36 മണിക്കൂർ നീണ്ടുനിന്ന സാങ്കേതിക തകരാറിൽ നിന്ന് കരകയറുന്നതിനിടെ മൈക്രോസോഫ്റ്റ് പുതിയൊരു പ്രതിസന്ധി നേരിടുകയാണ്. അടുത്തിടെ മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലുണ്ടായ തടസ്സം മുതലെടുത്ത് ഉപയോക്താക്കളെ കബളിപ്പിക്കാൻ ഹാക്കർമാർ ഫിഷിങ് ആക്രമണം നടത്തുന്നതായി കമ്പനി മുന്നറിയിപ്പ് നൽകി. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ തട്ടിയെടുക്കുകയാണ് ആക്രമണകാരികളുടെ ലക്ഷ്യം.

To advertise here,

ഫിഷിങ് ആക്രമണം എങ്ങനെ?

മൈക്രോസോഫ്റ്റ് ത്രെറ്റ് ഇന്റലിജൻസ് വിഭാഗം എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ സൈബർ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സേവന തടസ്സത്തിനിടെ ലഭിക്കാതെ പോയ ഇമെയിലുകൾ ഉടൻ ഡിലീറ്റ് ചെയ്യപ്പെടുമെന്നും അവ വീണ്ടെടുക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് വ്യാജ സന്ദേശങ്ങളിലൂടെ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്. എന്നാൽ ഇവ മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക അറിയിപ്പുകളല്ല. സേവന തടസ്സത്തെ തുടർന്നുണ്ടായ ആശയക്കുഴപ്പം മുതലെടുത്തുള്ള തട്ടിപ്പുകളാണിവ. ഉപയോക്താക്കളിൽ അടിയന്തര സാഹചര്യം സൃഷ്ടിച്ച്, സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാതെ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ഹാക്കർമാർ ചെയ്യുന്നത്.

Outage എന്ന് തുടങ്ങി ആറ് കാരക്ടറുകൾ അടങ്ങിയ കോഡ് എന്നിവ ഉൾപ്പെടുത്തിയുള്ള സബ്ജക്ട് ലൈനിലാണ് ഈ വ്യാജ ഇമെയിലുകൾ എത്തുന്നത്. സർവീസ് നോട്ടിഫിക്കേഷനുകളെ അനുകരിക്കുന്ന തരത്തിലാണ് അയച്ചയാളുടെ പേരും ക്രമീകരിച്ചിരിക്കുന്നത്. സ്ഥാപനത്തിന്റെ പേരിനൊപ്പം "Outage Notification", "Service Health" തുടങ്ങിയ വാക്കുകളും ഉപയോഗിക്കുന്നുണ്ട്.

അമേരിക്കയിലെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങളെയാണ് ഈ ആക്രമണം പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് റിപ്പോർ‍ട്ടുകൾ. എന്നാൽ മറ്റിടങ്ങളിലും സമാനമായ നീക്കങ്ങളുണ്ടായേക്കാം. ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണിതെന്നാണ് കമ്പനി വിലയിരുത്തുന്നത്.

മുൻകരുതൽ എങ്ങനെ?

  • സംശയാസ്പദമായ ഇമെയിലുകൾ കണ്ടെത്താനും അവയിലെ ലിങ്കുകൾ പരിശോധിക്കാനും മൈക്രോസോഫ്റ്റ് ഡിഫൻഡർ ഫോർ ഓഫീസ് 365-ലെ Threat Explorer, Defender XDR Advanced Hunting സംവിധാനങ്ങൾ ഉപയോഗിക്കാൻ കമ്പനി സുരക്ഷാ ടീമുകളോട് നിർദേശിച്ചിട്ടുണ്ട്.
  • കൂടാതെ, അപകടകരമായ വെബ് ലിങ്കുകളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന Safe Links സംവിധാനം ശരിയായ രീതിയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മൈക്രോസോഫ്റ്റ് നിർദേശിക്കുന്നു. സംശയാസ്പദമായ ഇമെയിലുകളിൽ ക്ലിക്ക് ചെയ്തിട്ടുണ്ടോ എന്നതും സ്ഥാപനങ്ങൾ പരിശോധിക്കണം.
  • അപ്രതീക്ഷിതമായി ലഭിക്കുന്ന ഔട്ടേജ് അറിയിപ്പുകളിൽ വിശ്വസിച്ച് ഇമെയിലുകൾ വീണ്ടെടുക്കാനോ മറ്റ് അടിയന്തര നടപടികൾ സ്വീകരിക്കാനോ ആവശ്യപ്പെടുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രധാന മുന്നറിയിപ്പ്.
  • സേവന തടസ്സങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ സംശയാസ്പദമായ ഇമെയിലുകളിലെ ലിങ്കുകൾ ഉപയോഗിക്കുന്നതിന് പകരം Microsoft 365 Admin Centre നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ പരിശോധിക്കണം.