
ഏപ്രിലിൽ നടന്ന ആർട്ടെമിസ് 2 ദൗത്യത്തിൽ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച സഞ്ചാരികൾ പകർത്തിയ 12,000 പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. പത്തു ദിവസം നീണ്ടുനിന്ന ദൗത്യത്തിനിടെയാണ് ഈ ചിത്രങ്ങളെല്ലാം പകർത്തിയത്. ഏപ്രിൽ ഒന്നിനായിരുന്നു ആർട്ടെമിസ് 2 ദൗത്യത്തിന്റെ വിക്ഷേപണം. ഏപ്രിൽ ആറിന് പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തുകയും ഏപ്രിൽ പത്തിന് സഞ്ചാരികൾ സുരക്ഷിതമായി ഭൂമിയിൽ വന്നിറങ്ങുകയും ചെയ്തു.
ഗേറ്റ് വേ റ്റു ആസ്ട്രനോട്ട് ഫോട്ടോഗ്രഫി ഓഫ് എർത്ത് എന്ന വെബ്സൈറ്റിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇന്റഗ്രിറ്റി എന്ന് വിളിക്കുന്ന ഓറിയോൺ ബഹിരാകാശ പേടകത്തിന്റെ ഉൾവശത്തെ ചിത്രങ്ങളും ഇതിലുണ്ട്. നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസെൻ എന്നിവരായിരുന്നു പേടകത്തിലുണ്ടായിരുന്നത്.
ചിത്രങ്ങൾ പരിശോധിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://eol.jsc.nasa.gov/
12,000 ചിത്രങ്ങൾ കാണാനാവുമെങ്കിലും ഇവയുടെ ഫോട്ടോഗ്രാഫർ ആരാണെന്നോ ചിത്രത്തിന്റെ സവിശേഷത എന്താണെന്നോ ഉള്ള വിശദീകരണങ്ങളൊന്നും ലഭ്യമല്ല. ഇന്റഗ്രിറ്റി പേടകത്തിലെ ക്യാമറകളിൽ ഉപയോഗിച്ച എസ്ഡി കാർഡുകളിൽനിന്ന് നേരിട്ടെടുത്ത ചിത്രങ്ങളാണ് ഇവയെല്ലാം. രണ്ട് നിക്കോൺ ഡി5 ക്യാമറകളും ഒരു നിക്കോൺ സീ9 ക്യാമറയും വ്യത്യസ്തങ്ങളായ സൂം, വൈഡ് ആംഗിൾ ലെൻസുകളുമാണ് ചിത്രങ്ങൾ എടുക്കുന്നതിനായി പേടകത്തിൽ സജ്ജീകരിച്ചിരുന്നത്. ഐഫോണുകളും ഗോപ്രോ ആക്ഷൻ ക്യാമറകളും സഞ്ചാരികൾ ഉപയോഗിച്ചിരുന്നു.
ആർട്ടെമിസ് 3 ദൗത്യം എപ്പോൾ?
ഘട്ടം ഘട്ടമായി ചന്ദ്രനിൽ മനുഷ്യരെ തിരികെ എത്തിക്കാനും ചന്ദ്രനിൽ മനുഷ്യരുടെ സ്ഥിരവാസം സാധ്യമാക്കുന്ന ലാബ് നിർമിക്കാനുമാണ് നാസ ലക്ഷ്യമിടുന്നത്. നിലവിലെ പദ്ധതി അനുസരിച്ചാണെങ്കിൽ ആർട്ടെമിസ് 3 വിക്ഷേപണം 2027-ൽ നടക്കേണ്ടതാണ്. സ്പേസ് എക്സിന്റെയോ ബ്ലൂ ഒറിജിന്റെയോ ലൂണാർ ലാൻഡർ പേടകത്തിന്റെ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽവെച്ചുള്ള ഡോക്കിങ് പരീക്ഷണമായിരിക്കും ഈ ദൗത്യത്തിൽ.
2028-ലോ 2029-ലോ നടന്നേക്കാവുന്ന ആർട്ടെമിസ് 4 ദൗത്യത്തിലാണ് മനുഷ്യർ ചന്ദ്രനിൽ ഇറങ്ങുക. പിന്നാലെ വരുന്ന ദൗത്യങ്ങളിലെല്ലാം ഉദ്ദേശ്യലക്ഷ്യങ്ങൾ വിപുലീകരിക്കപ്പെടുകയും ഒടുവിൽ ചന്ദ്രനിൽ യുഎസിന്റെ ഒരു താവളം സ്ഥാപിക്കുന്നതിൽ അവസാനിക്കുകയും ചെയ്യും.
Content Highlights: NASA has released over 12,000 raw images captured by the Artemis 2 crew during their 10-day lunar orbit mission, providing unprecedented views of Earth, the Moon, and the interior of the Orion spacecraft.
Published: 12 May 2026, 05:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented