നിര്‍മിതബുദ്ധിയുടെ രംഗത്തെ (എഐ) മുന്നേറ്റത്തെ 'ഇന്‍ഡസ്ട്രിയല്‍ ബബിള്‍' എന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ് വിശേഷിപ്പിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍. എഐ സാങ്കേതികവിദ്യയുടെ ചില ഭാഗങ്ങള്‍ തീര്‍ച്ചയായും ഒരു 'കുമിള' പോലെയാണെന്ന് ഓപ്പണ്‍എഐ-യുടെ ഡെവലപ്പര്‍ ഡേയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. 'കുമിളയെക്കുറിച്ച് പ്രതികരിക്കാന്‍ സമ്മര്‍ദമുണ്ടാകുമെന്ന് എനിക്കറിയാം. വാസ്തവത്തില്‍ എഐയുടെ പല വശങ്ങളും ഒരു കുമിളയുടെ സ്വഭാവത്തിലാണെന്ന് ഞാന്‍ കരുതുന്നു' -ആള്‍ട്ട്മാന്‍ പറഞ്ഞു.

To advertise here,

ഊഹക്കച്ചവടത്തിലൂടെ കമ്പനികളുടെ ഓഹരികള്‍ പോലുള്ള ആസ്തികളുടെ മൂല്യം അവയുടെ യഥാര്‍ത്ഥ വിലയേക്കാള്‍ വളരെ ഉയര്‍ത്തുന്ന ഒരു വിപണി ഘട്ടത്തെയാണ് ബബിള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. നിലനില്‍ക്കാനാവാത്ത ഈ വളര്‍ച്ച ഒടുവില്‍ കുമിള പൊട്ടുന്നതിലാണ് അവസാനിക്കുക. 2000-ല്‍ഇന്റര്‍നെറ്റ് കമ്പനികളുടെ പെരുപ്പിച്ചുകാട്ടിയ മൂല്യം ഇത്തരത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു.

ആഗോള ഓഹരി വിപണിയെ എഐ ബബിള്‍ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ജെപി മോര്‍ഗന്റെ ചെയര്‍മാനും സിഇഒയുമായ ജെയ്മി ഡിമോണും അടുത്തിടെ നല്‍കിയിരുന്നു. ചില നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും, മറ്റുള്ളവരേക്കാള്‍ തനിക്ക് അതില്‍ കൂടുതല്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

500 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പാണ് ആള്‍ട്ട്മാന്റെ നേതൃത്വത്തിലുള്ള ഓപ്പണ്‍എഐ. എന്നാല്‍ സമീപഭാവിയിലൊന്നും കമ്പനി ലാഭത്തിലാകാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. വാസ്തവത്തില്‍ എഐ കമ്പനികളുടെ കുതിച്ചുയരുന്ന മൂല്യം 'ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിംഗിന്റെ' ഫലമായിരിക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ, അതിന്റെ എതിരാളിയായ എഎംഡി എന്നിവരുമായി ഓപ്പണ്‍എഐ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഭാവിയിലെ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി ടെക് ഭീമനായ ഒറാക്കിളുമായി 300 ബില്യണ്‍ ഡോളറിന്റെ കരാറുമുണ്ട്. ഇതിനെല്ലാം പുറമേ, ടെക് ഭീമനായ മൈക്രോസോഫ്റ്റും ഓപ്പണ്‍എഐയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ സങ്കീര്‍ണ്ണമായ സാമ്പത്തിക ക്രമീകരണങ്ങളെല്ലാം ചേര്‍ന്ന് എഐയുടെ യഥാര്‍ത്ഥ ആവശ്യകതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ മറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

'മരുഭൂമികള്‍ പോലുള്ള വിദൂര സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ഭീമാകാരമായ ഡാറ്റാ സെന്ററുകളിലൂടെ നമ്മള്‍ മനുഷ്യനിര്‍മ്മിതമായ ഒരു പുതിയ പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കുകയാണ്. അവ തുരുമ്പെടുക്കുകയും പരിസ്ഥിതിയിലേക്ക് ഹാനികരമായ വസ്തുക്കള്‍ പുറന്തള്ളുകയും ചെയ്യും. നിര്‍മ്മാതാക്കളും നിക്ഷേപകരും എന്നേ പോയിട്ടുണ്ടാകുമെന്നതിനാല്‍ ഇതിന് ആരെയും ഉത്തരവാദികളാക്കാന്‍ കഴിയില്ല,' ആദ്യകാല ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ച ഗോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ജെറി കപ്ലാന്‍ ബിബിസിയോട് പറഞ്ഞു.

ഇറ്റലിയിലെ ടൂറിനില്‍ നടന്ന ഇറ്റാലിയന്‍ ടെക് വീക്ക് 2025-ല്‍ സംസാരിക്കവെയാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ് എഐയെക്കുറിച്ച് പരാമര്‍ശം നടത്തിത്. എല്ലാ വ്യവസായങ്ങളെയും മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു 'ഇന്‍ഡസ്ട്രിയല്‍ ബബിള്‍' എഐ സൃഷ്ടിച്ചിട്ടുണ്ടെന്ന് ബെസോസ് പറഞ്ഞു. അവ അത്ര മോശമല്ല, ചിലപ്പോള്‍ നല്ലതുമാവാം. കോലാഹലങ്ങള്‍ അടങ്ങുമ്പോള്‍ ആരാണ് വിജയികളെന്ന് വ്യക്തമാവുകയും ആ കണ്ടുപിടുത്തങ്ങളില്‍ നിന്ന് സമൂഹത്തിന് പ്രയോജനം ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.