
ഓപ്പൺ എഐ (OpenAI), ആന്ത്രോപിക്ക് (Anthropic) തുടങ്ങിയ മുൻനിര അമേരിക്കൻ കമ്പനികൾ വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളുടെ ഡാറ്റ ഉപയോഗിച്ച് ചൈന സ്വന്തം സൈനിക, പ്രതിരോധ എഐ സംവിധാനങ്ങൾക്ക് പരിശീലനം നൽകുന്നതായി റിപ്പോർട്ട്. 80-ലധികം ചൈനീസ് അക്കാദമിക് പ്രബന്ധങ്ങളും പേറ്റന്റുകളും പരിശോധിച്ച് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് (Reuters) ഈ നിർണായക വിവരം പുറത്തുവിട്ടത്.
അത്യാധുനിക എഐ ചിപ്പുകളും മറ്റ് തന്ത്രപ്രധാന സാങ്കേതികവിദ്യകളും ചൈനയുടെ കൈകളിൽ എത്താതിരിക്കാൻ അമേരിക്ക കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് സ്വന്തം എഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ ചൈന ഈ കുറുക്കുവഴി കണ്ടെത്തിയിരിക്കുന്നത്.
എന്താണ് 'മോഡൽ ഡിസ്റ്റിലേഷൻ' ?
വലിയ കംപ്യൂട്ടിങ് ശേഷിയുള്ള പ്രമുഖ എഐ മോഡലുകളുടെ ഔട്ട്പുട്ടുകൾ ഉപയോഗിച്ച്, പ്രാദേശികമായി വിന്യസിക്കാൻ സാധിക്കുന്ന ചെറുതും സവിശേഷവുമായ എഐ മോഡലുകളെ പരിശീലിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ് 'മോഡൽ ഡിസ്റ്റിലേഷൻ'. വൻകിട എഐ ചിപ്പുകളുടെയോ ഭീമമായ കംപ്യൂട്ടിങ് പവറിന്റെയോ സഹായമില്ലാതെ തന്നെ മികച്ച എഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ ചൈനയെ സഹായിക്കുന്നത് ഈ രീതിയാണ്.
വാഷിങ്ടൺ ആസ്ഥാനമായുള്ള ജെയിംസ്ടൗൺ ഫൗണ്ടേഷനാണ് ഇത് സംബന്ധിച്ച രേഖകൾ ശേഖരിച്ച് റോയിട്ടേഴ്സിന് കൈമാറിയത്. പീപ്പിൾസ് ലിബറേഷൻ ആർമിയുമായും (PLA) മറ്റ് സൈനിക സ്ഥാപനങ്ങളുമായും ബന്ധമുള്ള ചൈനീസ് ഗവേഷകർ ഈ രീതി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
സൈനിക ആവശ്യങ്ങൾക്ക് യുഎസ് മോഡലുകൾ ഉപയോഗിച്ചതെങ്ങനെ?
-
മിലിറ്ററി കോഡിങ്: കഴിഞ്ഞ വർഷം ബെയ്ജിങ്ങിലെ പിഎൽഎ യൂണിറ്റ് 96941 (മിലിറ്ററി ഇന്റലിജൻസ് ആൻഡ് സൈബർ വാർഫെയർ യൂണിറ്റ്) പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ, സുപ്രധാന മിലിറ്ററി സോഴ്സ് കോഡുകൾ പ്രോസസ് ചെയ്യാൻ ഓപ്പൺ എഐയുടെ ജിപിടി-3.5 (GPT 3.5) ഉപയോഗിച്ചതായി വ്യക്തമാക്കുന്നുണ്ട്. രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്യാൻ തേർഡ് പാർട്ടി മോഡലുകൾ സുരക്ഷിതമല്ലാത്തതിനാൽ, ജിപിടി-3.5 ഉപയോഗിച്ച് സോഫ്റ്റ്‌വെയർ കോഡുകൾ സംഗ്രഹിക്കുകയും, അതുവഴി ചൈനീസ് സൈനിക ശൃംഖലയ്ക്കുള്ളിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന ആഭ്യന്തര എഐ മോഡലിനെ പരിശീലിപ്പിച്ചെടുക്കുകയുമാണ് ഇവർ ചെയ്തത്.
-
നിരീക്ഷണ ഡ്രോണുകൾ: പിഎൽഎയുടെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ആൻഡ് ടെക്നോളജി, ഈ ഡിസ്റ്റിൽഡ് എഐ സംവിധാനങ്ങൾ വഴി നിരീക്ഷണ ഡ്രോണുകൾക്ക് ആവശ്യമായ എഐ അധിഷ്ഠിത ഇമേജ് പ്രൊസസിങ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതായും റിപ്പോർട്ടിലുണ്ട്.
-
സോഷ്യൽ മീഡിയാ നിരീക്ഷണം: ചൈനയുടെ ആയുധ നിർമാണ മേഖലയുമായി അടുത്ത ബന്ധമുള്ള നോർത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ, സോഷ്യൽ മീഡിയാ നിരീക്ഷണത്തിനും കണ്ടന്റ് മോഡറേഷനുമായി ആന്ത്രോപിക്കിൻ്റെ 'ക്ലോഡ് 3 ഹൈക്കു' (Claude 3 Haiku) മോഡൽ ഉപയോഗിച്ച് പരിശീലന ഡാറ്റ നിർമിച്ചതായും കണ്ടെത്തലുണ്ട്.
സുരക്ഷാ ഭീഷണി
ചൈനീസ് നിയന്ത്രിത സ്ഥാപനങ്ങൾക്കൊന്നും തന്നെ തങ്ങളുടെ എഐ മോഡലുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന് ആന്ത്രോപിക്ക് വ്യക്തമാക്കി. ഡിസ്റ്റിൽ ചെയ്തെടുക്കുന്ന പുതിയ എഐ മോഡലുകളിൽ യഥാർത്ഥ മോഡലുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ (Safety Guardrails) ഉണ്ടാകില്ലെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.
ചൈനയുടെ നിലപാട്
ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിച്ച് ചൈനീസ് ഗവേഷകർ അമേരിക്കൻ എഐ മോഡലുകളുടെ കഴിവുകൾ ചോർത്തുന്നുവെന്ന ആരോപണം യുഎസ് നേരത്തെ തന്നെ ഉന്നയിക്കുന്നതാണ്. ശക്തമായ എഐ ചിപ്പുകളില്ലാതെ ചൈന എങ്ങനെ അമേരിക്കയ്ക്ക് വെല്ലുവിളിയാകുന്ന എഐ മോഡലുകൾ നിർമിക്കുന്നു എന്നതിൽ അവർക്ക് സംശയവുമുണ്ട്.
എന്നാൽ, യുഎസ് എഐയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ചൈനയുടെ പ്രതികരണം. തങ്ങളുടെ എഐ മുന്നേറ്റങ്ങൾ വിദേശ മോഡലുകളെ ആശ്രയിച്ചാണെന്ന വാദത്തെ ചൈനീസ് ഡെവലപ്പർമാർ ശക്തമായി എതിർക്കുന്നു. അമേരിക്കൻ കമ്പനികളും സമാനമായ രീതികൾ പിന്തുടരുന്നുണ്ടെന്നാണ് ഇവരുടെ വാദം.
ഉദാഹരണത്തിന്, തങ്ങളുടെ 'കിമി കെ3' (Kimi K3) മോഡൽ അമേരിക്കൻ സാങ്കേതികവിദ്യ ഡിസ്റ്റിൽ ചെയ്താണ് ഉണ്ടാക്കിയതെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ ആരോപണം ചൈനീസ് എഐ സ്റ്റാർട്ടപ്പായ മൂൺഷോട്ട് (Moonshot) നിഷേധിച്ചു. തങ്ങളുടെ സ്വന്തം സാങ്കേതിക മുന്നേറ്റങ്ങളാണ് ആ മോഡലിന് പിന്നിലെന്ന് അവർ വ്യക്തമാക്കി.
Content Highlights: A recent Reuters report reveals that China is bypassing strict US technology sanctions by using "model distillation" from leading American AI models like OpenAI and Anthropic to secretly train its own military and defense AI systems.
Published: 31 Jul 2026, 09:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented