അഡോബി അക്രോബാറ്റ്, അഡോബി എക്‌സ്പ്രസ്, എഐ ഏജന്റുകള്‍ എന്നിവയെ സംയോജിപ്പിച്ച് അഡോബി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. 'അക്രോബാറ്റ് സ്റ്റുഡിയോ' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഉത്പന്നത്തിന്റെ സഹായത്തോടെ പിഡിഎഫ് ഫയലുകളെ എഐയുടെ സഹായത്തോടെ വിവിധ ഫോര്‍മാറ്റുകളിലേക്ക് മാറ്റാനാവും. 

To advertise here,

ഉദാഹരണത്തിന് ദൈര്‍ഘ്യമേറിയ പിഡിഎഫ് ഫയലുകളിലെ സംഗ്രഹം അറിയാനും, അതിലെ പ്രത്യേക ഭാഗങ്ങള്‍ ചോദിച്ചറിയാനും, ഫയലിലെ വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചറിയാനുമെല്ലാം ഈ ടൂള്‍ ഉപയോഗിക്കാം. ഇത് കൂടാതെ പിഡിഎഫ് ഫയലിലെ ഡേറ്റയെ അടിസ്ഥാനമാക്കി ഇന്‍ഫോ ഗ്രാഫിക്കുകള്‍ നിര്‍മിക്കാനും പ്രസന്റേഷനുകളുണ്ടാക്കാനും അക്രോബാറ്റ് സ്റ്റുഡിയോ ഉപയോഗിക്കാം. 

ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഫയലുകളെ റിപ്പോര്‍ട്ടുകളാക്കി മാറ്റാനും മറ്റ് ആപ്പുകളെ ആശ്രയിക്കാതെ തന്നെ ഇന്‍ഫോഗ്രാഫിക്കുകള്‍ നിര്‍മിക്കാനുമെല്ലാം അക്രോബാറ്റ് സ്റ്റുഡിയോ സഹായിക്കും. വിദ്യാര്‍ഥികള്‍ക്കും പഠനാവശ്യങ്ങള്‍ക്കായി ഈ ടൂള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. 

ഇതിലെ പിഡിഎഫ് സ്‌പേസ് എന്ന ഫീച്ചര്‍ ഉപയോഗിച്ച് പിഡിഎഫുകളും വെബ് പേജുകളും വായിക്കാനും വിശകലനം ചെയ്യാനും അവയെ വിവിധ എഐ ഏജന്റുകളുടെ സഹായത്തോടെ ഇന്‍ഫോഗ്രാഫിക്കുകള്‍, റിപ്പോര്‍ട്ടുകള്‍, പ്രസന്റേഷനുകള്‍ പോലെ വിവിധ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനും സാധിക്കും. 

പിഡിഎഫ് സ്‌പേസസും എഐ അസിസ്റ്റന്റും ഇപ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാം. എന്നാല്‍ സെപ്റ്റംബര്‍ ഒന്ന് വരെ മാത്രമേ സൗജന്യം ലഭിക്കൂ. അതിന് ശേഷം അക്രോബാറ്റ് സ്റ്റുഡിയോയ്ക്ക് പ്രതിമാസം 24.99 ഡോളര്‍ നിരക്കില്‍ വ്യക്തികളില്‍ നിന്നും 29.99 ഡോളര്‍ നിരക്കില്‍ ടീമുകളില്‍ നിന്നും ഇടാക്കും. ഇത് ഇന്ത്യയില്‍ യഥാക്രമം 2177 രൂപ, 2526 രൂപ എന്നിങ്ങനെ വരും. 

എഐയുടെ ശക്തി ഉപയോഗിച്ച് അക്രോബാറ്റ് സ്റ്റുഡിയോ ഡോക്യുമെന്റ് മാനേജ്‌മെന്റിനെ ലളിതവും കാര്യക്ഷമവുമാക്കുന്നു. പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ പ്ലാറ്റ്‌ഫോം, ഡിജിറ്റല്‍ ഡോക്യുമെന്റ് പ്രോസസിംഗിന്റെ ഭാവി രൂപപ്പെടുത്തുകയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്, അഡോബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക!