ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകര സംഘടനകൾ ആശയവിനിമയത്തിനായി അത്യാധുനിക 'ലോറ' (LoRa - Long Range, Low Power) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തി. മൊബൈൽ സിം കാർഡോ, ടെലികോം ടവറുകളോ, വൈഫൈയോ ഇല്ലാതെ തന്നെ വനമേഖലകളിൽ ദീർഘദൂര ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണിത്. സെപ്റ്റംബർ 29-ന് ബഡ്ഗാമിലെ ഗുർവത്കലാനിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഷ്കറെ ത്വയ്ബ കമാൻഡർ മുഹമ്മദ് ആസിഫ് (ഹാഷിം മൂസ ഫൗജി) യുടെ പക്കൽ നിന്ന് 'ലോറ അൾട്രാ' (LoRa Ultra) എന്ന അത്യാധുനിക ഉപകരണം സുരക്ഷാസേന കണ്ടെടുത്തിരുന്നു. കൂടാതെ ദാചിഗാം-പഹൽഗാം വനമേഖലയിൽ നടന്ന 'ഓപ്പറേഷൻ മഹാദേവ്' എന്ന തിരച്ചിലിനിടയിലും എൻക്രിപ്റ്റ് ചെയ്ത ഒന്നിലധികം ലോറ സെറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്.
10 മുതൽ 15 കിലോമീറ്റർവരെ ദൂരത്തിൽ ടെക്സ്റ്റ് സന്ദേശങ്ങൾ, ലൈവ് ജിപിഎസ് ലൊക്കേഷൻ, അടിയന്തര എസ്.ഒ.എസ് (SOS) വിവരങ്ങൾ എന്നിവ കൈമാറാൻ ഈ ഉപകരണത്തിന് സാധിക്കും. ഓരോ ഉപകരണവും ഒരു ടവർ പോലെ പ്രവർത്തിക്കുന്ന മെഷ് നെറ്റ്വർക്ക് നിർമ്മിക്കുന്നതിനാൽ സാധാരണ ട്രാക്കിംഗ് സിസ്റ്റങ്ങളിൽ ഇവയുടെ ഡിജിറ്റൽ സിഗ്നേച്ചറുകൾ കണ്ടെത്താൻ സാധിക്കില്ല. നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ (NTRO) നടത്തിയ ഫോറൻസിക് പരിശോധനയിൽ ഈ ഉപകരണങ്ങൾ മുൻകൂട്ടി എൻക്രിപ്റ്റ് ചെയ്ത് കോൺഫിഗർ ചെയ്തതാണെന്ന് വ്യക്തമായി. ഇതിനുപിന്നിൽ പാകിസ്താന്റെ ആസൂത്രണവും ചൈനീസ് സാങ്കേതികവിദ്യയുമാണെന്ന് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
ദക്ഷിണ കാശ്മീരിലെ വനമേഖലകളിൽ ലോറ ഫ്രീക്വൻസികൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്പെക്ട്രം സ്കാനറുകളും ജാമറുകളും സുരക്ഷാസേന പുനഃക്രമീകരിച്ചിട്ടുണ്ട്. സിം കാർഡുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്ന് മാറി ഇത്തരം റേഡിയോ ഉപകരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ സേന. മേഖലയിൽ ഇത്തരം ഉപകരണങ്ങൾ ഇനിയുമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Content Highlights: Security agencies discover terrorists in Kashmir using LoRa technology for long-range communication without mobile networks or Wi-Fi in forest areas.
Published: 05 Oct 2026, 02:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented