പാരീസ്: സ്വീഡൻ ഉൾപ്പെടെയുള്ള നോർഡിക് രാജ്യങ്ങളുടെ സൈന്യങ്ങൾ തങ്ങളുടെ പീരങ്കി സംവിധാനങ്ങൾക്കായി ഇനി ഇന്ത്യൻ സാങ്കേതിക വിദ്യയെയും നിർമ്മാണത്തെയും ആശ്രയിക്കും. ഇന്ത്യൻ പ്രതിരോധ മേഖലയിലെ പ്രമുഖരായ ഭാരത് ഫോർജും സ്വീഡനിലെ നാമ്മോ (NAMMO Sweden AB) കമ്പനിയും തമ്മിൽ ഇതുസംബന്ധിച്ച തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പിട്ടു. യൂറോപ്യൻ യൂണിയന്റെ 'റീ-ആം' (Re-Arm) പദ്ധതിയുടെ ഭാഗമായാണ് ഈ സുപ്രധാന നീക്കം നടക്കുന്നത്. പാരീസിൽ നടന്ന 'യൂറോസറ്റോറി 2026' (Eurosatory 2026) പ്രതിരോധ പ്രദർശനത്തിൽ വെച്ചാണ് ലാർജ് കാലിബർ ഡിഫൻസ് സബ് സിസ്റ്റങ്ങൾ സംയുക്തമായി നിർമ്മിക്കുന്നതിനായുള്ള താൽപ്പര്യ പത്രം ഇരു കമ്പനികളും ഒപ്പിട്ടത്. ഇന്ത്യയിൽ നിന്ന് വലിയതോതിലുള്ള ആയുധസംഭരണമാണ് സ്വീഡൻ ഉൾപ്പെടുന്ന നോർഡിക് രാജ്യങ്ങളുടെ ലക്ഷ്യം.

To advertise here,

ഇന്ത്യയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'സ്ട്രാറ്റജിക് പാർട്ണർഷിപ്പ്' (Strategic Partnership) എന്ന തലത്തിലേക്ക് അടുത്തിടെ ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ സഹകരണം.

ആയുധങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ, ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളുടെ സൈന്യങ്ങൾക്ക് അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ വിതരണം ചെയ്യുന്ന പങ്കാളിയായി മാറുന്നുവെന്നതാണ് ഈ കരാറിന്റെ പ്രാധാന്യം. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വർധിപ്പിക്കാൻ പുതിയ സംരംഭം വഴിയൊരുക്കും. 

റഷ്യ-യൂറോപ്പ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിലെ പ്രതിരോധ സജ്ജീകരണം ശക്തമാക്കുന്നതിനും ആയുധക്ഷാമം പരിഹരിക്കുന്നതിനുമാണ് ഈ നീക്കം. യുക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശത്തേ തുടർന്ന് നോർഡിക് രാജ്യങ്ങൾ റഷ്യയെ പ്രതിരോധിക്കാനുള്ള ആയുധ സംഭരണം ആരംഭിച്ചിരുന്നു. പരമ്പരാഗതമായി യൂറോപ്പിലേയും അമേരിക്കയിലേയും പ്രതിരോധ കമ്പനികളെയാണ് ഇവർ ആയുധങ്ങൾക്കായി ആശ്രയിച്ചിരുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്. യൂറോപ്പിലെ സൈനിക പുനരുജ്ജീവനത്തിനായി (Europe's Rearmament) ഇന്ത്യൻ പ്രതിരോധ ഉത്പന്നങ്ങളെ ആശ്രയിക്കുന്നു എന്നത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയിലെ വലിയൊരു മുന്നേറ്റമാണ്

പീരങ്കി ബാരലുകൾ (Artillery barrels), ബ്രീച്ച് മെക്കാനിസങ്ങൾ ( പീരങ്കികളിൽ ഷെല്ലുകൾ നിറയ്ക്കാനും, വെടിവെക്കുമ്പോൾ ഉണ്ടാകുന്ന അതിശക്തമായ മർദ്ദം ചോരാതിരിക്കാനും സഹായിക്കുന്ന സംവിധാനമാണ് ബ്രീച്ച് മെക്കാനിസം Breech Mechanism), മറ്റ് വലിയ പീരങ്കി അനുബന്ധ ഘടകങ്ങൾ എന്നിവ കരാറിന്റെ ഭാഗമായി നിർമ്മിക്കും. ഇവ യൂറോപ്യൻ പ്ലാറ്റ്ഫോമുകളിൽ സംയോജിപ്പിക്കാനാണ് പദ്ധതി. 'മെയ്ഡ് വിത്ത് സ്വീഡൻ', 'മേക്ക് ഇൻ ഇന്ത്യ' എന്നീ ആശയങ്ങൾ സംയോജിപ്പിച്ചാണ് ഈ സംയുക്ത സംരംഭം പ്രവർത്തിക്കുക.

സ്വീഡനിലെ കിൽസ്റ്റയിലുള്ള ഭാരത് ഫോർജിന്റെ അനുബന്ധ സ്ഥാപനത്തിലൂടെ ആധുനിക റോബോട്ടിക്‌സ്, പ്രിസിഷൻ ഫോർജിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചായിരിക്കും നിർമ്മാണം നടക്കുക. ഇന്ത്യയുടെ എ.ടി.എ.ജി.എസ് (ATAGS), കെ9 വജ്ര (K9 Vajra) തുടങ്ങിയ പീരങ്കി സംവിധാനങ്ങൾ അന്താരാഷ്ട്ര തലത്തിൽ നേടിയ ശ്രദ്ധയാണ് ഇത്തരം ഒരു വലിയ കരാറിലേക്ക് വഴിതുറന്നത്. പ്രത്യേകിച്ചും ലഡാക്ക് പോലുള്ള അതിശൈത്യ മേഖലകളിൽ ഇവ വിജയകരമായി പരീക്ഷിച്ചതിനാൽ, മഞ്ഞുമൂടിയ നോർഡിക് രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് ഇവ തികച്ചും അനുയോജ്യമാണ്. ഇന്ത്യയും സ്വീഡനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും ആഗോള പ്രതിരോധ വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ കരാർ സഹായിക്കും.