ഇന്നത്തെ ഒരു സാധാരണ സ്മാര്ട്ട്ഫോണിന്റെശേഷിപോലുമില്ലാത്ത കംപ്യൂട്ടറുകളാണ് അന്നത്തെ ബഹിരാകാശ പേടകങ്ങളെ നിയന്ത്രിച്ചിരുന്നത്.

അറിയാത്തതിനെ തേടാനുള്ള അതിരില്ലാത്ത ആകാംക്ഷ നമ്മുടെ ജീനിന്റെതന്നെ ഭാഗമായിരിക്കണം. ജീവൻ പണയംവെച്ചും മനുഷ്യൻ അജ്ഞാതമായ പുതിയ ലോകങ്ങൾ തേടിപ്പോയി, പുതിയ ഭൂഖണ്ഡങ്ങൾ കണ്ടെത്തുകയും സമുദ്രങ്ങൾ കടക്കുകയും ഒടുവിൽ ബഹിരാകാശത്തിലേക്കു യാത്രചെയ്യുകയും ചെയ്തു. ഭൂമിക്കുപുറത്ത് മനുഷ്യന്റെ ഭാവി സുരക്ഷിതമാക്കുക, പ്രപഞ്ചരഹസ്യങ്ങൾ ചുരുളഴിക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളും ഇതിനുപിന്നിലുണ്ട്. നാസയുടെ (NASA) പുതിയ ചാന്ദ്ര പര്യവേക്ഷണപദ്ധതിയായ 'ആർട്ടെമിസ്' (Artemis) ഈ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവെപ്പാണ്.
അപ്പോളോ: അപകടം പിടിച്ച ഒരു ദൗത്യം
1969-ൽ നടന്ന Apollo 11 മനുഷ്യരെ ആദ്യമായി ചന്ദ്രനിൽ എത്തിച്ചു. അപ്പോളോ ദൗത്യങ്ങളെ ഇന്നത്തെ ശാസ്ത്രലോകം തിരിഞ്ഞുനോക്കുമ്പോൾ, അതൊരു 'ആത്മഹത്യാ ദൗത്യത്തിന്' (suicide mission) തുല്യമായിരുന്നു എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. അത്രമാത്രം പരിമിതമായ അറിവുകളും സാങ്കേതികവിദ്യയുംവെച്ചാണ് മനുഷ്യൻ അന്ന് ചന്ദ്രനിലേക്കുപോയത്. സൂര്യനിൽ നിന്നുള്ള മാരകമായ ബഹിരാകാശ റേഡിയേഷനെക്കുറിച്ചോ (Space radiation), അപ്രതീക്ഷിതമായി സംഭവിക്കാവുന്ന സോളാർ ഫ്‌ളെയറുകളെക്കുറിച്ചോ അന്ന് ശാസ്ത്രജ്ഞർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. ബഹിരാകാശത്തെ കാന്തികക്ഷേത്രത്തിന് പുറത്ത് ദീർഘകാലം മനുഷ്യശരീരം എങ്ങനെ പ്രതികരിക്കുമെന്നും അവർക്കറിയില്ലായിരുന്നു.
ഇന്നത്തെ ഒരു സാധാരണ സ്മാർട്ട്‌ഫോണിന്റെശേഷിപോലുമില്ലാത്ത കംപ്യൂട്ടറുകളാണ് അന്നത്തെ ബഹിരാകാശ പേടകങ്ങളെ നിയന്ത്രിച്ചിരുന്നത്. സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധകാലത്തെ രാഷ്ട്രീയ മത്സരമായിരുന്നു അന്ന് അമേരിക്കയുടെ ഏറ്റവും വലിയ പ്രേരകശക്തി. അതുകൊണ്ടുതന്നെ ശാസ്ത്രീയമായ സുരക്ഷയെക്കാൾ, എങ്ങനെയെങ്കിലും ചന്ദ്രനിൽ ആദ്യം എത്തുക എന്നതിനായിരുന്നു അവർ മുൻഗണന നൽകിയത്.
ചലഞ്ചറും കൊളംബിയയും പഠിപ്പിച്ച പാഠങ്ങൾ
എന്നാൽ, ഇന്ന് നാസയുടെ പ്രവർത്തന രീതികൾ അടിമുടി മാറി. ഇതിന് പ്രധാന കാരണം സ്പെയ്സ് ഷട്ടിലുകളായ ചലഞ്ചറിന്റെയും (1986), കൊളംബിയയുടെയും (2003) തകർച്ചയും അതിലുണ്ടായ 14 ബഹിരാകാശ സഞ്ചാരികളുടെ ദാരുണാന്ത്യവുമാണ്. മനുഷ്യജീവന് ഭീഷണിയാകുന്ന ഒരു ചെറിയ പിഴവുപോലും ഇന്ന് സമൂഹത്തിനും ഒരു സിവിലിയൻ ഭരണകൂടത്തിനും അംഗീകരിക്കാൻ കഴിയില്ല. പഴയതുപോലെ വലിയ ജീവഹാനിക്ക് സാധ്യതയുള്ള അപകടങ്ങൾ ഏറ്റെടുക്കാൻ അവർ തയ്യാറല്ല.
