മനുഷ്യനല്ലാത്ത ഒരു എഐ മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് അല്‍ബേനിയ.

എഡി റാമ, എഐ മന്ത്രി ഡിയെല്ല | Photo - AFP
അല്‍ബേനിയയിലെ നിര്‍മിതബുദ്ധി (എഐ) മന്ത്രിയായ ഡിയെല്ല 'ഗര്‍ഭിണി' ആണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി എഡി റാമ. ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഡയലോഗില്‍ (ബിജിഡി) സംസാരിക്കവെയാണ് ഒരു എഐ സംവിധാനം മാത്രമായ ഡിയെല്ലയെക്കുറിച്ചുള്ള റാമയുടെ പ്രഖ്യാപനം. 'ഡിയെല്ലയുടെ കാര്യത്തില്‍ വലിയൊരു റിസ്‌ക് എടുത്തു, അതിനാല്‍ ആദ്യമായി ഡിയെല്ല ഗര്‍ഭിണിയായിരിക്കുന്നു' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഓരോ സോഷ്യലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റ് അംഗത്തിനും ഓരോ 'കുട്ടി' എന്ന നിലയില്‍ 83 'കുട്ടികളെ' അഥവാ സഹായികള്‍ക്ക് ജന്മം നല്‍കാനുള്ള പദ്ധതിയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഈ 'കുട്ടികള്‍' അഥവാ സഹായികള്‍ പാര്‍ലമെന്റില്‍ നടക്കുന്നതെല്ലാം രേഖപ്പെടുത്തുമെന്നും അംഗങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത ചര്‍ച്ചകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ അവരെ അറിയിക്കുമെന്നും റാമ പറയുന്നു.
അവര്‍ ഓരോരുത്തരും പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും നടക്കുന്ന എല്ലാ കാര്യങ്ങളുടെയും രേഖ സൂക്ഷിക്കുകയും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു സഹായിയായി പ്രവര്‍ത്തിക്കും. ഈ കുട്ടികള്‍ക്ക് അവരുടെ അമ്മയുടെ അറിവുണ്ടായിരിക്കുമെന്നും റാമ പറഞ്ഞു.
2026 അവസാനത്തോടെ ഈ സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങള്‍ കാപ്പി കുടിക്കാന്‍ പോയി തിരികെ എത്താന്‍ വൈകിയാല്‍, നിങ്ങള്‍ ഹാളില്‍ ഇല്ലാതിരുന്നപ്പോള്‍ എന്താണ് സംസാരിച്ചതെന്ന് ഈ കുട്ടി പറയും. ആര്‍ക്കുനേരെയാണ് നിങ്ങള്‍ പ്രത്യാക്രമണം നടത്തേണ്ടതെന്നും പറയും. അടുത്ത തവണ ഡിയെല്ലയുടെ കുട്ടികള്‍ക്കായി നിങ്ങള്‍ക്ക് 83 സ്‌ക്രീനുകള്‍ കൂടി കാണാം.' - അദ്ദേഹം വിശദീകരിച്ചു.
അല്‍ബേനിയയുടെ പൊതു സംഭരണ സംവിധാനം പൂര്‍ണ്ണമായും സുതാര്യവും അഴിമതി രഹിതവുമാക്കാന്‍ ലക്ഷ്യമിട്ട് സെപ്റ്റംബറിലാണ് ഡിയെല്ലയെ (സൂര്യന്‍ എന്നര്‍ത്ഥം) സര്‍ക്കാര്‍ നിയമിച്ചത്. ജനുവരിയില്‍ ഇ-അല്‍ബേനിയ പ്ലാറ്റ്ഫോമില്‍ ഒരു വെര്‍ച്വല്‍ അസിസ്റ്റന്റായി ആദ്യം ആരംഭിച്ച അവര്‍ പൗരന്മാര്‍ക്കും ബിസിനസുകാര്‍ക്കും വിവിധ സര്‍ക്കാര്‍ രേഖകള്‍ നേടാന്‍ സഹായിച്ചുവരികയായിരുന്നു.
പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രം ധരിച്ച ഒരു സ്ത്രീയായാണ് എ.ഐ നിര്‍മ്മിത മന്ത്രിയെ പ്രതിനിധീകരിക്കുന്നത്. പൊതു ടെന്‍ഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള ഉത്തരവാദിത്തം ഡിയെല്ലയ്ക്ക് നല്‍കിയിട്ടുണ്ട്. സംവിധാനത്തെ 100 ശതമാനം അഴിമതി രഹിതമാക്കുന്നതിനാണിത്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ അത് തികച്ചും സുതാര്യമാക്കും.
മനുഷ്യനല്ലാത്ത ഒരു എഐ മന്ത്രിയെ ഔദ്യോഗികമായി നിയമിക്കുന്ന ആദ്യത്തെ രാജ്യമാണ് അല്‍ബേനിയ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായുള്ള ഒരു മന്ത്രിയില്‍നിന്ന് വ്യത്യസ്തമായി ഡിയെല്ല ഒരു എഐ സംവിധാനമാണ്. പൂര്‍ണ്ണമായും കോഡും പിക്‌സലുകളും കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണത്.
Content Highlights: Albania`s AI-generated minister, Diella, is expecting 83 AI assistants for its parliament members, aiming for transparent public procurement and corruption-free governance.
Published: 27 Oct 2025, 09:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented