ന്യൂഡൽഹി/കാൻബറ: പാകിസ്താൻ വ്യോമസേന തുർക്കിയിൽനിന്ന് അത്യാധുനിക ഡ്രോണുകൾ വാങ്ങാൻ ഒരുങ്ങുന്നതിനെ പ്രതിരോധിക്കാൻ, ഓസ്ട്രേലിയയിൽ വികസിപ്പിച്ചെടുത്ത എം.ക്യു-28 ഗോസ്റ്റ് ബാറ്റ് (Ghost Bat) ഡ്രോണുകൾ സ്വന്തമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. തുർക്കിയുടെ ബെയ്‌റാക്തർ കിസിലെൽമ (Bayraktar Kizilelma) ഡ്രോണുകൾ പാകിസ്താൻ സ്വന്തമാക്കാൻ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇന്ത്യ ഈ നീക്കം നടത്തുന്നത്. സ്റ്റെൽത്ത് ശേഷിയുള്ള കിസിലെൽമ ഡ്രോണുകൾ മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. ഇതിന് ബദലായിട്ടാണ് ഗോസ്റ്റ് ബാറ്റിനെ ഇന്ത്യ പരിഗണിക്കുന്നത്.

To advertise here,

ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന വളരെ പ്രത്യേകതകളുള്ള ഒരു അപൂർവ്വ വവ്വാലിന്റെ പേരാണ് ഈ ഡ്രോണിന് നൽകിയിരിക്കുന്നത്. മറ്റ് വവ്വാലുകളെപ്പോലെ പഴങ്ങളോ പ്രാണികളോ മാത്രമല്ല ഇവ കഴിക്കുന്നത്. ഇവ യഥാർത്ഥ മാംസഭോജികളാണ്. ഇരകളെ വേട്ടയാടി പിടിക്കുന്നതിനുള്ള ഇവയുടെ സവിശേഷമായ കഴിവുകളാണ് ഇവയെ വ്യക്തസ്തമാക്കുന്നത്. ഇരകളുടെ നേരിയ ചലനം പോലും പിടിച്ചെടുക്കാൻ കഴിയുന്ന ശക്തമായ സംവേദനേന്ദ്രീയങ്ങളാണ് ഗോസ്റ്റ് ബാറ്റ് വവ്വാലുകൾക്കുള്ളത്. ഇവയേപ്പോലെ ക്ഷമയോടെ കാത്തിരുന്ന് ശത്രുവിനെ വേട്ടയാടി നശിപ്പിക്കാനുള്ള കഴിവുള്ള പൈലറ്റില്ലാ വിമാനമാണ് എം.ക്യു-28 ഗോസ്റ്റ് ബാറ്റ്.

ബോയിംഗ് ഓസ്ട്രേലിയ വികസിപ്പിച്ചെടുത്ത ഈ ആളില്ലാ വിമാനം യുദ്ധവിമാനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ( manned unmanned teaming) രൂപകൽപ്പന ചെയ്തതാണ്. 3,700 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇതിന് മാക് 0.9 വേഗതയിൽ പറക്കാൻ സാധിക്കും. 40,000 അടിയിലധികം ഉയരത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഇതിന് മനുഷ്യസഹായമില്ലാതെ ശത്രുക്കളെ കണ്ടെത്താനും നശിപ്പിക്കാനും ശേഷിയുണ്ട്. ഈ അത്യാധുനിക പൈലറ്റില്ലാ യുദ്ധവിമാനങ്ങൾ (UCAV) ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഗണ്യമായി വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2025 ഡിസംബറിൽ നടന്ന ഒരു പരീക്ഷണത്തിൽ, ഗോസ്റ്റ് ബാറ്റ് ഡ്രോൺ ആകാശത്തുവെച്ച് ശത്രുവിനെ സ്വയം (Autonomous) നേരിടാൻ പ്രാപ്തമാണെന്ന് തെളിയിച്ചിരുന്നു. ഇത്തരം ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രോണുകളിൽ ഒന്നാണിത്.

മനുഷ്യൻ നിയന്ത്രിക്കുന്ന യുദ്ധവിമാനങ്ങൾക്കൊപ്പം ഈ ഡ്രോണുകൾ വിശ്വസ്തനായ ഒരു തുണക്കാരനെപ്പോലെ (Wingman) പറക്കും. പൈലറ്റില്ലാ വിമാനമായതുകൊണ്ട് തന്നെ അപകടസാധ്യതയേറിയ ദൗത്യങ്ങളിലേക്ക് പൈലറ്റുള്ള വിമാനങ്ങൾക്ക് മുന്നേ ഇവയെ കടത്തിവിടാം. പൂർണ്ണമായും ഒരു പൈലറ്റ് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കേണ്ടതില്ല. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സ്വയം പറക്കാനും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കാനും ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും ഇതിന് സാധിക്കും. ശത്രുരാജ്യങ്ങളുടെ റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കാനുള്ള ഡിസൈനും സാങ്കേതികവിദ്യയുമാണ് ഇതിനുള്ളത്.

സ്റ്റെൽത്ത് ശേഷി നഷ്ടപ്പെടാതിരിക്കാൻ ആയുധങ്ങൾ വിമാനത്തിന് പുറത്തല്ല, മറിച്ച് ഉള്ളിലെ പ്രത്യേക അറകളിലാണ് സൂക്ഷിക്കുന്നത്. ശത്രുവിമാനങ്ങളെയും മറ്റ് ഡ്രോണുകളെയും ആകാശത്തുവെച്ചുതന്നെ തകർക്കാൻ ശേഷിയുള്ള ഇടത്തരം ദൂരമിസൈലുകൾ ഇതിൽ ഘടിപ്പിക്കാം. കരയിലെ ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ശേഷിയുള്ള ഗൈഡഡ് ബോംബുകളും ചെറിയ തരം മിസൈലുകളും ഇതിന് വഹിക്കാനാകും. ഇതിൽ ആയുധങ്ങൾ മാത്രമല്ല ഉള്ളത്. ശത്രുക്കളുടെ റഡാറുകളെയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെയും തകരാറിലാക്കാനുള്ള ഇലക്ട്രോണിക് ജാമറുകളും (Jammers) ഘടിപ്പിക്കാൻ സാധിക്കും

2026 മെയ് മാസത്തിൽ കാൻബറയിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ വ്യോമസേനാ തല ചർച്ചകളിൽ ഗോസ്റ്റ് ബാറ്റിനെ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നുവെന്നാണ് റിപ്പോർട്ടുകൾ. എയർ വൈസ് മാർഷൽ സഞ്ജീവ് തലിയാൻ ഡ്രോണിന്റെ പ്രവർത്തനക്ഷമത നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു. ഗോസ്റ്റ് ബാറ്റിന്റെ മുൻഭാഗം (Missionized nose) ആവശ്യാനുസരണം മാറ്റാൻ സാധിക്കുമെന്നത് വലിയ പ്രത്യേകതയാണ്. നിരീക്ഷണം, ഇലക്ട്രോണിക് വാർഫയർ, പ്രിസിഷൻ സ്‌ട്രൈക്ക് എന്നിവയ്ക്കായി ഡ്രോണിനെ സജ്ജമാക്കാൻ ഇതിലൂടെ എളുപ്പം സഹായിക്കും. ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്താമെന്നത് ഇന്ത്യയെ ആകർഷിച്ചിരുന്നു. കൂടാതെ, ഇന്ത്യയുടെ സുഖോയ്-30MKI, വരാനിരിക്കുന്ന എഎംസിഎ തുടങ്ങിയ വിമാനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇതിന് സാധിക്കുമെന്നും പറയപ്പെടുന്നു.

ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനും അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയിൽ പാകിസ്താനേക്കാൾ മുൻതൂക്കം നിലനിർത്തുന്നതിനും ഈ കരാർ ഇന്ത്യയെ സഹായിക്കും. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പ്രാഥമികതല ചർച്ചകൾ മാത്രമേ നടന്നിട്ടുള്ളു. ഗൗരവതരമായ ചർച്ചകളിലേക്ക് ഇതുവരെ കടന്നിട്ടില്ല. എങ്കിലും ഈ പൈലറ്റില്ലാ വിമാനത്തിന്റെ സവിശേഷതകളിൽ ഇന്ത്യ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.