കരസേനയ്ക്ക് വേണ്ടിയുള്ള കവചിത വാഹന പദ്ധതിയില്‍നിന്ന് യുഎസിന്റെ സ്‌ട്രൈക്കറിനെ ഇന്ത്യ ഒഴിവാക്കി. സൈന്യത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. ഇനി തദ്ദേശീയമായി വികസിപ്പിച്ച കേസ്‌ട്രെല്‍ എന്ന കവചിത വാഹനമാകും സൈന്യം വാങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

To advertise here,

യുഎസ് ആയുധ കമ്പനിയായ ജനറല്‍ ഡൈനാമിക് വികസിപ്പിച്ച, ചക്രങ്ങളില്‍ സഞ്ചരിക്കുന്ന കവചിത വാഹനമാണ് സ്‌ട്രൈക്കര്‍. എട്ട് ചക്രങ്ങളുള്ള ഈ കവചിത വാഹനം ഇറാഖ് യുദ്ധത്തിലും അഫ്ഗാനിസ്താന്‍ അധിനിവേശത്തിലുമൊക്കെ യു.എസ് സൈന്യത്തിന്റെ പ്രധാനപ്പെട്ട സൈനിക വാഹനമായിരുന്നു. ഇപ്പോഴും യുഎസ് സൈന്യത്തിന്റെ ഭാഗമായ സ്‌ട്രൈക്കര്‍ അത്യാധുനിക ആയുധ സംവിധാനങ്ങള്‍ കൊണ്ടും അതിശക്തമായ പുറംകവചം കൊണ്ടും യുദ്ധമുഖത്ത് കഴിവു തെളിയിച്ച വാഹനമാണ്. എന്നാല്‍, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സൈന്യത്തിന്റെ മാനദണ്ഡങ്ങള്‍ വിജയകരമായി മറികടക്കാന്‍ സ്‌ട്രൈക്കറിന് സാധിച്ചി്ല്ല. 

ഥാര്‍ മരുഭൂമിയിലും ലഡാക്കിലുമുള്‍പ്പെടെ നിരവധി സാഹചര്യങ്ങളില്‍ സ്‌ട്രൈക്കറിനെ പരീക്ഷിച്ച് നോക്കിയെങ്കിലും ആഴം കുറഞ്ഞ ജലാശയങ്ങളിലൂടെയും ചതുപ്പ് പ്രദേശങ്ങളിലൂടെയും സഞ്ചരിക്കാന്‍ സ്‌ട്രൈക്കറിന് സാധിച്ചില്ല. ഇത്തരം സാഹചര്യങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ആംഫിബിയസ്- കരയിലും വെള്ളത്തിലും ഒരേപോലെ പ്രവര്‍ത്തിക്കുന്ന- കവചിത വാഹനമാണ് സേന ആഗ്രഹിക്കുന്നത്. 

ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലും ചൈനയോട് ചേര്‍ന്നുള്ള യഥാര്‍ഥ നിയന്ത്രണരേഖയിലും ഇത്തരം സാഹചര്യങ്ങള്‍ സൈന്യത്തിന് നേരിടേണ്ടതുണ്ട്. ഇത് പരിഗണിക്കുമ്പോള്‍ സ്‌ട്രൈക്കര്‍ സൈന്യത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തപ്പെട്ടു. 100 കോടി ഡോളറിന്റെ ഇടപാടായിരുന്നു സ്‌ട്രൈക്കറിന് വേണ്ടി പ്രതീക്ഷിച്ചിരുന്നത്. സാങ്കേതികവിദ്യ കൈമാറ്റവും ഇന്ത്യയില്‍ സംയുക്തമായി നിര്‍മിക്കാനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുന്നതായിരുന്നു ഉദ്ദേശിച്ചിരുന്ന കരാര്‍. എന്നാല്‍, സ്‌ട്രൈക്കര്‍ വേണ്ടെന്ന് സൈന്യം പറയുന്ന സാഹചര്യത്തില്‍ കരാര്‍ ഉണ്ടാകാനിടയില്ല.

ഈ സാഹചര്യത്തിലാണ് ഡിആര്‍ഡിഒയും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച ഇന്ത്യയുടെ വീല്‍ഡ് ആര്‍മേര്‍ഡ് പ്ലാറ്റ്‌ഫോമായ കേസ്‌ട്രെലിലേക്ക് സൈന്യത്തിന്റ ശ്രദ്ധ തിരിഞ്ഞത്. കേസ്‌ട്രെലിനെ പോലെ ഇതും 8X8  കവചിത വാഹനമാണ്. സൈന്യം ആഗ്രഹിക്കുന്നതുപോലെ ആംഫിബിയസ് വാഹനമായാണ് കേസ്‌ട്രെലിനെ ഡിആര്‍ഡിഒ വികസിപ്പിച്ചത്. നിലവില്‍ നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. 

