ലഡാക്കിലെ 13,629 അടി ഉയരത്തിലുള്ള ന്യോമ വ്യോമത്താവളത്തിൽ ഐ.എൽ-76 എം.ഡി (IL-76MD) ഹെവി ലിഫ്റ്റ് ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് വിജയകരമായി ഇറക്കി ഇന്ത്യൻ വ്യോമസേന (IAF).

To advertise here,

വളരെ ഉയർന്ന പ്രദേശത്തുള്ള വ്യോമത്താവളത്തിൽ ഇറങ്ങുന്ന വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചുകൊണ്ട് എക്‌സ് (X) പോസ്റ്റിലൂടെയാണ് വ്യോമസേന ഈ നേട്ടം പുറംലോകത്തെ അറിയിച്ചത്. ഒരു ഐ.എൽ-76 എം.ഡി വിമാനം ഇറക്കുന്ന ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന പ്രദേശമാണിതെന്ന് സേന വ്യക്തമാക്കി. ഈ ദൗത്യത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ കഴിവിനെയും കൃത്യതയെയും പ്രൊഫഷണലിസത്തെയും സേന പ്രശംസിച്ചു. ഇന്ത്യയുടെ തന്ത്രപരമായ വ്യോമഗതാഗത ശേഷിയെ ഈ നേട്ടം കൂടുതൽ ശക്തിപ്പെടുത്തും.

പ്രാധാന്യമെന്ത്?

ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയോട് (LAC) വളരെ അടുത്താണ് കിഴക്കൻ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന ന്യോമ.അതിനാൽ തന്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ് ഈ നേട്ടം. ഇവിടെ വിമാനം ഇക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. അതിനാൽ ഈ വിജയകരമായ ലാൻഡിങ് വളരെ പ്രധാനപ്പെട്ടതാണെന്ന് സേന പറയുന്നു.

സൈനികരെയും ഉപകരണങ്ങളും ചരക്കും വഹിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള റഷ്യൻ നിർമ്മിത നാല് എഞ്ചിൻ ഉള്ള വിമാനമാണ് ഐ.എൽ-76 എം.ഡി (IL-76MD). വിദൂരവും തന്ത്രപരവുമായ സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥരെയും അവശ്യ സാധനങ്ങളും എത്തിക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു.