ഇന്ത്യൻ വ്യോമസേന 'സുദർശൻ ചക്ര' എന്ന് നാമകരണം ചെയ്തിട്ടുള്ള എസ്-400, വെറുമൊരു പ്രതിരോധ കവചം എന്നതിനപ്പുറം യുദ്ധരംഗത്ത് നേരിട്ട് പരീക്ഷിക്കപ്പെട്ട ഒരു കരുത്തുറ്റ ആയുധമായി മാറിയിരിക്കുകയാണ്.

ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തേകി, റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ സ്ക്വാഡ്രൺ ഇന്ത്യയിലെത്തി. സുദർശൻ ചക്ര എന്ന് പുനർനാമകരണം ചെയ്തിരിക്കുന്ന എസ്-400 ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം ഉടൻ അതിർത്തിയിൽ വിന്യസിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. മൂന്ന് സ്ക്വാഡ്രണുകൾ ഇതിനകം തന്നെ രാജ്യത്തിന്റെ പ്രതിരോധ ശൃംഖലയുടെ ഭാഗമായി തന്ത്രപ്രധാന മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിലും അതിനു പിന്നാലെയുണ്ടായ സൈനിക നടപടികളിലും ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ സംവിധാനമായിരുന്നു എസ്–400. സംഘർഷത്തിനിടെ പാകിസ്താൻ തൊടുത്ത മിസൈലുകളെ പ്രതിരോധിക്കുന്നതിൽ റഷ്യൻ നിർമ്മിത എസ്-400 നിർണായക പങ്കുവഹിച്ചിരുന്നു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറിന്റെ ഭാഗമായി 2018 ഒക്ടോബറിലാണ് എസ്-400 വാങ്ങാൻ ധാരണയായത്. അക്കാലത്തെ വിപണി മൂല്യമനുസരിച്ച് ഏകദേശം 40,000 കോടി രൂപ (5.43 ബില്യൺ ഡോളർ) ചെലവഴിച്ചാണ് ഇന്ത്യ ഈ സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങാനായിരുന്നു കരാർ. കരാറിലെ അഞ്ചാമത്തെയും അവസാനത്തെയും സ്ക്വാഡ്രൺ ഈ വർഷം അവസാനത്തോടെ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, സാങ്കേതികവും യാത്രാപരവുമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് 2027-ന്റെ തുടക്കത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. എന്താണ് എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം? എങ്ങനെയാണ് ഇത് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുക?
എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം
റഷ്യ വികസിപ്പിച്ച ദീർഘദൂര ഭൂതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-400 ട്രയംഫ് (S-400 Triumf). ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനവും ശക്തവുമായ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങളിലൊന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മെച്ചപ്പെട്ട ദൂരപരിധി, വേഗത, ഒന്നിലധികം ലക്ഷ്യങ്ങളെ നേരിടാനുള്ള ശേഷി എന്നിവയാണ് റഷ്യയുടെ ഈ പ്രതിരോധ സംവിധാനത്തെ പ്രിയങ്കരമാക്കുന്നത്. ഇതിന്റെ ദൂരപരിധി, വേഗത, വഴക്കം എന്നിവ സമകാലിക വ്യോമ ഭീഷണികൾക്കെതിരേ ഫലപ്രദമായ പ്രതിരോധം തീർക്കുന്നു. റഡാറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, മിസൈലുകൾ, മൊബൈൽ ലോഞ്ചറുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് ഒരു യൂണിറ്റ് എസ്-400. ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാത്തരം വ്യോമാക്രമണങ്ങളിൽ നിന്നും സംരക്ഷണം നൽകാനുള്ള കഴിവ് ഇതിനുണ്ട്. നുഴഞ്ഞുകയറ്റ വിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെയും നേരിടാൻ കഴിയും. ഒരു പ്രത്യേക പ്രദേശത്ത് കവചമായി പ്രവർത്തിക്കാൻ കഴിയുന്ന ഈ സംവിധാനത്തെ ‘എസ്എ-21 ഗ്രോളർ’ (SA-21 Growler) എന്നാണ് നാറ്റോ വിളിക്കുന്നത്.
റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോ വികസിപ്പിച്ച ഇത് 2007-ലാണ് കമ്മീഷൻ ചെയ്തത്. കര-നാവിക-വ്യോമസേനകൾക്ക് ഉപയോഗിക്കാനാകുംവിധത്തിലാണ് രൂപകല്പന. ഒരു മൊബൈൽ മിസൈൽ പ്രതിരോധ സംവിധാനമായ ഇത് ശത്രുക്കളുടെ ആക്രമണങ്ങൾ തിരിച്ചറിയുകയും ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കുകയും ചെയ്യുന്നു. ഒരേസമയം 36 ലക്ഷ്യങ്ങളെ നേരിടാൻ സാധിക്കും. നാല് വ്യത്യസ്ത തരത്തിലുള്ള മിസൈലുകളാണ് എസ്-400 സംവിധാനത്തിലുള്ളത്. 40 കിലോമീറ്റർ ദൂരപരിധിയുള്ള '9M96E' ഹ്രസ്വദൂര മിസൈൽ, 120 കിലോമീറ്റർ പരിധിയുള്ള '9M96E2' മധ്യദൂര മിസൈൽ, 250 കിലോമീറ്റർ പരിധിയുള്ള '48N6' ദൂരപരിധി മിസൈൽ, 400 കിലോമീറ്റർ വരെയുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള '40N6E' അതിദൂര മിസൈൽ എന്നിവയാണ് അവ. ഇതിനൊപ്പം 360-ഡിഗ്രി റഡാറും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ഒരു എസ്-400 സംവിധാനത്തിന് നാല് പ്രധാന ഘടകങ്ങളാണുള്ളത്. നിരീക്ഷണ റഡാർ, വാഹനത്തിൽ സജ്ജീകരിച്ചിട്ടുള്ള കമാൻഡ് ആൻഡ് കൺട്രോൾ പോസ്റ്റ്, ശത്രുലക്ഷ്യങ്ങളെ പിന്തുടരുന്ന എൻഗേജ്‌മെന്റ് റഡാർ (Engagement radar), മിസൈലുകൾ വഹിക്കുന്ന ലോഞ്ച് വാഹനം എന്നിവയാണവ. എസ്-400 വ്യോമപ്രതിരോധ സംവിധാനം അത് സംരക്ഷിക്കേണ്ട പ്രദേശത്ത് ഭീഷണി കണ്ടെത്തുകയാണെങ്കിൽ, ശത്രുവിന്റെ ആയുധത്തിന്റ പാത മനസ്സിലാക്കി, അതിനെ നേരിടാൻ മിസൈലുകൾ പ്രയോഗിക്കുന്നു. കമാൻഡ് വാഹനത്തിലേക്ക് വിവരങ്ങൾ കൈമാറുന്ന നിരീക്ഷണ റഡാറുകൾ ഈ സംവിധാനത്തിലുണ്ട്. ലക്ഷ്യം തിരിച്ചറിയുമ്പോൾ, കമാൻഡ് വാഹനം മിസൈൽ വിക്ഷേപണത്തിന് ഉത്തരവിടുകയാണ് ചെയ്യുക. ഇസ്രയേൽ ഉപയോഗിക്കുന്ന അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തേക്കാൾ കരുത്തനാണ് എസ്-400 എന്നാണ് റിപ്പോർട്ടുകൾ. ഒരു വലിയ പ്രദേശത്തെ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനുള്ള ശേഷി എസ്-400-ന് ഉണ്ടെന്നാണ് വിലയിരുത്തൽ.
റഷ്യയുടെ കരുത്തൻ പ്രതിരോധം!
എസ്-200 മിസൈൽ സംവിധാനത്തിന് പകരമായി 1980-കളുടെ തുടക്കത്തിലാണ് എസ്-400 വികസിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യ ആലോചന തുടങ്ങുന്നത്. ഉയർന്ന ചെലവും ക്രൂയിസ് മിസൈലുകളുടെ ഭീഷണി നേരിടാനുള്ള കഴിവില്ലായ്മയും ചൂണ്ടിക്കാണിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കത്തിൽ അനുമതി ലഭിച്ചില്ല. പിന്നീട് 1980-കളുടെ അവസാനത്തിലാണ് ‘ട്രയംഫ്’ എന്ന രഹസ്യനാമത്തിൽ പദ്ധതിക്ക് ജീവൻ വെയ്ക്കുന്നത്. വിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും സ്റ്റെൽത്ത് വിമാനങ്ങളെയും നേരിടാൻ കഴിവുള്ള ഒരു സംവിധാനമായാണ് ഇത് വികസിപ്പിച്ചത്. 1991 ഓഗസ്റ്റ് 22-ന് സോവിയറ്റ് സർക്കാർ ‘ട്രയംഫ് പദ്ധതി’ക്ക് അംഗീകാരം നൽകി. പക്ഷേ, വെല്ലുവിളികൾ അവസാനിച്ചില്ല. സോവിയറ്റ് യൂണിയന്റെ പതനം പദ്ധതിയെ വീണ്ടും സ്തംഭനാവസ്ഥയിലാക്കി. പിന്നീട് 1993 ജനുവരിയിലാണ് റഷ്യൻ വ്യോമസേന പദ്ധതി വീണ്ടും പ്രഖ്യാപിക്കുന്നത്. 1999 ഫെബ്രുവരി 12-ന് വിജയകരമായ പരീക്ഷണങ്ങൾ നടത്തി. തുടക്കത്തിൽ 2001-ൽ വിന്യാസം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമുള്ളതിനാൽ 2007 വരെ ഇത് വൈകി.
എസ്-400 വ്യോമപ്രതിരോധ സംവിധാനം സ്വന്തമാക്കിയും ഉപയോഗിച്ചും ലോകശ്രദ്ധ നേടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മാത്രമല്ല ഉള്ളത്. റഷ്യ കഴിഞ്ഞാൽ ചൈന, തുർക്കി, ബെലാറസ് തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ ഈ അത്യാധുനിക പ്രതിരോധ കവചം പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ തലങ്ങളിൽ വ്യോമ പ്രതിരോധം തീർക്കാനുള്ള എസ്-400-ന്റെ കഴിവാണ് ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങളെ ആകർഷിച്ചത്. ഈ പ്രതിരോധ സംവിധാനം ഏറ്റവും കൂടുതൽ വിന്യസിച്ചിരിക്കുന്നത് ഇതിന്റെ നിർമ്മാതാക്കളായ റഷ്യ തന്നെയാണ്. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിലായി നിരവധി എസ്-400 സംവിധാനം അവർ സജ്ജമാക്കിയിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നു. പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്ന് നൽകിയ എ.ടി.എ.സി.എം.എസ് തന്ത്രപ്രധാന ബാലിസ്റ്റിക് മിസൈലുകളെ എസ്-400 ആണ് പ്രതിരോധിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2014-ൽ കരാറിൽ ഒപ്പുവെച്ചുകൊണ്ട് ചൈന എസ്-400 വാങ്ങുന്ന ആദ്യ വിദേശരാജ്യമായി മാറി. 2018-ൽ അവർക്ക് ആദ്യത്തെ യൂണിറ്റ് ലഭിച്ചു.
തുർക്കി എസ്-400-ൽ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് പാശ്ചാത്യ രാജ്യങ്ങൾ ഞെട്ടിയത്. 2017-ലാണ് റഷ്യയോട് എസ്-400 വ്യോമ പ്രതിരോധ സംവിധാനം ആവശ്യപ്പെട്ടത്. അമേരിക്കയുടെയും മറ്റ് നാറ്റോ (NATO) സഖ്യകക്ഷികളുടെയും എതിർപ്പുകൾ അവഗണിച്ചാണ് തുർക്കി റഷ്യയുമായി എസ്-400 കരാറിലേർപ്പെട്ടത്. തുർക്കിയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായി. ഇതേത്തുടർന്ന് അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35 (F-35) പദ്ധതിയിൽ നിന്ന് തുർക്കിയെ പുറത്താക്കുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. 2019-ൽ തുർക്കിക്ക് എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ ആദ്യ യൂണിറ്റ് ലഭിച്ചു. ബെലാറസും 2021 അവസാനം മുതൽ റഷ്യ നൽകിയ എസ്-400 ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ബെലാറസിന്റെ വ്യോമപ്രതിരോധ ശൃംഖല പ്രവർത്തിക്കുന്നത്. 2021-ൽ അൾജീരിയയും ഇവ സ്വന്തമാക്കി.
ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, വിയറ്റ്നാം, സെർബിയ തുടങ്ങിയ രാജ്യങ്ങളും മുൻപ് എസ്-400 വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ നയതന്ത്ര സമ്മർദ്ദവും ഉപരോധ ഭീഷണിയും കാരണം സൗദി അറേബ്യ, ഇറാഖ്, ഈജിപ്ത്, സെർബിയ തുടങ്ങിയ രാജ്യങ്ങൾ റഷ്യയുമായി ചർച്ചകൾ പാതിവഴിയിൽ നിലച്ചു. സൗദി അറേബ്യ പിന്നീട് റഷ്യൻ പ്രതിരോധ സംവിധാനത്തിൽ നിന്ന് പിന്മാറുകയും അമേരിക്കയുടെ പേട്രിയറ്റ് സംവിധാനം വാങ്ങാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ, പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രയേൽ സഖ്യവുമായി ശക്തമായ സൈനിക സംഘർഷം നേരിടുന്ന ഇറാന്, എസ്-400-ന്റെ അത്യാധുനിക ഘടകങ്ങൾ റഷ്യ കൈമാറിയതായും സൈനിക നിരീക്ഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പാകിസ്താനെ പ്രതിരോധിച്ച കരുത്ത്
പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും ഒരുപോലെ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യ എസ്-400 നോട് താത്പര്യം പ്രകടിപ്പിച്ചത്. ഇരുരാജ്യങ്ങളിൽ നിന്നുള്ള വ്യോമാക്രമണങ്ങളിൽനിന്ന് സംരക്ഷണം നൽകാൻ ഇത് സഹായകരമാകും എന്ന വിലയിരുത്തലിലായിരുന്നു രാജ്യം. ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന എസ്-400 സംവിധാനം സ്ഥാപിച്ചതായി റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽകൂടിയായിരുന്നു നടപടി. 2015-ലാണ് ഇത് സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് ആരംഭിച്ചത്. അമേരിക്കയുടെ എതിർപ്പ് മറികടന്നായിരുന്നു ഇന്ത്യയുടെ നീക്കം. അമേരിക്കയുടെ എം.ഐ.എം.-104 പാട്രിയോട്ട് (MIM-104 Patriot) സംവിധാനവുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ടതായിരുന്നു എസ്-400. എസ്-400ന് അഞ്ചു മിനിറ്റിനുള്ള മിസൈൽ വിന്യാസം നടത്താൻ കഴിയുമ്പോൾ യുഎസ് സംവിധാനത്തിന് 25 മിനിറ്റെടുക്കും. എസ്-400 സെക്കൻഡിൽ 4.8 കിലോമീറ്റർ വേഗതയുള്ളപ്പോൾ എം.ഐ.എം-104 പാട്രിയോട്ടിന് 1.38 കിലോമീറ്റർ വേഗതയാണുള്ളത്. എസ്-400 സംവിധാനം വാങ്ങിയാൽ ഉപരോധമേർപ്പെടുത്തുമെന്ന് യുഎസ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് മേൽ ഈ സംവിധാനം വാങ്ങിയതിന്റെ പേരിൽ 2020 ഡിസംബറിൽ യുഎസ് ഉപരോധമേർപ്പെടുത്തിയിരുന്നു.
2018 ഒക്ടോബർ അഞ്ചിനാണ് ഇന്ത്യ റഷ്യയുമായി കരാർ ഒപ്പിട്ടത്. എസ്-400-ന്റെ അഞ്ച് യൂണിറ്റ് വാങ്ങാൻ 550 കോടി ഡോളറിന്റെതായിരുന്നു കരാർ. 24 മാസത്തിനകം ലഭ്യമാക്കുമെന്നായിരുന്നു കരാർ. എന്നാൽ നിരവധി കാരണങ്ങളാൽ ഡെലിവറി വൈകി. പിന്നീട് 2021 ഡിസംബറിലാണ് ഇത് ഇന്ത്യയ്ക്ക് കൈമാറുന്നത്. മൂന്നെണ്ണമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. ആദ്യത്തേത് പാകിസ്താന് സമീപം പഞ്ചാബിൽ വിന്യസിച്ചു. രണ്ടാമത്തേത് സിക്കിമിൽ ചൈനീസ് അതിർത്തിക്ക് സമീപം. മൂന്നാമത്തേത് രാജസ്ഥാൻ-ഗുജറാത്ത് സെക്ടറിൽ. ശേഷിക്കുന്ന രണ്ട് യൂണിറ്റുകളിലൊന്നാണ് ഇപ്പോൾ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്താനിൽ നിന്നുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്ത് നാലാമത്തെ സംവിധാനവും പടിഞ്ഞാറൻ അതിർത്തിയിൽ തന്നെ വിന്യസിക്കാനാണ് സാധ്യത. കരാറിന്റെ ഭാഗമായുള്ള അവസാനത്തെയും സ്ക്വാഡ്രൺ ഈ വർഷം അവസാനത്തോടെ കൈമാറുമെന്നാണ് പ്രതീക്ഷ. പക്ഷേ, ഇത് സാങ്കേതിക കാരണങ്ങളാൽ അടുത്ത വർഷം ആദ്യത്തിലേക്ക് നീളാൻ സാധ്യതയുണ്ട്.
ഇന്ത്യൻ വ്യോമസേന ‘സുദർശൻ ചക്ര’ എന്ന് നാമകരണം ചെയ്തിട്ടുള്ള എസ്-400, വെറുമൊരു പ്രതിരോധ കവചം എന്നതിനപ്പുറം യുദ്ധരംഗത്ത് നേരിട്ട് പരീക്ഷിക്കപ്പെട്ട ഒരു കരുത്തുറ്റ ആയുധമായി മാറിയിരിക്കുകയാണ്. 2025 മേയിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിൽ ഈ സംവിധാനം നിർണായക പങ്കുവഹിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് എസ്-400 സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതായാണ് വിവരം. ഇതിന് പ്രതിരോധ സംഭരണ സമിതി (DAC) ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾക്കെതിരെ വ്യോമ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായാണ് ഇന്ത്യ കൂടുതൽ എസ്-400 പ്രതിരോധ സംവിധാനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത്. രണ്ട് യൂണിറ്റുകളുടെ പ്രാദേശിക ഉൽപ്പാദനത്തിനുള്ള സാങ്കേതികവിദ്യ കൈമാറ്റം ഉൾപ്പെടെ അഞ്ച് യൂണിറ്റുകൾ വാങ്ങാനാണ് പദ്ധതിയെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ പുതിയ കരാർ കൂടി യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ പക്കലുള്ള എസ്-400 സ്ക്വാഡ്രണുകളുടെ എണ്ണം പത്തായി ഉയരും. ഇത് രാജ്യത്തിന്റെ ദീർഘദൂര വ്യോമപ്രതിരോധശേഷിക്ക് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: The fourth squadron of the Russian-made S-400 Triumf long-range air defense missile system, renamed 'Sudarshan Chakra', has arrived in India and will be deployed soon along the western border to counter potential aerial threats.
Published: 05 Jun 2026, 11:42 am IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented