വിശാഖപട്ടണം: ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കും സമുദ്ര സുരക്ഷയ്ക്കും കരുത്തുപകർന്ന് തദ്ദേശീയമായി നിർമ്മിച്ച നാലാമത്തെ അരിഹന്ത് ക്ലാസ് ആണവ അന്തർവാഹിനി (SSBN) കമ്മീഷൻ ചെയ്യാനൊരുങ്ങുന്നു. എസ്-4 എന്നറിയപ്പെടുന്ന ഈ അന്തർവാഹിനി 'ഐ.എൻ.എസ് അരിസുദൻ' (INS Arisudan) എന്ന പേരിലായിരിക്കും ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ വിപുലമായ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ അത്യാധുനിക യുദ്ധക്കപ്പൽ 2027-ൽ ഔദ്യോഗികമായി സേനയുടെ ഭാഗമാകും.
വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ (SBC) വച്ചായിരുന്നു ഈ അന്തർവാഹിനിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. അരിഹന്ത് ക്ലാസ് പ്രോഗ്രാമിലെ അവസാനത്തെയും നാലാമത്തെയും യൂണിറ്റാണിത്. മുൻഗാമികളായ ഐ.എൻ.എസ് അരിഹന്ത്, ഐ.എൻ.എസ് അരിഘാത് എന്നിവ നിലവിൽ നാവികസേനയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. മൂന്നാമത്തെ അന്തർവാഹിനിയായ ഐ.എൻ.എസ് അരിദമൻ അതിന്റെ പരീക്ഷണങ്ങൾ പൂർത്തിയാക്കി കമ്മീഷൻ ചെയ്യപ്പെടാനിരിക്കെയാണ് നാലാമത്തെ കപ്പലിന്റെയും കടൽ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്.
അരിഹന്ത് ക്ലാസ് അന്തർവാഹിനികളിൽവച്ച് ഏറ്റവും കൂടുതൽ തദ്ദേശീയ സാങ്കേതികവിദ്യകളും സാമഗ്രികളും ഉപയോഗിച്ചിരിക്കുന്നത് അരിസുദനിലാണ് (ഏകദേശം 80 ശതമാനത്തിലധികം). ഇത് ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെ വലിയൊരു തെളിവാണ്. ഈ ക്ലാസിലെ ആദ്യ കപ്പലായ ഐ.എൻ.എസ് അരിഹന്തിനേക്കാൾ വലിയ രൂപകൽപ്പനയാണ് ഇതിനുള്ളത്. ഏകദേശം 7,000 ടൺ ഭാരമുള്ള ഇതിലേക്ക് 10 മീറ്ററോളം വരുന്ന അധിക ഹൾ (hull section) കൂട്ടിച്ചേർത്തിട്ടുണ്ട്.
മുൻഗാമികളേക്കാൾ ഇരട്ടി മിസൈ വിക്ഷേപണ ശേഷിയാണ് അരിസുദനിലുള്ളത്. മിസൈലുകൾ വിക്ഷേപിക്കുന്നതിനായി എട്ട് വെർട്ടിക്കൽ ലോഞ്ച് ട്യൂബുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 3,500 കിലോമീറ്റർ പരിധിയുള്ള എട്ട് കെ-4 സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകൾ (SLBM) വഹിക്കാൻ ഇതിന് ശേഷിയുണ്ട്. ആദ്യ കപ്പലായ അരിഹന്തിന് 750 കി.മീ പരിധിയുള്ള കെ-15 മിസൈലുകൾ മാത്രമാണ് വഹിക്കാൻ കഴിഞ്ഞിരുന്നത്.
ആണവ റിയാക്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ഈ അന്തർവാഹിനികൾക്ക് ദീർഘകാലം വെള്ളത്തിനടിയിൽ തുടരാൻ സാധിക്കും. ഇന്ത്യയുടെ തന്ത്രപ്രധാനമായ 'ന്യൂക്ലിയർ ട്രയാഡ്' (കര, വ്യോമ, സമുദ്ര മാർഗ്ഗങ്ങളിലൂടെയുള്ള ആണവ പ്രഹരശേഷി) പൂർണ്ണ സജ്ജമാക്കുന്നതിലും, ഇൻഡോ-പസഫിക് മേഖലയിലെ പ്രതിരോധശേഷി ശക്തമാക്കുന്നതിലും ഐ.എൻ.എസ് അരിസുദന്റെ വരവ് നിർണ്ണായക പങ്കുവഹിക്കും.
Content Highlights: INS Arisudan is the fourth and final Arihant-class SSBN., Scheduled for official induction into the Indian Navy by 2027., Features over 80% indigenous technology and a 7,000-tonne displacement., Equipped with 8 vertical launch tubes for K-4 SLBMs with a 3,500km range., Strengthens India's nuclear triad and Indo-Pacific maritime security.
Published: 21 May 2026, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented