ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് എഐ മോഡലായ Qwen4-Max പുറത്തിറക്കി അലിബാബ ഗ്രൂപ്പ്. കോഡിങ്, സൈബർ സുരക്ഷ, ശാസ്ത്രീയ ഗവേഷണം എന്നിവയിൽ കാര്യമായ മുന്നേറ്റം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ മോഡലെന്ന് ചൈനീസ് ടെക് ഭീമൻ അവകാശപ്പെടുന്നു. യു.എസ് എഐ കമ്പനികളായ ആന്ത്രോപിക്, ഓപ്പൺഎഐ തുടങ്ങിയവയ്ക്ക് ചൈനീസ് എഐ കമ്പനികൾ ശക്തമായ വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് നീക്കം.

To advertise here,

ഇത്തവണ ഓപ്പൺ സോഴ്‌സ് അല്ല

അലിബാബയുടെ മുൻകാല പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി Qwen4-Max ഒരു ക്ലോസ്ഡ്-സോഴ്‌സ് മോഡലാണ്. അതായത് ഡെവലപ്പർമാർക്ക് ഇതിന്റെ അടിസ്ഥാന വെയ്റ്റുകൾ ഡൗൺലോഡ് ചെയ്യാനും സ്വതന്ത്രമായി പ്രവർത്തിപ്പിക്കാനും കഴിയില്ല. എന്നിരുന്നാലും Qwen4 കുടുംബത്തിലെ ചെറിയ മോഡലുകൾ ഓപ്പൺ സോഴ്‌സായി പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.

അലിബാബയുടെ പുതിയ Qwen4 ആർക്കിടെക്ചറിലാണ് Qwen4-Max നിർമ്മിച്ചിരിക്കുന്നത്. ഇതിന് 2.4-ട്രില്യൺ-പരാമീറ്റർ ബാക്ക്‌ബോൺ ഉണ്ട്. കമ്പ്യൂട്ടിങ് ശേഷി ആവശ്യകതകൾ കുറഞ്ഞ തോതിൽ നിലനിർത്തിക്കൊണ്ട് വലിയ ജോലികൾ കൈകാര്യം ചെയ്യാൻ ഇതിന് സാധിക്കുമെന്ന് കമ്പനി പറയുന്നു.

ചെലവ് കുറവ്

മുൻഗാമിയായ Qwen3.8-മാക്‌സിനേക്കാൾ കാര്യക്ഷമമാണ് Qwen4-മാക്‌സ് എന്ന് അലിബാബ അവകാശപ്പെടുന്നു. വർക്ക്360 (Work360) ബെഞ്ച്മാർക്കിൽ 35 ശതമാനം വരെ കുറവ് ടോക്കണുകളും ടെർമിനൽ-ബെഞ്ച് 4.0-ൽ (Terminal-Bench 4.0) 49 ശതമാനം കുറവ് ടോക്കണുകളുമാണ് ഇത് ഉപയോഗിക്കുന്നത്. വർക്ക്360-ൽ ഓരോ ജോലിക്കും വരുന്ന ശരാശരി ചെലവ് 4.43 ഡോളറിൽ നിന്ന് 1.67 ഡോളറായി അതായത് 62 ശതമാനം കുറഞ്ഞതായും കമ്പനി റിപ്പോർട്ട് ചെയ്യുന്നു.

എത്രത്തോളം മികച്ചതാണ്

പതിവുപോലെ അലിബാബ Qwen4-മാക്‌സിനെ ഒപ്പൻഎഐയുടെ ജി.പി.ടി-6.1-സോൾ (GPT-6.1-Sol), ജി.പി.ടി-6 ആസ്ട്രാ (GPT-6 Astra), ആന്ത്രോപിക് ഒപസ് 5.5 (Opus 5.5), കിമി കെ3.1 (Kimi K3.1) തുടങ്ങിയ പ്രമുഖ മോഡലുകളുമായി വിവിധ ബെഞ്ച്മാർക്കുകളിൽ താരതമ്യം ചെയ്തിട്ടുണ്ട്. കോഡിങ്ങിൽ കമ്പനി നടത്തിയ പരിശോധന പ്രകാരം DeepSWE v1.1- ൽ Qwen4-മാക്‌സ് 75.7 സ്‌കോർ നേടി, അതേസമയം ഓപസ് 5.5-ന് 74.2 ഉം ജി.പി.ടി-6.1-സോളിന് 75.2 ഉം ആണ് ലഭിച്ചത്.

സൈബർ സുരക്ഷാ മികവ്

സൈബർ സുരക്ഷാ ജോലികൾ കൈകാര്യം ചെയ്യാൻ Qwen4-മാക്‌സ് കൂടുതൽ സജ്ജമാണെന്ന് അലിബാബ പറയുന്നു. സോഫ്റ്റ്‌വെയറിലെ തകരാറുകൾ കണ്ടെത്താനും അവ പരിഹരിക്കാനുള്ള വഴികൾ നിർദ്ദേശിക്കാനും ഇതിന് കഴിയും. അതേസമയം സൈബർ ആക്രമണങ്ങൾ നടത്താൻ ആരെയെങ്കിലും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നത് ഇത് തടയുകയും ചെയ്യും. രാസ, ജൈവ, ആണവ ഭീഷണികൾ പോലെയുള്ള മേഖലകളിൽ മോഡൽ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ കമ്പനി സുരക്ഷാ മുൻകരുതലുകളും ചേർത്തിട്ടുണ്ട്.