യുദ്ധരംഗത്ത് നൂതനമായ സാങ്കേതികവിദ്യകൾക്ക് എക്കാലവും വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ശത്രുക്കളുടെ കൈവശമില്ലാത്ത സാങ്കേതികവിദ്യകൾ യുദ്ധത്തിൽ മുന്നേറാൻ സഹായകമാവാറുമുണ്ട്.

To advertise here,

യുക്രൈൻ-റഷ്യ യുദ്ധത്തിൽ വലിയ രീതിയിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ട്. ആളപായമില്ലാതെ സൈനികരുടെ ഒളിത്താവളങ്ങൾ കണ്ടെത്തി തകർക്കാൻ ഇത്തരം ഡ്രോണുകൾ ഉപയോഗിക്കപ്പെടുന്നു. ഇത്തരം ഡ്രോണുകളുടെ സാമീപ്യം തിരിച്ചറിയുകയാണ് യുദ്ധമുഖത്തെ സൈനികരുടെ ഏറ്റവും വലിയ വെല്ലുവിളി. ഇവിടെയിതാ സൈനികർക്കായി പുതിയൊരു ഡ്രോൺ ഡിറ്റക്ടർ വികസിപ്പിച്ചിരിക്കുകയാണ് യുക്രൈനിയൻ എൻജിനീയറിങ് സംഘം. കേവലം റഷ്യൻ ഡ്രോണുകളുടെ സാമീപ്യം തിരിച്ചറിയുക മാത്രമല്ല, അതിലുമേറെ പലതും ചെയ്യാൻ ഈ ഉപകരണത്തിന് കഴിവുണ്ട്.

ഡി-വിഷൻ എസ്ഡിആർ എന്നാണ് ഇതിന് പേര്. കീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന CODE380 എന്ന വാർത്താവിനിമയ ഉപകരണ നിർമാണ കമ്പനിയാണ് ഇത് വികസിപ്പിച്ചത്. ഏകദേശം ഒന്നര വർഷം മുൻപാണ് ഇതിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്.

സവിശേഷതകൾ എന്തെല്ലാം?

ശത്രു ഡ്രോണുകളിൽനിന്നുള്ള വീഡിയോ സിഗ്നലുകൾ തത്സമയം പിടിച്ചെടുക്കാനും ഡ്രോൺ ക്യാമറയിലൂടെ എന്താണോ കാണുന്നത്, അത് യുക്രൈനിയൻ സൈനികർക്ക് നേരിട്ട് കാണിച്ചുകൊടുക്കാനും ഈ ഉപകരണത്തിന് കഴിയും. 500 മുതൽ 8,700 MHz വരെയുള്ള റേഡിയോ സ്പെക്ട്രം ഈ ഉപകരണം സ്കാൻ ചെയ്യുന്നു. ഇതിൽ യാതൊരു തരത്തിലുമുള്ള 'ബ്ലൈൻഡ് സ്പോർട്ടുകളും' (blind spots) ഇല്ലെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

സാധാരണ ഇത്തരം ഡിറ്റക്ടറുകൾ അനലോഗ് റിസീവറുകൾ ട്യൂൺ ചെയ്താണ് ഡ്രോണുകൾ ഉപയോഗിക്കുന്ന ഫ്രീക്വൻസി പിടിച്ചെടുത്ത് പ്രവർത്തിക്കുന്നത്. എന്നാൽ, ഡി-വിഷൻ എസ്ഡിആർ മറ്റൊരു രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇതൊരു 'സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് റേഡിയോ' (SDR) ആണ്. അതായത് ഇതിൽ റേഡിയോ സ്പെക്ട്രം പ്രൊസസ് ചെയ്യുന്നത് സോഫ്റ്റ്‌വെയർ ആണ്. അതുകൊണ്ടുതന്നെ ശത്രുരാജ്യത്തിന്റെ ഡ്രോണുകളുടെ ഫ്രീക്വൻസി മാറിയാലും പുതിയ ഹാർഡ്‌വെയറുകൾ ആവശ്യമില്ല. കോഡിംഗിലൂടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്ത് എളുപ്പത്തിൽ ഈ ഉപകരണത്തെ പരിഷ്‌കരിക്കാൻ സാധിക്കും. മാസം ഏകദേശം രണ്ട് തവണയെങ്കിലും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കാറുണ്ട്.

നിലവിൽ ഈ ഉപകരണം പരീക്ഷണാടിസ്ഥാനത്തിൽ യുക്രൈൻ സൈന്യം ഉപയോഗിക്കുന്നുണ്ട്. സൈനികരിൽനിന്നുള്ള അഭിപ്രായങ്ങളും വിശകലനങ്ങളും കമ്പനി ശേഖരിക്കുകയും അതിനനുസരിച്ചുള്ള സോഫ്റ്റ്‌വെയർ അപ്ഡേറ്റ് അവതരിപ്പിക്കുകയും ചെയ്യും.

പ്രയോജനമെന്ത്?

റഷ്യയിൽനിന്നുള്ള ഡ്രോൺ ആക്രമണങ്ങൾ വൻതോതിൽ നടക്കുന്നതിനാൽ സമീപത്തെ ശത്രു ഡ്രോണുകളിലെ ദൃശ്യങ്ങൾ കാണാൻ സാധിക്കുകയെന്നത് യുക്രൈനിയൻ സൈനികർക്ക് ഏറെ പ്രയോജനം ചെയ്യും. മറഞ്ഞിരിക്കുന്ന സൈനികർക്ക് ഡ്രോണുകളുടെ ലക്ഷ്യമെന്താണെന്നും തങ്ങളെ ലക്ഷ്യമിടുന്നുണ്ടോ എന്നുമറിയാൻ യുക്രൈനിന് സാധിക്കും.

ശത്രു ഡ്രോണുകളിലെ ദൃശ്യങ്ങൾ തത്സമയം ചോർത്തുന്ന ഈ സാങ്കേതികവിദ്യയിൽ ഡി-വിഷൻ എസ്ഡിആർ മാത്രമല്ല ഉള്ളത്. ബബായ് (Babai) എന്ന യുക്രൈനിയൻ കമ്പനിയുടെ വൈഡുൻ 7.5 (Vydun 7.5) എന്ന ഉപകരണത്തിനും റഷ്യൻ ഡ്രോണുകളുടെ ദൃശ്യങ്ങളിലേക്ക് പ്രവേശിക്കാനും കിലോമീറ്ററുകൾക്കപ്പുറം അവയെ തിരിച്ചറിയാനും കഴിവുണ്ട്.

കേൾക്കാൻ കഴിവുള്ള ഡ്രോണുകൾ

ശത്രുക്കളെ കണ്ടെത്താൻ മറ്റ് തരം ഡ്രോണുകളും യുക്രൈൻ ഉപയോഗിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് Ptashka Drones എന്ന കമ്പനിയുടെ ഡ്രോണുകൾ. ഈ കമ്പനി തങ്ങളുടെ ഫൈബർ-ഓപ്റ്റിക് എഫ്പിവി (FPV) ഡ്രോണുകളിൽ മൈക്രോഫോണുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ഡ്രോണുകൾക്ക് 'കേൾക്കാനുള്ള' കഴിവ് നൽകുന്നു. യുദ്ധത്തിൽ ശത്രുസൈനികരെയും അവരുടെ വാഹനങ്ങളെയും ശബ്ദം ഉപയോഗിച്ച് കണ്ടെത്താൻ ഇത് സൈനികരെ സഹായിക്കുന്നു.

യുക്രേനിയൻ സൈനികർ "zhdun" അഥവാ "വെയിറ്റർ" (കാത്തിരിക്കുന്നവർ) ഡ്രോണുകൾ എന്ന് വിളിക്കുന്നു. ഇവ ശത്രുക്കൾ കടന്നുപോവുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളിൽ കാത്തിരുന്ന് ശബ്ദ വിവരങ്ങൾ ശേഖരിക്കാനാവും. ചലിക്കാതെ നിന്നുകൊണ്ടാണ് ഈ ഡ്രോൺ ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിക്കുക. ഉച്ചത്തിലുള്ള സംസാരങ്ങൾ 20 മുതൽ 30 മീറ്റർ വരെ അകലെനിന്ന് കേൾക്കാം. ചെറിയ വാഹനങ്ങൾ 50 മുതൽ 100 മീറ്റർ വരെ അകലെനിന്ന് തിരിച്ചറിയാം. വലിയ വാഹനങ്ങൾ 200 മീറ്റർ അകലെ വരെ ഇവയ്ക്ക് കേൾക്കാൻ സാധിക്കും.