ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തെ പ്രതിസന്ധിയിലാക്കി ചൈനീസ് സാങ്കേതികവിദ്യയുടെ ഉപയോഗം. റോയൽ മറൈൻസ് ഉപയോഗിക്കുന്ന ഡ്രോണുകളിൽ ഘടിപ്പിച്ചിരുന്ന ക്യാമറകൾ ഒരു ചൈനീസ് ഐപി വിലാസത്തിലേക്ക് ഡാറ്റ കൈമാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണിത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം (MoD) ഇതോടെ ആ ക്യാമറകളിലെ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചതായി 'ദി ഡെയിലി ടെലിഗ്രാഫ്' റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

കെ3 സ്‌കൗട്ട് (K3 Scout) എന്ന നിരീക്ഷണ ഡ്രോണിൽ ഉപയോഗിച്ചിരുന്ന ക്യാമറയാണ് തലവേദന സൃഷ്ടിച്ചത്. ഡ്രോണിന്റെ ഘടകങ്ങൾ പ്രതിരോധ കരാറുകാരായ ക്രാക്കൻ ടെക്‌നോളജി ഗ്രൂപ്പാണ് വാങ്ങിയത്. ഡ്രോണിലെ ക്യാമറകൾ ചൈനയിൽ നിർമ്മിച്ചതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്യാമറകൾ ഒരു ചൈനീസ് ഐപി വിലാസവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം കണ്ടെത്തുകയും തുടർന്ന് അവയുടെ ഇന്റർനെറ്റ് കണക്റ്റിവിറ്റി വിച്ഛേദിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഉപകരണം പ്രവർത്തനക്ഷമമാണെന്നും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സൂചിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സിഗ്‌നലുകളായ 'ഹാർട്ട്ബീറ്റ് കമ്മ്യൂണിക്കേഷൻസ്' ക്യാമറകൾ അയക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത് എന്നാണ് വിവരം. അതിനിടെ, ഡാറ്റയോ സിസ്റ്റങ്ങളോ ആക്‌സസ് ചെയ്യപ്പെട്ടതായോ സുപ്രധാന വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതായോ കണ്ടെത്തിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നു.

റോയൽ നേവി ഉപയോഗിക്കുന്ന ക്രാക്കൻ കപ്പലിന്റെ സബ്-സിസ്റ്റത്തെ ബാധിക്കുന്ന ഒരു പ്രശ്‌നം പതിവ് സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക ഉപകരണങ്ങൾ, നെറ്റ്‌വർക്കുകൾ, ഡാറ്റ എന്നിവയുടെ സുരക്ഷ അതീവ ഗൗരവമായാണ്' കാണുന്നത്. സുരക്ഷാ വീഴ്ചകൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയുന്ന തരത്തിലാണ് യുകെയുടെ പരിശോധനാ നടപടിക്രമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വക്താവ് പറയുന്നു.