ഈ സുരക്ഷാ മുൻകരുതലുകൾ തന്നെയാണ് ആർട്ടെമിസ് ദൗത്യം രൂപകല്പന ചെയ്യാനും യാഥാർഥ്യമാക്കാനും ഇത്രയധികം വർഷങ്ങളെടുത്തത്. യാത്രാപേടകമായ ഓറിയോണും (Orion) എസ്.എൽ.എസ്. (SLS) റോക്കറ്റും നിരന്തരം പരീക്ഷണങ്ങൾക്ക് വിധേയമാക്കിയതും ഈ മുൻകാല പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്. കൂടാതെ, അപ്പോളോ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ന് സോളാർ ഫ്‌ളെയറുകളെക്കുറിച്ചുള്ള പ്രവചനങ്ങൾ കൂടുതൽ കൃത്യവും മെച്ചപ്പെട്ടതുമാണ്. ബഹിരാകാശത്തെ ഏത് തലത്തിലുള്ള റേഡിയേഷനെയും ഫലപ്രദമായി കൈകാര്യംചെയ്യാൻ കഴിയുന്ന തരത്തിലുള്ള മികച്ച സാങ്കേതികവിദ്യയാണ് പുതിയ പേടകങ്ങൾക്കും (മൊഡ്യൂളുകൾ) സ്പെയ്സ് സ്യൂട്ടുകൾക്കും നൽകിയിരിക്കുന്നത്. അതിനാൽ, സൂര്യനിൽനിന്നുള്ള അപ്രതീക്ഷിത റേഡിയേഷനുകളെ മുൻകൂട്ടി കാണാനും അതിജീവിക്കാനും ആർട്ടെമിസ് ദൗത്യത്തിന് കഴിയും എന്നാണ് പ്രതീക്ഷ.
അപ്പോളോയിൽനിന്ന് ആർട്ടെമിസ് വരെ
അപ്പോളോദൗത്യം ചന്ദ്രനിൽപ്പോയി പെട്ടെന്ന് തിരിച്ചുവരുക എന്ന ലക്ഷ്യത്തിൽ ഒതുങ്ങിയതായിരുന്നു. എന്നാൽ, ആർട്ടെമിസ് ലക്ഷ്യമിടുന്നത് ചന്ദ്രനിൽ ഒരു സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കാനാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ക്യാമ്പ് നിർമിക്കാനും ചന്ദ്രന്റെ ഭ്രമണപഥത്തിൽ 'ലൂണാർ ഗേറ്റ്വേ' (Lunar Gateway) എന്ന സ്പെയ്സ് സ്റ്റേഷൻ സ്ഥാപിക്കാനും നാസ ലക്ഷ്യമിടുന്നു. കൂടാതെ, ഭാവിയിൽ ചൊവ്വാഗ്രഹത്തിലേക്കുള്ള യാത്രകൾക്ക് ഒരു ഇടത്താവളമായി ചന്ദ്രനെ മാറ്റാനും അവർ ഉദ്ദേശിക്കുന്നു. തുടർച്ചയായ, വർഷങ്ങൾ ഇടവിട്ടുള്ള ഒട്ടേറെ ദൗത്യങ്ങളുടെ ഒരു പരമ്പരയാണ് ആർട്ടെമിസ് പ്രോഗ്രാം. ഇതുവരെയായി അഞ്ച് മിഷനുകളാണ് ഈ പരമ്പരയുടെ ഭാഗമായി നാസ പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും കൂടുതൽ ദൗത്യങ്ങൾ ഉണ്ടാകാനാണ് സാധ്യത.
(അസ്‌ട്രോ ഫിസിക്‌സ് ഗവേഷകനായ ലേഖകൻ ആദിത്യ-എൽ മിഷന്റെ പ്രോജക്ട് സയന്റിസ്റ്റും ഓപ്പറേഷൻസ് മാനേജരുമാണ്. മണിപ്പാൽ സെൻർ ഫോർ നാച്ചുറൽ സയൻസസിൽ അസി. പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു)
Content Highlights: Evolution of NASA's safety protocols following the Challenger and Columbia disasters., Technological advancements in radiation protection and solar flare forecasting for 2026 missions., Transition from short-term Apollo visits to long-term lunar habitation., The role of the Lunar Gateway as a stepping stone for future Mars exploration.
Published: 12 Apr 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented