകൾ, ബ്രൗസർ ലോഗിൻ കുക്കികൾ, മറ്റ് ആപ്പുകളുടെ ക്രെഡൻഷ്യലുകൾ എന്നിവ ഇത് കോപ്പി ചെയ്യുന്നു. ഹാക്കർമാർക്ക് two-factor authentication മറികടക്കാനും അക്കൗണ്ടുകളിലേക്ക് പ്രവേശനം നേടാനും ഇത് സഹായിക്കുന്നു.

ചെയ്യേണ്ടത് എന്താണ്?

ക്ലോഡിൽ നിന്ന് ലോഗ് ഔട്ട് ചെയ്താലും മാൽവെയർ നീക്കം ചെയ്യപ്പെടില്ലെന്ന് ആന്ത്രോപിക് പറയുന്നു. അടുത്ത ലോഗിൻ സെഷനിൽ വീണ്ടും പ്രത്യക്ഷപ്പെടാം.

കമ്പ്യൂട്ടറുകൾ വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് മാൽവെയർ സ്‌കാൻ ചെയ്യാനും, തുടർന്ന് പുതിയ പാസ്‌വേഡ് സജീകരിച്ചും, മറ്റ് ഉപകരണങ്ങളിൽ നിന്ന് ലോഗ് ഔട്ട് ചെയ്തും, രണ്ട് ഘട്ടങ്ങളായുള്ള ആധികാരികത ഉറപ്പാക്കൽ (2FA) പ്രവർത്തനക്ഷമമാക്കിയും ക്ലോഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ അക്കൗണ്ട് സുരക്ഷിതമാക്കാൻ ആന്ത്രോപിക് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകുന്നു.

ബാങ്കിങ്, ജോലി, ക്ലൗഡ് സേവനങ്ങൾ എന്നിവയ്ക്കുള്ള മറ്റ് പാസ്‌വേഡുകൾ അപ്ഡേറ്റ് ചെയ്യാനും, ബ്രൗസറിൽ പേയ്മെന്റ് വിശദാംശങ്ങൾ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ കാർഡ് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കാനും കമ്പനി നിർദ്ദേശിക്കുന്നു. ഈ ഘട്ടങ്ങൾക്ക് ശേഷം മാത്രമേ പേയ്മെന്റ് രീതി വീണ്ടും ചേർക്കാവൂ എന്നും കമ്പനി അറിയിച്ചു.

സൈബർ സുരക്ഷയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുന്ന സമയത്താണ് ഈ സംഭവം എന്നതാണ് ശ്രദ്ധേയം. എഐ മോഡലുകൾ വ്യാപകമാകുന്നതോടെ ഹാക്കിങ് ശ്രമങ്ങൾ വർധിച്ചേക്കാമെന്ന ആശങ്ക പലർക്കുമുണ്ട്. എഐ ഏജന്റുകൾ നടത്തിയ Hugging Face ഹാക്കിങ് ശ്രമത്തെപ്പറ്റി OpenAI തന്നെ വെളിപ്പെടുത്തിയിരുന്നു. ആന്ത്രോപപിക്കും മെറ്റയും തങ്ങളുടെ AI ഏജന്റുകൾ നിയന്ത്രണങ്ങൾ ലംഘിച്ച സംഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.