വിവിധ സേവനങ്ങളെ ബാധിച്ച ആഗോള തടസം ഒടുവിൽ പരിഹരിച്ച് മൈക്രോസോഫ്റ്റ്. Outlook, Teams, Copilot എന്നിവയുൾപ്പെടെയുള്ള Microosft 365 സേവനങ്ങളിലേക്കുള്ള ആക്സസ് കമ്പനി പുനഃസ്ഥാപിച്ചു. 36 മണിക്കൂറിലധികം നീണ്ടുനിന്ന ആഗോള തടസ്സത്തിനാണ് മൈക്രോസോഫ്റ്റ് ഒടുവിൽ പരിഹാരം കണ്ടത്.

To advertise here,

സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയകരമായി പൂർത്തിയായതായി ശനിയാഴ്ച കമ്പനി അറിയിച്ചു. ജോലിസ്ഥലത്തെ വിവിധ ടൂളുകൾ, ഇമെയിലുകൾ, മറ്റ് സേവനങ്ങൾ എന്നിവ ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടിയ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ് കമ്പനിയുടെ പ്രഖ്യാപനം.

70-ലധികം രാജ്യങ്ങളെ ബാധിക്കുകയും വിവിധ ബിസിനസുകളെയും സർക്കാർ സ്ഥാപനങ്ങളെയും വ്യക്തിഗത ഉപയോക്താക്കളെയും ഒരുപോലെ ഉലയ്ക്കുകയും ചെയ്ത പ്രശ്‌നത്തിനാണ് ഒടുവിൽ പരിഹാരമായിരിക്കുന്നത്. Outlook, Teams, Copilot എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ഇനി ഈ തടസം ബാധിക്കില്ലെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങളും ഇമെയിൽ ബാക്‌ലോഗുകളും കമ്പനി തുടർന്നും നിരീക്ഷിച്ചുവരുന്നുണ്ട്. തടസ്സമുണ്ടായതിൽ മാപ്പ് ചോദിച്ച കമ്പനി എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന വിശദമായ റിപ്പോർട്ട് പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബർ 12 വ്യാഴാഴ്ചയാണ് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ തടസ്സം നേരിട്ട് തുടങ്ങിയത്. Outlook, Teams, Copilot, SharePoint, Planner, To Do എന്നിവയും മറ്റ് ജോലിസ്ഥലത്തെ ആപ്ലിക്കേഷനുകളും ഉൾപ്പെടെയുള്ള നിരവധി Microosft 365 സേവനങ്ങളിലേക്ക് ഈ തടസ്സം വേഗത്തിൽ വ്യാപിച്ചു.

ടീംസിലെ പ്രധാന സന്ദേശവിനിമയങ്ങളും ഓൺലൈൻ മീറ്റിംഗുകളും സാധാരണപോലെ തുടർന്നുവെങ്കിലും, കലണ്ടറുകളും മീറ്റിംഗ് ഷെഡ്യൂളിംഗും ഉൾപ്പെടെയുള്ള ഫീച്ചറുകൾ തടസ്സപ്പെട്ടു. കോപൈലറ്റ് (Copilot) ഉപയോക്താക്കളും ചാറ്റുകൾ ലോഡുചെയ്യുന്നതിലും ഇമെയിലുകൾ, കലണ്ടറുകൾ, ഫയലുകൾ തുടങ്ങിയ ജോലി സംബന്ധമായ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിലും ബുദ്ധിമുട്ടുകൾ നേരിട്ടു.

നെറ്റ്‌വർക്ക് കപ്പാസിറ്റി അപ്ഗ്രേഡുമായി ബന്ധപ്പെട്ടതും, പിന്നീട് വന്ന ഒരു നെറ്റ്‌വർക്ക് മാറ്റത്തിന് ശേഷം പ്രകടമായതുമായ ഒരു സാങ്കേതിക പ്രശ്‌നമാണ് ഈ സംഭവത്തിന് കാരണമെന്ന് മൈക്രോസോഫ്റ്റ് കണ്ടെത്തി. സൈബർ ആക്രമണമോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റോ അല്ല കാരണമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.