സോവിയറ്റ് കാലഘട്ടത്തിലെ ബിആര്‍ഡിഎം എന്ന ഇന്‍ഫന്‍ട്രി വാഹനമാണ് സൈന്യത്തിന്റെ പക്കലുള്ളത്. ഇത് പുതിയ കാലഘട്ടത്തിന് അനുയോജ്യമല്ലാത്തതിനാല്‍ ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് പുതിയ കവചിത വാഹനം വാങ്ങാന്‍ തീരുമാനിച്ചത്.  ഡിആര്‍ഡിഒയുടെ കേസ്ട്രലിന് 10 മുതല്‍ 12 പേരെ വഹിക്കാന്‍ സാധിക്കും. ഇതിന്റെ ഡ്രൈവർക്ക്‌ വാഹനത്തിന്റെ ചുറ്റുമുള്ള ദൃശ്യങ്ങള്‍ തത്സമയം ലഭിക്കും. മൈനുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടനങ്ങളുണ്ടായാലും ഉള്ളിലുള്ളവര്‍ക്ക് ആപത്തുണ്ടാകില്ല. 

കരയിലുടെ പരമാവധി 100 കിലോമീറ്റര്‍ വേഗത്തിലും ജലാശയങ്ങളിലൂടെ 10 കിലോമീറ്റര്‍ വേഗത്തിലും ഇതിന് സഞ്ചരിക്കാനാകും. ഫുൾ ടാങ്ക്‌ ഇന്ധനം നിറച്ചാല്‍ പരമാവധി 478 കിലോമീറ്റര്‍ ദൂരം വരെ യാത്രചെയ്യാനാകും. സൈനികരെ പെട്ടെന്ന് സുരക്ഷിതരായി യുദ്ധമുഖത്തേക്ക് എത്തിക്കുക, പരിക്കേറ്റവരെ പെട്ടെന്ന് വൈദ്യസഹായത്തിനായി മാറ്റുക, ആയുധങ്ങളും മറ്റും യുദ്ധമുഖത്തേക്ക് എത്തിക്കുക തുടങ്ങിയവയാണ് ഇത്തരം വാഹനങ്ങളും ദൗത്യങ്ങള്‍. 

ശത്രുക്കളുടെ റഡാര്‍ നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള സാങ്കേതികവിദ്യ ഇതിനുണ്ട്. റഡാര്‍, സോണാര്‍, ഇന്‍ഫ്രാറെഡ് നിരീക്ഷണങ്ങളിലൂടെ കേസ്‌ട്രെലിനെ കണ്ടെത്താനാകില്ല. മാത്രമല്ല, ശത്രുക്കളുടെ നിരീക്ഷണത്തില്‍ പെടാതിരിക്കാന്‍ സുരക്ഷിതമായ ആശയവിനിമയ സംവിധാനവും ഇതിലുണ്ട്. 600 എച്ച്.പി എന്‍ജിനാണ് കേസ്ട്രലിന്റെ ഹൃദയം. 
 
ടാങ്ക് വേധ മിസൈലുകള്‍, 3000 മീറ്റര്‍ ദൂരത്തേക്ക് നിറയൊഴിക്കാന്‍ സാധിക്കുന്ന വലിയ തോക്കുകള്‍, ഓട്ടോമാറ്റിക് ഗ്രനേഡ് ലോഞ്ചര്‍, മിനിറ്റില്‍ 2000 റൗണ്ട് വരെ നിറയൊഴിക്കാന്‍ സാധിക്കുന്ന യന്ത്രത്തോക്കുകള്‍ തുടങ്ങിയവയൊക്കെയാണ് ആയുധങ്ങള്‍. നിലവില്‍ സിആര്‍പിഎഫിന് ഈ വാഹനമുണ്ട്, പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് ഇവ ഉപോഗിക്കുന്നത്.  നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 105 കേസ്‌ട്രെല്‍ വാഹനങ്ങള്‍ കരസേന വാങ്ങിയേക്കുമെന്ന വിവരങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ്‌ യു.എസിന്റെ സ്‌ട്രൈക്കര്‍ വാഹനം സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നത്. 

മൊറോക്ക കേസ്‌ട്രെലിന്റെ 150 യൂണിറ്റുകള്‍ വാങ്ങാന്‍ 2024-ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. സൈന്യത്തിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കുമുള്ള ആവശ്യങ്ങള്‍ക്ക് അനുസരിച്ച് വെവ്വേറെ പതിപ്പുകളാണ് നിര്‍മിക്കുക. സ്‌ട്രൈക്കറിനോട് കിടപിടിക്കുന്ന കേസ്‌ട്രെലിന് ചൈനയുടെ ടൈപ്പ് എട്ട് എന്ന സമാന കവചിത വാഹനത്തിനേക്കാള്‍ കരുത്തും കാര്യക്ഷമതയുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.