യു.എസ്. സൈന്യത്തിനും മറ്റ് ലക്ഷ്യസ്ഥാനങ്ങൾക്കും നേരെ കൃത്യമായ ആക്രമണം നടത്താൻ ഇറാനെ റഷ്യ സഹായിക്കുന്നുണ്ടെന്ന് യുക്രൈന്റെ ഇന്റലിജൻസ് റിപ്പോർട്ട്. മധ്യേഷ്യയിലെ സൈനിക കേന്ദ്രങ്ങളുടെയും യു.എസിന്റെ മറ്റ് പ്രധാന കേന്ദ്രങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങൾ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.
മാർച്ച് 21 മുതൽ 31 വരെയുള്ള കാലയളവിൽ 11 മധ്യേഷ്യൻ രാജ്യങ്ങളിലായി 46 ഇടങ്ങളിൽ റഷ്യൻ ഉപഗ്രഹങ്ങൾ കുറഞ്ഞത് 24 തവണ നിരീക്ഷണം നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. യു.എസ്. സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണപ്പാടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിരീക്ഷണം നടന്ന് ദിവസങ്ങൾക്കകംതന്നെ ഈ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
സൗദി അറേബ്യയിലെ കിങ് ഖാലിദ് മിലിറ്ററി സിറ്റിക്ക് മുകളിൽ മാത്രം അഞ്ചു തവണ നിരീക്ഷണം നടത്തിയിട്ടുണ്ട്. യു.എസ്. നിർമിത (THAAD) വ്യോമപ്രതിരോധ സംവിധാനങ്ങളെ കണ്ടെത്താനായിരുന്നു ഈ ശ്രമമെന്ന് കരുതപ്പെടുന്നു. മാർച്ച് 27-ന് സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ ഇറാൻ നടത്തിയ ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപും റഷ്യൻ ഉപഗ്രഹങ്ങൾ ഇവിടത്തെ ചിത്രങ്ങൾ പകർത്തിയിരുന്നു. യു.എസിന്റെ E-3 സെൻട്രി അവാക്സ് (AWACS) വിമാനത്തിന് നേരെയായിരുന്നു ഈ ആക്രമണം. ആക്രമണത്തിന്റെ ആഘാതം വിലയിരുത്താൻ മാർച്ച് 28-നും ഇതേ സ്ഥലത്ത് റഷ്യൻ ഉപഗ്രഹം നിരീക്ഷണം നടത്തി.
ഇതിനു പുറമെ തുർക്കി, ജോർദാൻ, കുവൈത്ത്, യു.എ.ഇ. എന്നിവിടങ്ങളിൽ രണ്ടുതവണയും ഇസ്രായേൽ, ഖത്തർ, ഇറാഖ്, ബഹ്റൈൻ, ഡീഗോ ഗാർഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ ഒരു തവണയും നിരീക്ഷണം നടന്നു. ആഗോള എണ്ണ, എൽ.എൻ.ജി. (LNG) നീക്കത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിലും റഷ്യൻ ഉപഗ്രഹങ്ങൾ സജീവമായി നിരീക്ഷണം നടത്തുന്നുണ്ട്.
സൈബർ മേഖലയിൽ റഷ്യയും ഇറാനും തമ്മിൽ ശക്തമായ സഹകരണം തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. റഷ്യൻ ഹാക്കർ ഗ്രൂപ്പുകളായ "Z-Pentest Alliance", "NoName057(16)", "DDoSia Project" എന്നിവ ഇറാന്റെ "Handala Hack" എന്ന ഗ്രൂപ്പുമായി ടെലിഗ്രാം വഴി ആശയവിനിമയം നടത്തുകയും ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഗൾഫിലെയും ഇസ്രായേലിലെയും അടിസ്ഥാന സൗകര്യങ്ങളെയും ടെലികമ്യൂണിക്കേഷൻ കമ്പനികളെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇറാനിയൻ ഹാക്കർമാർ റഷ്യൻ സൈനിക ഇന്റലിജൻസിൽനിന്ന് ചില സാങ്കേതികവിദ്യകൾ സ്വന്തമാക്കിയതായും റിപ്പോർട്ടിൽ സൂചനയുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവെച്ച സമഗ്ര തന്ത്രപ്രധാന കരാറിൽ ഇരു രാജ്യങ്ങളിലെയും രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങൾ തമ്മിൽ വിവരങ്ങൾ കൈമാറുന്നതിനുള്ള വ്യവസ്ഥകളുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Ukraine's intelligence report reveals that Russia is providing high-resolution satellite imagery to Iran to facilitate precision strikes on US military bases, airfields, and critical infrastructure across 11 Middle Eastern countries.
Published: 10 Apr 2026, 10:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented