ന്യൂഡൽഹി: പാക് സൈന്യവുമായി കരാറൊപ്പിടുന്നതിന് മുൻപ് ട്രംപിന്റെ കുടുംബത്തിന് ബന്ധമുള്ള യു.എസ്. ഡ്രോൺ നിർമാണ കമ്പനിയായ 'പവർഅസ്' ഇന്ത്യൻ പ്രതിരോധ കമ്പനിയായ പരസ് ഡിഫൻസുമായി കരാറൊപ്പിട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ. ശത്രു ഡ്രോണുകളെ പ്രതിരോധിക്കുന്ന 'ഗാർഡിയൻ-1' ഇന്റർസെപ്റ്റർ സിസ്റ്റം ഇന്ത്യയിൽ നിർമിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായാണ് കമ്പനി കരാറിലേർപ്പെട്ടത്. ഇന്ത്യയ്ക്കും പാകിസ്താനും ഒരേ വിദേശ സൈനിക സാങ്കേതികവിദ്യ വിതരണക്കാരുമായി കരാറുള്ള അപൂർവ സാഹചര്യങ്ങളിലൊന്നാണിത്.
കഴിഞ്ഞ ജൂണിലാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജിയുമായി പവർഅസ് കരാറിലെത്തിയത്. ഈ കരാർ പ്രകാരം ഗാർഡിയൻ-1 ഡ്രോൺ വിരുദ്ധ സംവിധാനം ഇന്ത്യയിൽ നിർമിക്കാനും വിൽക്കാനുമുള്ള ലൈസൻസ് അവകാശം പരസ് ഡിഫൻസിന് ലഭിക്കും. ഇതിനു പകരമായി മുൻകൂർ ലൈസൻസ് ഫീസും ഇന്ത്യയിലെ വിൽപനയിൽനിന്നുള്ള ലാഭത്തിന്റെ ഒരു പങ്കും പരസ് ഡിഫൻസ് പവർഅസിന് നൽകണമെന്നായിരുന്നു ധാരണ.
ശത്രുക്കളുടെ ഡ്രോണുകളെ വേഗത്തിൽ കണ്ടെത്തി നിർവീര്യമാക്കാൻ ശേഷിയുള്ള ഹൈ-സ്പീഡ് പ്രതിരോധ സംവിധാനമാണ് ഗാർഡിയൻ-1. റഷ്യ-യുക്രൈൻ, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളിൽ വൻതോതിൽ ഉപയോഗിക്കപ്പെട്ട ഇറാനിയൻ ഷാഹെദ്, ഗെരാൻ ഡ്രോണുകളെ പ്രതിരോധിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ് ഇത്.
കഴിഞ്ഞ വർഷം ഇന്ത്യയുമായുണ്ടായ സൈനിക സംഘർഷം ഡ്രോൺ ശേഷി വർധിപ്പിക്കാൻ പാകിസ്താനെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം സെപ്റ്റംബർ 16-നാണ് പവർഅസ് കമ്പനി പാക് സൈന്യവുമായി തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. സൈന്യത്തിന് ആവശ്യമായ ഡ്രോണുകൾക്കായി ആദ്യ ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു. എന്നാൽ എത്ര മൂല്യം വരുന്ന ഓർഡറാണ് ലഭിച്ചതെന്നോ ഏതുതരം സംവിധാനങ്ങളാണ് കൈമാറുകയെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പ്രതിരോധ ഉപകരണങ്ങൾ വാങ്ങൽ, ഉത്പാദനം, ശേഷി വർധിപ്പിക്കൽ എന്നിവ പവർഅസ് കമ്പനിയുമായുള്ള ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പാക് സൈന്യം അറിയിച്ചിരുന്നു.
യു.എസ്. സൈനിക ഉദ്യോഗസ്ഥരായിരുന്ന ആൻഡ്രൂ ഫോക്‌സ്, ബ്രെറ്റ് വെലികോവിച്ച് എന്നിവർ ചേർന്ന് 2025-ലാണ് പവർഅസ് സ്ഥാപിച്ചത്. നാസ്ഡാക് ലിസ്റ്റ് ചെയ്ത ഓറിയസ് ഗ്രീൻവേ ഹോൾഡിങ്‌സ് എന്ന കമ്പനിയുമായി പവർഅസ് ലയിക്കാൻ ഒരുങ്ങുകയാണ്. ഡൊണാൾഡ് ട്രംപിന്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവരുടെ അമേരിക്കൻ വെഞ്ചേഴ്‌സ് എന്ന ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് ഓറിയസ് ഗ്രീൻവേയിൽ നിക്ഷേപ പങ്കാളിത്തമുണ്ട്.
Content Highlights: PowerUs partnered with India's Paras Defence to manufacture and market the Guardian-1 anti-drone system in India., The Guardian-1 is a high-speed defense system designed to neutralize enemy drones, similar to those used in the Russia-Ukraine and Middle East conflicts., PowerUs also signed a strategic MoU with the Pakistan army for drone supplies., PowerUs was founded in 2025 by US military officials Andrew Fox and Brett Velicovich, with investment ties to Donald Trump's family.
Published: 22 Sept 2026, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented