ന്യൂഡൽഹി: ഫ്രാൻസുമായി ചേർന്ന് യുദ്ധവിമാന എൻജിൻ വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. അടുത്ത തലമുറ യുദ്ധവിമാനത്തിന് വേണ്ടിയുള്ള എൻജിൻ വികസനത്തിനായി ഫ്രാൻസിന്റെ സഫ്രാൻ എന്ന കമ്പനിയുമായാകും ഡിആർഡിഒയുടെ കീഴിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് ( ജിടിആർഇ) സഹകരിക്കുക. 120 കിലോ ന്യൂട്ടൺ ത്രസ്റ്റ് ഉത്പാദിപ്പിക്കാൻ സാധിക്കുന്ന എൻജിൻ വികസനത്തിനായാണ് പദ്ധതി.
എൻജിൻ രൂപകൽപ്പന, യന്ത്രഘടകങ്ങൾക്ക് ആവശ്യമായ സങ്കീർണമായ ലോഹസംയുക്തങ്ങൾ നിർമിക്കൽ എന്നിവയ്ക്കാവശ്യമായ സാങ്കേതിക വിദ്യകൾ പൂർണമായും ഇന്ത്യയ്ക്ക് കൈമാറണം. ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനും എൻജിനിൽ ആവശ്യത്തിന് മാറ്റങ്ങൾ വരുത്താനും കയറ്റുമതി ചെയ്യാനുമുള്ള ബൗദ്ധിക സ്വത്തവകാശവും ഇന്ത്യയ്ക്ക് ലഭിക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലാണ് സഫ്രാനുമായി സഹകരിക്കാൻ തീരുമാനിച്ചത്.
സഫ്രാന് പുറമെ യു.കെയുടെ റോൾസ് റോയ്സ് എന്ന കമ്പനിയും ഈ പദ്ധതിയുടെ അവസാന പട്ടികയിൽ ഉൾപ്പെട്ടിരുന്നു. രണ്ടുകൂട്ടരും സമാനമായ വാഗ്ദാനങ്ങളാണ് മുന്നോട്ട് വെച്ചത്. എന്നാൽ പ്രതിരോധ മന്ത്രാലയം വ്യോമയാന രംഗത്തെ വിദഗ്ദരുമായും പ്രതിരോധ രംഗത്തെ മുൻനിര സ്ഥാപനങ്ങളുമായുമൊക്കെ ചർച്ച ചെയ്തതിന് ശേഷമാണ് സഫ്രാനുമായി സഹകരിക്കാൻ തീരുമാനിച്ചത്.
ഏകദേശം 61000 കോടി രൂപയുടെ കരാറായിരിക്കും ഇതിനായി സഫ്രാനുമായി ഒപ്പിടേണ്ടി വരിക. എൻജിൻ വികസനത്തിനായി സഫ്രാനിലെയും ജിടിആർഇയിലെയും ഗവേഷകർ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കും. പ്രധാനമായും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന് ( എഎംസിഎ) വേണ്ടിയാണ് എൻജിൻ വികസിപ്പിക്കുന്നതെങ്കിലും അതിതാപത്തെ അതിജീവിക്കാൻ കഴിയുന്ന ലോഹസംയുക്തങ്ങളുടെയും എൻജിൻ പ്രവർത്തനത്തിന്റെയും സാങ്കേതിക വിവരങ്ങൾ ലഭ്യമാകുന്നത് ഭാവിയിലെ യുദ്ധവിമാന വികസനത്തിൽ നിർണായകമാകും.
എഎംസിഎയുടെ അഞ്ച് പ്രോട്ടോ ടൈപ്പുകൾ 2027ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ ജനറൽ ഇലക്ട്രിക്കിന്റെ ജിഇ-414 എൻജിനാകും ഉപയോഗിക്കുക. ഇന്ത്യാ- ഫ്രാൻസ് സംയുക്ത സംരംഭമായി വികസിപ്പിക്കുന്ന എൻജിൻ എംഎസിഎയുടെ മാർക്ക് 2 പതിപ്പ് മുതൽ ഉപയോഗിക്കും. 2035 മുതൽ എഎംസിഎയുടെ ഉത്പാദനം ആരംഭിക്കമെന്നാണ് കരുതുന്നത്.
സംയുക്തമായി വികസിപ്പിക്കുന്ന എൻജിൻ കുറഞ്ഞത് 250 എണ്ണമെങ്കിലും വ്യോമസേനയ്ക്ക് വേണ്ടിവരും. സഫ്രാൻ നിലവിൽ വികസിപ്പിച്ച സ്നെക്മാ എം-88 എന്ന എൻജിനെ അടിസ്ഥാനമാക്കിയാണ് പുതിയ എൻജിൻ വികസിപ്പിക്കുക എന്നാണ് വിവരം,
നിലവിൽ റഫാൽ വിമാനങ്ങളിൽ ഉപയോഗിക്കുന്നത് ഈ എൻജിനാണ്. ഈ എൻജിനേപ്പറ്റിയുള്ള സാങ്കേതിക വിവരങ്ങൾ ലഭ്യമാകുന്നത് ഇന്ത്യയുടെ തദ്ദേശീയ വാണിജ്യ വിമാന എൻജിന് വികസന പദ്ധതികൾക്ക് ഗതിവേഗം കൂട്ടുമെന്നാണ് കരുതുന്നത്. സൈനിക, സിവൽ എവിയേഷൻ രംഗത്ത് സ്വയംപര്യാപ്തരാകാനുള്ള ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ഇത് ശക്തിപകരുകയും ചെയ്യും.
Content Highlights: India`s DRDO to collaborate with Safran on next-gen fighter jet engine.
Published: 18 Jul 2025, 09:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented