ദേശീയ സുരക്ഷാ കാര്യങ്ങളിൽ രണ്ട് ആണവായുധ അയൽരാജ്യങ്ങളായ ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നും ഒരേസമയം നേരിടേണ്ടി വന്നേക്കാവുന്ന ദ്വിമുഖ യുദ്ധം (Two-Front War) എന്നത് ഇന്ത്യയുടെ പ്രതിരോധ തന്ത്രജ്ഞർ നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളിയാണ്. ഒരേസമയം ഇരുരാജ്യങ്ങളേയും നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാകുമോ എന്ന് ചോദിച്ചാൽ ഉണ്ടായിക്കൂടെന്നില്ല എന്ന മറുപടിയെ തത്കാലം നൽകാനാകു. അത് വിലയിരുത്തേണ്ടത് വിവിധ സാഹചര്യങ്ങളിലൂടെയാണ്. പാകിസ്താൻ എന്ന രാജ്യം ചൈനയെ സംബന്ധിച്ചിടത്തോളം ഇന്ത്യയ്‌ക്കെതിരായി ഉപയോഗിക്കാനാകുന്ന മികച്ച കരുവാണ്. ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ, പ്രത്യേകിച്ച് അരുണാചൽ പ്രദേശ്, അല്ലെങ്കിൽ ദോക്‌ലാം, ലഡാക്കിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ എന്നിവ പിടിച്ചെടുക്കാൻ ചൈന ശ്രമിച്ചാൽ അതിന് അവർ പാകിസ്താനെ ഉപയോഗിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള സാധ്യത വളരെ കുടുതലാണ് എന്ന് വിലയിരുത്താം.

To advertise here,

കാരണം വിവിധ മേഖലകളിൽ പാക്- ചൈന അച്ചുതണ്ട് സഖ്യം ശക്തമാണ്. സാമ്പത്തിക മേഖലയിലായാലും പ്രതിരോധ രംഗത്തായാലും പാകിസ്താനും ചൈനയും തമ്മിലുള്ള സഹകരണം വലുതാണ്. ചൈനയ്ക്ക് പാകിസ്താനെ ആവശ്യമുള്ളതിനേക്കാളേറെ ഇപ്പോൾ പാകിസ്താന് ചൈനയെ ആവശ്യമുണ്ട്. അപ്പോൾ ചൈനയ്ക്ക് വേണ്ടി ചാവേറാകാൻ പാകിസ്താൻ മടിച്ചെന്നിരിക്കില്ല. അതുമല്ലെങ്കിൽ മറ്റൊരു സാധ്യത എന്നത് ഇന്ത്യയും പാകിസ്താനും തമ്മിലൊരു സംഘർഷം ഉണ്ടാവുകയും അത് നീണ്ടുനിൽക്കുന്ന അവസ്ഥയിലേക്ക് പോവുകയും ചെയ്താൽ ചൈന സൈനികമായി ഇടപെടാനുള്ള സാധ്യതയാണ്. എന്ത് തന്നെ ആയാലും ഒരു പരമാധികാര രാഷ്ട്രത്തിന് ഇത്തരം സാഹചര്യങ്ങളെ ചെറുത്ത് തോൽപ്പിച്ചേ മതിയാകു. അതിന് നിലവിലെ രീതിയിൽ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നതാണ് ചോദ്യം.

ശത്രുരാജ്യങ്ങളുടെ സംയുക്ത നീക്കങ്ങളെ പ്രതിരോധിക്കുക എന്നത് വിവിധ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒറ്റയ്ക്ക് ഇന്ത്യയ്ക്ക് ഇത് സാധിക്കുമോയെന്ന് ചോദിച്ചാൽ നിലവിൽ അത് കുറച്ച് പ്രയാസമുണ്ടാക്കുന്നതാണ് എന്നതാണ് യാഥാർഥ്യം. ഇന്ത്യയുടെ നിലവിലെ സൈനിക ശേഷി, പ്രതിരോധ ഉത്പാദനം, ആയുധ സംഭരണം, നയതന്ത്ര കൂട്ടുകെട്ടുകൾ എന്നിവയുടെ സംയോജിത ശക്തിയിലൂടെ മാത്രമേ പരമാധികാരത്തിനെതിരായ ഏതൊരു കടന്നുകയറ്റത്തേയും ചെറുത്ത് തോൽപ്പിക്കാനാകു.

ആഗോള സൈനിക കരുത്ത് വിലയിരുത്തുന്ന 'ഗ്ലോബൽ ഫയർപവർ ഇൻഡക്‌സ്' (Global Firepower Index) അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യ തുടർച്ചയായി നിലകൊള്ളുന്നു. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുടെ തന്ത്രപ്രധാന പ്രതിയോഗിയായ പാകിസ്താൻ മുൻ വർഷങ്ങളിലെ ഒൻപതാം സ്ഥാനത്തുനിന്ന് 2025-ൽ പന്ത്രണ്ടാം സ്ഥാനത്തേക്കും 2026-ൽ പതിനാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിട്ടുണ്ട്. ഇത് ദക്ഷിണേഷ്യൻ സുരക്ഷാ മേഖലയിൽ ഇന്ത്യയുടെ പരമ്പരാഗത യുദ്ധമുറകളിലെ സൈനിക മേധാവിത്വം കൂടുതൽ ദൃഢമാക്കുന്നു. ഇന്ത്യയുടെ സൈനിക ശേഷിയുടെ കാതൽ അതിന്റെ വിപുലമായ മനുഷ്യവിഭവശേഷിയും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആയുധശേഖരവുമാണ്. സായുധ സേനയ്ക്ക് കീഴിൽ 14.3 ലക്ഷം സജീവ സൈനികരും 10 ലക്ഷം റിസർവ് സൈനികരും 25 ലക്ഷത്തിലധികം വരുന്ന അർദ്ധസൈനിക വിഭാഗങ്ങളുമുണ്ട്.

ചൈന- പാക് അച്ചുതണ്ട് എന്ന ഭീഷണി

ചൈനയും പാകിസ്താനും തമ്മിലുള്ള തന്ത്രപ്രധാനവും സൈനികവുമായ പങ്കാളിത്തം ഇന്ത്യയുടെ സുരക്ഷാ ആസൂത്രണത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഔപചാരികമായ ഒരു പരസ്പര സൈനിക സഖ്യം നിലവിലില്ലെങ്കിലും, ഇന്ത്യയ്‌ക്കെതിരെയുള്ള സഹകരണം ഒരു പരിധിയില്ലാത്ത പങ്കാളിത്തം (Threshold Alliance) എന്ന നിലയിലേക്ക് വളർന്നിരിക്കുന്നു. സൈനിക സാങ്കേതികവിദ്യയുടെ കൈമാറ്റമാണ് ഇതിൽ ഏറ്റവും പ്രധാനം. പാകിസ്താന് ചൈന കൈമാറുന്ന വിടി-4 ടാങ്കുകൾ, ജെ-10സിഇ യുദ്ധവിമാനങ്ങൾ, പിഎൽ-15 എയർ-ടു-എയർ മിസൈലുകൾ എന്നിവ പാക് സൈന്യത്തിന്റെ പ്രഹരശേഷി ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തെ തകർക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലുകൾ പാകിസ്താന് നൽകാൻ ചൈന ചർച്ചകൾ നടത്തുന്നുണ്ട്. കൂടാതെ, ചൈനീസ് കടൽക്കൊള്ള വിരുദ്ധ ദൗത്യങ്ങളുടെ മറവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയ്ക്ക് താവളമൊരുക്കാനുള്ള പാകിസ്താന്റെ തന്ത്രപരമായ നീക്കങ്ങൾ സമുദ്രസുരക്ഷയെ സങ്കീർണ്ണമാക്കുന്നുമുണ്ട്. നിലവിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ ചെങ്ഡുവിലും ( ചൈനയുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡ്) റാവൽപിണ്ടിയിലുമുള്ള (പാകിസ്താൻ ആർമി ആസ്ഥാനം) കമാൻഡ് ആൻഡ് കൺട്രോൾ ഘടനകളിൽ സംയുക്തമായി പ്രവർത്തിക്കുന്നുണ്ട്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ഇൻഫർമേഷൻ സപ്പോർട്ട് ഫോഴ്‌സ് (PLAISF) പാക് സൈന്യവുമായി സംയുക്ത സൈബർ-ശാസ്ത്രീയ പോരാട്ടങ്ങളിലും ആശയവിനിമയ ശൃംഖലകളുടെ ഏകോപനത്തിലും സജീവ പങ്കാളികളാണ്. സീ ഗാർഡിയൻസ്, ഷഹീൻ എന്നീ വ്യോമ-നാവിക സംയുക്ത അഭ്യാസങ്ങളിലൂടെ ഇരുരാജ്യങ്ങളും പരസ്പര സൈനിക സഹകരണ ശേഷി വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, സംയുക്ത സൈനികതന്ത്രങ്ങളുടെയും (Unified Doctrines) പൊതുവായ ആശയവിനിമയ ശൃംഖലകളുടെയും അഭാവം ഇവരുടെ സമ്പൂർണ്ണ പരസ്പര സഹകരണത്തോടെയുള്ള യുദ്ധശേഷിയെ പരിമിതപ്പെടുത്തുന്നുമുണ്ട്.

ചൈനയുമായുള്ള ഒരു നേരിട്ടുള്ള യുദ്ധം ഇന്ത്യയ്ക്ക് ഏറ്റവും കഠിനമായ സാമ്പത്തിക-സൈനിക പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. സൈനിക ബജറ്റിന്റെ കാര്യത്തിൽ ചൈന ഇന്ത്യയേക്കാൾ മൂന്നിരട്ടിയിലധികം തുക ചിലവഴിക്കുന്നുണ്ട്. 2026 ലെ കണക്കനുസരിച്ച് ചൈനയുടെ പ്രതിരോധ ബജറ്റ് 220-250 ബില്യൺ ഡോളർ ആയിരിക്കുമ്പോൾ ഇന്ത്യയുടേത് 80-90 ബില്യൺ ഡോളർ മാത്രമാണ്. എഐ അടിസ്ഥാനമാക്കിയുള്ള യുദ്ധമുറകൾ, ഉപഗ്രഹാധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, സൈബർ യുദ്ധം, ബഹിരാകാശ സാങ്കേതികവിദ്യകൾ എന്നിവയിൽ ചൈന കൈവരിച്ച സാങ്കേതിക മേധാവിത്വം അവർക്ക് വലിയ മേൽക്കൈ നേടിക്കൊടുക്കും. 2035-ഓടെയും സൈന്യത്തെ പൂർണ്ണമായി ആധുനികവത്കരിക്കാനാണ് ചൈനയുടെ പദ്ധതി. ഇതിലൂടെ സൈനിക ശേഷിയിൽ ഇരട്ടി വളർച്ചയുണ്ടാക്കാനാണ് അവർ പദ്ധതിയിടുന്നത്. ലോകത്ത് യുഎസിനെ വെല്ലുന്ന സൈനിക ശേഷി കൈവരിക്കുക എന്നതാണ് ചൈനയുടെ സ്വപ്നം. കരയുദ്ധത്തിലായാലും വ്യോമ-നാവിക യുദ്ധത്തിലായാലും അമേരിക്കയോട് കിടപിടിക്കുന്ന സൈനിക ശേഷി ആർജിക്കാനാണ് ചൈന ശ്രമിക്കുന്നത്. അതിൽ ഏറെക്കുറെ വിജയിച്ചുകൊണ്ടിരിക്കുകയുമാണ് അവർ. ടിബറ്റൻ പീഠഭൂമിയിൽ ചൈന നിർമ്മിച്ച വിമാനത്താവളങ്ങളും അതിവേഗ റെയിൽപ്പാതകളും സൈന്യത്തെ അതിവേഗം അതിർത്തിയിലേക്ക് എത്തിക്കാൻ അവരെ സഹായിക്കുന്നു. ഇതും ഇന്ത്യയെ സമ്മർദ്ദത്തിലാഴ്ത്തുന്ന ഘടകമാണ്. മറുവശത്ത് ഇന്ത്യയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇപ്പോഴും പിന്നിലാണ്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിലാണെന്നതാണ് ശ്രദ്ധിക്കേണ്ട മാറ്റം.

എന്നാൽ, ഈ പ്രതിസന്ധികളെ മറികടക്കാൻ ചില തനത് അനുകൂല ഘടകങ്ങൾ ഇന്ത്യയ്ക്കുണ്ട്. അതിലേറ്റവും പ്രധാനം ഹിമാലയൻ അതിർത്തിയിലെ ഉയർന്ന മലനിരകളിലുള്ള യുദ്ധമുറകളിൽ (High-Altitude Warfare) ഇന്ത്യൻ കരസേനയ്ക്കുള്ള പതിറ്റാണ്ടുകളുടെ പരിചയസമ്പത്താണ്. ചൈനയുടെ ലോജിസ്റ്റിക്‌സ് ലൈനുകൾ വളരെ ദീർഘമേറിയതാണെന്നത് അവർക്ക് യുദ്ധകാലത്ത് തിരിച്ചടിയായേക്കാം. കൂടാതെ, അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ സമീപകാലത്ത് ഇന്ത്യ വൻ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) വഴി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ അതിർത്തി സുരക്ഷയെ മാറ്റിമറിച്ചിട്ടുണ്ട്. 13,000 അടി ഉയരത്തിലുള്ള സെലാ ടണൽ, ലഡാക്കിലെ ഷിങ്കു ലാ ടണൽ, ദർബുക്-ശ്യോക്-ഡിബിഒ റോഡ് എന്നിവ അതിർത്തിയിലേക്ക് ഭാരമേറിയ ടാങ്കുകളും ആർട്ടിലറിയും വേഗത്തിൽ എത്തിക്കാൻ ഇന്ത്യൻ സൈന്യത്തെ സഹായിക്കുന്നു. ഇതിനൊപ്പം 2,000 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന അരുണാചൽ ഫ്രോണ്ടിയർ ഹൈവേ അതിർത്തിയിലെ തന്ത്രപ്രധാന താഴ്വരകളെ പരസ്പരം ബന്ധിപ്പിക്കുന്നു. ബ്രഹ്‌മപുത്ര നദിക്ക് അടിയിലൂടെയുള്ള അണ്ടർവാട്ടർ റെയിൽ-റോഡ് ടണലും അതിർത്തി ഗ്രാമങ്ങളെ സജീവമാക്കുന്ന വൈബ്രന്റ് വില്ലേജസ് (Vibrant Villages) പദ്ധതിയും പുരോഗമിക്കുകയാണ്. ഇവ പൂർത്തിയായാൽ ഇന്ത്യയുടെ പ്രതിരോധ കോട്ടയെ കൂടുതൽ ശക്തമാകും. 

യുദ്ധകാല ആവശ്യങ്ങളും ഇന്ത്യൻ പ്രതിരോധ ഉത്പാദന ശേഷിയും

ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉത്പാദനം സമീപവർഷങ്ങളിൽ വൻ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആത്മനിർഭർ ഭാരത് പദ്ധതികളുടെ ഫലമായി പ്രതിരോധ ഉത്പാദനം 2023-24 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നിരക്കായ 1.27 ലക്ഷം കോടി രൂപയിലെത്തി. പ്രതിരോധ കയറ്റുമതി മുപ്പത് മടങ്ങ് വർദ്ധിച്ച് 21,083 കോടി രൂപയായി ചരിത്ര വിജയം നേടി. നിലവിൽ ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങളുടെ 65 ശതമാനവും ആഭ്യന്തര നിർമ്മാണത്തിലൂടെയാണ് പരിഹരിക്കുന്നത്. 96 ശതമാനം തദ്ദേശീയ ഭാഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ആകാശ് മിസൈൽ സംവിധാനം, ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ഡി-4 ആന്റി-ഡ്രോൺ സംവിധാനം എന്നിവ ഈ ആഭ്യന്തര കുതിപ്പിന്റെ ഉദാഹരണങ്ങളാണ്. എന്നിരുന്നാലും, ഉയർന്ന സാങ്കേതികവിദ്യ ആവശ്യമുള്ള പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ ഇന്ത്യ ഇപ്പോഴും വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ ഇറക്കുമതിക്കാരാണ് ഇന്ത്യ (ആഗോള ഇറക്കുമതിയുടെ 8.3 ശതമാനം). പ്രതിരോധ സംഭരണങ്ങളുടെ 58 ശതമാനവും വിദേശ സാങ്കേതികവിദ്യകളുടെ ലൈസൻസ് അടിസ്ഥാനമാക്കിയുള്ള നിർമ്മാണമാണ്. അത്യാധുനിക ഫൈറ്റർ ജെറ്റ് എഞ്ചിനുകൾ, അഡ്വാൻസ്ഡ് ഏവിയോണിക്‌സ്, സ്റ്റെൽത്ത് സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് ഇന്ത്യ ഇപ്പോഴും വിദേശ ഇറക്കുമതികളെ ആശ്രയിക്കുന്നു. യുദ്ധസമയത്ത് വിതരണ ശൃംഖലകളിൽ ഉണ്ടാകുന്ന തടസ്സങ്ങളും വിദേശ ഉപരോധങ്ങളും രാജ്യത്തെ സാരമായി ബാധിച്ചേക്കാം. 2029-ഓടെ പ്രതിരോധ ഉത്പാദനം 3 ലക്ഷം കോടി രൂപയായും കയറ്റുമതി 50,000 കോടി രൂപയായും ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

 

എന്നാൽ യുദ്ധകാല ആവശ്യങ്ങൾ നേരിടാൻ തക്കവണ്ണം ഇന്ത്യയുടെ ആയുധ സംഭരണ ശേഖരം (War Wastage Reserve - WWR) പര്യാപ്തമാണോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. മുൻപത്തെ തന്ത്രപ്രധാന മാനദണ്ഡങ്ങൾ പ്രകാരം 40 ദിവസത്തെ തീവ്രമായ യുദ്ധത്തിനുള്ള ആയുധങ്ങൾ ഇന്ത്യ ശേഖരിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ 1999-ൽ ഇത് 20 ദിവസത്തേക്ക് മാത്രമായി വെട്ടിക്കുറച്ചു. സി.എ.ജി റിപ്പോർട്ടുകൾ പ്രകാരം, പല നിർണായക വെടിക്കോപ്പുകളും 10 ദിവസത്തേക്ക് പോലും തികയില്ലെന്ന വെളിപ്പെടുത്തൽ മുൻപ് ഉണ്ടായിരുന്നു. ഇത് സൈനികരുടെ പരിശീലനത്തെപ്പോലും ബാധിച്ചിരുന്നു. ഉറി ആക്രമണത്തിന് (2016) ശേഷം ഈ അടിയന്തര പ്രതിസന്ധി പരിഹരിക്കാൻ സേനാ വൈസ് ചീഫ്മാർക്ക് അടിയന്തര ആയുധ സംഭരണത്തിനുള്ള സാമ്പത്തിക അധികാരം 500 കോടി മുതൽ 800 കോടി രൂപ വരെയായി വർദ്ധിപ്പിച്ചു നൽകി. ഇതുവഴി റഷ്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ ആർട്ടിലറി ഷെല്ലുകളും ടാങ്ക് വെടിയുണ്ടകളും (APFSDS) വാങ്ങി സംഭരണം വിപുലീകരിച്ചു. നിലവിൽ പടിഞ്ഞാറൻ അതിർത്തിയിൽ 10 ദിവസത്തെ തീവ്ര യുദ്ധത്തിനും വടക്കൻ അതിർത്തിയിൽ ചൈനയെ പ്രതിരോധിക്കാൻ 30 ദിവസത്തെ തീവ്ര യുദ്ധത്തിനും ആവശ്യമായ ആയുധങ്ങൾ സംഭരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ റോൾ-ഓൺ ഓർഡറുകളിലൂടെ വെടിക്കോപ്പ് ഉത്പാദനം കൂടുതൽ വ്യവസ്ഥാപിതമാക്കിയിട്ടുണ്ട്.

ഒരേസമയം രണ്ട് യുദ്ധങ്ങൾ നേരിടാനുള്ള പ്രതിരോധ നീക്കങ്ങൾ

2025 മേയ് 6 മുതൽ 10 വരെ നടന്ന 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെ തത്സമയ പരീക്ഷണമായിരുന്നു. പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഒൻപത് പ്രധാന ഭീകരതാവളങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ശക്തമായ മിസൈൽ-വ്യോമ ആക്രമണമായിരുന്നു ഇത്. ഈ സംഘർഷത്തിൽ 125-ലധികം യുദ്ധവിമാനങ്ങൾ പങ്കെടുത്ത അതിർത്തിയിലെ ഏറ്റവും വലിയ ആകാശപോരാട്ടം നടന്നു. പാകിസ്താൻ തങ്ങളുടെ ചൈനീസ് നിർമ്മിത ജെ-10സി യുദ്ധവിമാനങ്ങളും എഫ്-16 വിമാനങ്ങളും ഉപയോഗിച്ചാണ് ഇതിനെ പ്രതിരോധിച്ചത്. പാകിസ്താൻ ഇന്ത്യയുടെ അതിർത്തി പ്രതിരോധം തകർക്കാൻ 600-ലധികം ഡ്രോണുകളും 'ഫത്താ-II' (Fatah-II) ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. എന്നാൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'ആകാശതീർ' (Akashteer) എയർ ഡിഫൻസ് സിസ്റ്റവും വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റവും (IACCS) ചേർന്ന സുരക്ഷാ വലയം എല്ലാ ശത്രു ഡ്രോണുകളെയും മിസൈലുകളെയും വിജയകരമായി തകർത്തു. ആദംപുർ എയർഫോഴ്‌സ് സ്റ്റേഷനിലെ എസ്-400 പ്രതിരോധ സംവിധാനത്തെ തകർക്കാനുള്ള പാക് നീക്കങ്ങളെയും ഈ പ്രതിരോധ വലയം പരാജയപ്പെടുത്തി.

മറുപടിയായി ഇന്ത്യൻ വ്യോമസേനയുടെ റഫാൽ വിമാനങ്ങൾ വെറും 23 മിനിറ്റിനുള്ളിൽ പാകിസ്താന്റെ പ്രതിരോധ വലയം ഭേദിച്ച് നൂറുൽ ഖാൻ, റഹീം യാർ ഖാൻ ഉൾപ്പെടെയുള്ള 11 പാക് വ്യോമതാവളങ്ങളെ ആക്രമിച്ചു. ഇതിൽ പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു ഏർലി വാണിംഗ് വിമാനവും വെടിവച്ചിട്ടു. ഈ സംഘർഷത്തിൽ നിന്ന് ലഭിച്ച അറിവുകളുടെ പശ്ചാത്തലത്തിൽ, പ്രതിരോധ സംഭരണങ്ങൾ വലിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ചെറിയ തന്ത്രപ്രധാന ആയുധങ്ങളിലേക്ക് (Tactical Weapons) മാറ്റാൻ തുടങ്ങി. ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) 2026ൽ 52,000 കോടി രൂപയുടെ തന്ത്രപ്രധാന ഉപകരണങ്ങൾക്ക് അനുമതി നൽകി. ഇതിൽ ആന്റി-ഡ്രോൺ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, തോളിൽ നിന്ന് തൊടുക്കാവുന്ന ആന്റി-ടാങ്ക് മിസൈലുകൾ, കമികാസെ ഡ്രോണുകൾ, ഹൈ ആൾട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റുകൾ (HAPS) എന്നിവ ഉൾപ്പെടുന്നു. കൂടാതെ പ്രളയ് (Pralay) ക്വാസി-ബാലിസ്റ്റിക് മിസൈലുകൾ, ബ്രഹ്‌മോസ് ക്രൂയിസ് മിസൈലുകൾ, 120 കിലോമീറ്റർ ദൂരപരിധിയുള്ള പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റുകൾ (Pinaka LRGR) എന്നിവ ഒരുമിച്ച് ചേർത്ത് ഒരു 'സംയോജിത റോക്കറ്റ് സേന' (Integrated Rocket Force) രൂപീകരിക്കാൻ കരസേന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ഇനിയുമുണ്ടാകാനുള്ള സാധ്യത സൈനികവൃത്തങ്ങൾ തള്ളിക്കളഞ്ഞിട്ടില്ല. അതിർത്തി കടന്നുള്ള ഭീകരവാദമാണ് ഇതിന് പ്രധാന കാരണം. തിരിച്ചടികൾ ഏറെ നൽകിയിട്ടും പാകിസ്താനിൽ ഇന്ത്യാവിരുദ്ധ ഭീകരസംഘങ്ങൾ നിർബാധം പ്രവർത്തിക്കുന്നുണ്ട്. ഇനിയും പ്രകോപനം ഉണ്ടായാൽ കനത്ത തിരിച്ചടി നൽകുന്നതിനായി ഇന്ത്യൻ സൈന്യം തങ്ങളുടെ യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഒരുങ്ങുന്നത്. കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സംയുക്ത തിയേറ്റർ കമാൻഡുകൾ നടപ്പിലാക്കുന്നതിലൂടെ ശത്രുരാജ്യങ്ങൾക്കുള്ളിലെ ഭീകരതാവളങ്ങളെ കൃത്യതയോടെ തകർക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇത് സംബന്ധിച്ച 'ഓപ്പറേഷൻ സിന്ദൂർ 2.0' (Operation Sindoor 2.0) എന്ന സൈനിക പദ്ധതി ഇന്ത്യ തയ്യാറാക്കുന്നുണ്ട്.

പാകിസ്താനിൽ നിന്നുള്ള പ്രകോപനങ്ങളോട് അതിവേഗത്തിൽ നടപടിയെടുക്കുന്നതിനായി 'ഭൈരവ്' എന്ന പേരിലുള്ള എലൈറ്റ് കമാൻഡോ ബറ്റാലിയനുകളും 'രുദ്ര' എന്ന ദ്രുതകർമ്മ ബ്രിഗേഡുകളും രൂപീകരിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഈ പ്രത്യേക വിഭാഗങ്ങൾക്ക് പിന്തുണയുമായി ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, റഫാൽ യുദ്ധവിമാനങ്ങൾ, അത്യാധുനിക ഡ്രോൺ കൂട്ടങ്ങൾ എന്നിവ സജ്ജമാക്കും. ഒരു സാങ്കൽപ്പിക സാഹചര്യം മുൻനിർത്തി പ്രതിരോധ വിദഗ്ധർ ഈ നീക്കത്തെ വിശകലനം ചെയ്യുന്നുണ്ട്. പാകിസ്താനിലെ ബഹാവൽപൂർ പോലെയുള്ള ശത്രുരാജ്യത്തിന്റെ ഉൾഭാഗത്തുള്ള ഭീകരതാവളങ്ങളെ ലക്ഷ്യമിട്ടായിരിക്കും നീക്കമുണ്ടാവുകയെന്നാണ് വിലയിരുത്തുന്നത്. വെറും 45 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയാക്കുന്ന കമാൻഡോ ഓപ്പറേഷനാകും അടുത്ത ഘട്ടത്തിലുണ്ടാവുക. ഇതിനോടൊപ്പം തന്നെ നാവികസേന കടലിലൂടെ മിസൈലുകൾ അയച്ച് ശത്രുവിന്റെ പ്രത്യാക്രമണം തടയും. സൈബർ വിരുദ്ധ വിഭാഗങ്ങൾ ശത്രുവിന്റെ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാക്കുകയും ചെയ്യും. ദൗത്യത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഡ്രോണുകൾ വഴി പുറത്തുവിട്ടുകൊണ്ട് ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ നടപടി സ്വയംരക്ഷയ്ക്കുള്ളതാണെന്ന് ബോധ്യപ്പെടുത്തും. ഇത്തരം സാഹചര്യങ്ങൾ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനുള്ള അവസരം ഇല്ലാതാക്കും. അതിനാൽ പാകിസ്താനുമായുള്ള ചെറിയ സംഘർഷങ്ങൾ ഒരു മുഴുയുദ്ധത്തിലേക്ക് പോകാനുള്ള സാധ്യത വിരളമാണ്. അല്ലെങ്കിൽ അവർ അതിന് തയ്യാറെടുത്ത് മനപൂർവം ഒരു വിഷയമുണ്ടാക്കിയെടുക്കണം.

ഇന്ത്യയും ചൈനയും തമ്മിലുള്ള സാഹചര്യം തീർത്തും വ്യത്യസ്തമാണ്. 1962ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ യുദ്ധത്തിലെ അവസ്ഥയിലല്ല ഇന്ന് ഇന്ത്യയുടെ അതിർത്തി മേഖലകളും ആയുധ സംവിധാനങ്ങളും. അത് ചൈനയ്ക്ക് നന്നായി അറിയാം. ഗാൽവാൻ സംഘർഷത്തിലും ദോക്ലാമിലും ചൈന അത് ദർശിച്ചതുമാണ്. ഇന്ത്യ എത്രനാൾ നീണ്ടാലും സ്വാഭിമാനവും അഖണ്ഡതയും നിലനിർത്താൻ ഏതറ്റം വരെയും പോകാൻ സജ്ജമാണെന്ന് ചൈനയെ ബോധ്യപ്പെടുത്തിയ സംഭവമാണ് ഗാൽവാനിൽ നടന്നത്. പോരാട്ടമെങ്കിൽ അതിനും തയ്യാറെന്ന തരത്തിൽ വൻതോതിൽ സേനയെ വിന്യസിച്ച് ഇന്ത്യ ചൈനയെ അമ്പരിപ്പിച്ചിരുന്നു. 1962ൽ പിന്നോട്ടുപോയ സൈന്യത്തേയല്ല അവർ ദോക്ലാമിലും ഗാൽവാനിലും കണ്ടത്. 1962ലെ തിരിച്ചടിക്ക് കണക്ക് ചോദിക്കാനെന്ന തരത്തിലായിരുന്നു അന്നത്തെ പടയൊരുക്കം. എന്നിരുന്നാലും ഇന്ത്യയുടെ ഉൾപ്രദേശങ്ങൾ ലക്ഷ്യമിട്ട് ചൈന വലിയതോതിൽ മിസൈൽ ലോഞ്ചറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഉടനെ ഒരു പ്രകോപനം ഇന്ത്യയും ചൈനയും പ്രതീക്ഷിക്കുന്നുമില്ല. കാരണം ചൈനയ്ക്ക് നിലവിൽ തായ്‌വാൻ ഒരു അഭിമാന പ്രശ്‌നമാണ്. അത് പരിഹരിക്കാതെ മറ്റിടങ്ങളിൽ സമയം ചെലവഴിക്കാൻ നിലവിൽ ചൈന ആഗ്രഹിക്കുന്നില്ല എന്നാണ് വിലയിരുത്തലുകൾ. തായ്‌വാൻ വിഷയം തങ്ങൾക്ക് അനുകൂലമായ രീതിയിൽ പരിഹരിക്കാൻ സാധിച്ചാൽ ചൈനയുടെ രീതികൾ മാറും. തായ്‌വാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നിലവിൽ ചൈന നടത്തുന്നതും തയ്യാറെടുക്കുന്നതും. അതിനുള്ള സൈനിക പരിശീലനങ്ങളും ചൈനയിൽ മുടക്കമില്ലാതെ നടക്കുന്നുമുണ്ട്. പ്രശ്‌നങ്ങളൊഴിഞ്ഞില്ലെങ്കിലും ഇന്ത്യാ- ചൈന അതിർത്തി നിലവിൽ സംഘർഷരഹിതമാണ്. അത് നിലനിർത്താനാണ് ചൈനയ്ക്കും നിലവിൽ താത്പര്യം. അതിനാൽ ഉടനെ ഒരു സൈനിക നീക്കം ഇന്ത്യയും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും ജാഗ്ര കൈവിട്ടിട്ടുമില്ല.

അന്താരാഷ്ട്ര പ്രതിരോധ കൂട്ടുകെട്ടുകളും വിദേശ നയതന്ത്ര പിന്തുണയും

ഒരു ദ്വിമുഖ യുദ്ധ സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ ഇന്ത്യയെ നേരിട്ട് സൈനികമായി സഹായിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഭൗമരാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് നയതന്ത്രപരമായ പിന്തുണയും ആയുധ വിതരണവുമാകും അവർ നൽകുക. മുൻകാല ചരിത്രങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യ നയതന്ത്ര നീക്കങ്ങൾ നടത്തേണ്ടതുണ്ട്. ഇന്ത്യയുമായുള്ള സെക്യൂരിറ്റി ഓഫ് സപ്ലൈ അറേഞ്ച്‌മെന്റ് (SOSA) കരാറുകളുടെ പശ്ചാത്തലത്തിൽ, ചൈനയ്‌ക്കെതിരായ യുദ്ധത്തിൽ അമേരിക്ക തത്സമയ ഉപഗ്രഹ നിരീക്ഷണ വിവരങ്ങൾ നൽകി സഹായിക്കാനുള്ള സാധ്യതയുണ്ട്. ചൈനയെ നേരിടുന്ന സമയത്ത് ഇന്ത്യയെ സഹായിക്കാനാകും അമേരിക്കയും ശ്രമിക്കുക. എന്നാൽ പാകിസ്താനുമായി തന്ത്രപ്രധാനമായ ബന്ധം നിലനിർത്തേണ്ടതിനാൽ യുദ്ധത്തിൽ അമേരിക്ക സന്തുലിത നയം സ്വീകരിച്ചേക്കാം. റഷ്യ ഇന്ത്യയുടെ പരമ്പരാഗത സുഹൃത്താണെങ്കിലും നിലവിൽ അവർ ചൈനയുടെ അടുത്ത തന്ത്രപ്രധാന പങ്കാളിയാണ്. അതിനാൽ ചൈനയ്‌ക്കെതിരായ യുദ്ധത്തിൽ റഷ്യ പൂർണ്ണമായി നിഷ്പക്ഷത പാലിക്കാനാണ് സാധ്യത. എങ്കിലും ആവശ്യമായ സ്‌പെയർ പാർട്‌സുകളും ആയുധങ്ങളും വിതരണം ചെയ്യാൻ അവർ തയ്യാറാകും. റഫാൽ വിമാനങ്ങൾ, സ്‌കോർപീൻ അന്തർവാഹിനികൾ എന്നിവയുടെ കരാറുകൾ ഫ്രാൻസിനുള്ളതിനാൽ യുദ്ധകാലത്ത് അത്യാവശ്യമായ മിസൈലുകളും തടസ്സമില്ലാത്ത ലോജിസ്റ്റിക്‌സ് പിന്തുണയും നൽകാൻ അവർ സന്നദ്ധരാകും. മുൻകാലങ്ങളിലെപ്പോലെ (കാർഗിൽ യുദ്ധം) അടിയന്തര ആയുധങ്ങൾ, ലേസർ ഗൈഡഡ് ബോംബുകൾ എന്നിവ മുൻഗണനാക്രമത്തിൽ നൽകാൻ ഇസ്രായേൽ എപ്പോഴും തയ്യാറാകും. പക്ഷെ അക്കാര്യത്തിൽ പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകളെ കൂടി കണക്കിലെടുക്കണം. ഇന്ത്യ ഒരു പ്രതിസന്ധി നേരിടുന്ന സമയത്ത് പശ്ചിമേഷ്യയിൽ ഇസ്രയേൽ വിരുദ്ധ ശക്തികളുമായി ബന്ധപ്പെ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. നയതന്ത്രപരമായ സഖ്യങ്ങൾ ഒരേസമയം രണ്ട് അതിർത്തികളിലെ സംഘർഷ സാധ്യത ലഘൂകരിക്കാൻ സഹായിക്കുമെങ്കിലും, യഥാർത്ഥ യുദ്ധമുഖത്ത് ഇന്ത്യ സ്വന്തം കാലിൽ നിൽക്കേണ്ടി വരും എന്നതാണ് യാഥാർത്ഥ്യം.

ദ്വിമുഖ യുദ്ധഭീഷണിയെ നേരിടുമ്പോൾ ഇന്ത്യൻ സായുധ സേനകൾ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളും പരിഗണിക്കേണ്ടതുണ്ട്. യുദ്ധത്തിൽ നിർണായകമാകേണ്ട വ്യോമസേന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി യുദ്ധവിമാന സ്‌ക്വാഡ്രണുകളുടെ കുറവാണ്. അംഗീകരിച്ചിട്ടുള്ള 42.5 സ്‌ക്വാഡ്രണുകൾക്ക് പകരം നിലവിൽ 29 മുതൽ 31 വരെ സജീവ സ്‌ക്വാഡ്രണുകൾ മാത്രമാണ് വ്യോമസേനയ്ക്കുള്ളത്. മിഗ്-21 വിമാനങ്ങൾ പൂർണ്ണമായും വിരമിച്ചതും ജഗ്വാർ, മിറാഷ്-2000, മിഗ്-29 വിമാനങ്ങൾ 2030-കളുടെ മധ്യത്തോടെ വിരമിക്കേണ്ടി വരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. തദ്ദേശീയ തേജസ് വിമാനങ്ങളുടെ നിർമ്മാണം യു.എസ് കമ്പനിയായ ജനറൽ ഇലക്ട്രിക് എഞ്ചിനുകൾ നൽകാൻ വൈകുന്നതുമൂലം പ്രതിസന്ധിയിലാണ്. കൂടാതെ മിഡ്-എയർ റീഫ്യുവലറുകൾ, എയർബോൺ വാണിംഗ് ആന്റ് കൺട്രോൾ സിസ്റ്റം (AWACS) എന്നിവയുടെ കുറവും വ്യോമസേനയ്ക്കുണ്ട്. 114 റഫാൽ പോർവിമാനങ്ങൾ വാങ്ങാനുള്ള മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് (MRFA) പദ്ധതി അതിവേഗം നടപ്പിലാക്കുക എന്നതാണ് ഇത് നേരിടാനുള്ള ഏറ്റവും ലളിതമായ പോംവഴികളിലൊന്ന്. ഇതിനൊപ്പം ഇന്ത്യയുടെ അഞ്ചാം തലമുറ തദ്ദേശീയ വിമാനമായ എ.എം.സി.എ (AMCA) വികസിപ്പിക്കാൻ സ്വകാര്യ മേഖലയുമായുള്ള പൊതു-സ്വകാര്യ പങ്കാളിത്തം (PPP) വേഗത്തിലാക്കണം. താല്ക്കാലിക പരിഹാരമെന്ന നിലയിൽ അഞ്ചാം തലമുറ വിദേശ വിമാനങ്ങൾ (F-35 അല്ലെങ്കിൽ Su-57) ലീസിനെടുക്കുകയോ വാങ്ങുകയോ ചെയ്യേണ്ടതുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് അന്തർവാഹിനികളുടെ സാന്നിധ്യം വർദ്ധിക്കുമ്പോഴും ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി ശേഷി പരിമിതമാണ്. നിലവിൽ 16-18 പരമ്പരാഗത അന്തർവാഹിനികളും മൂന്ന് ആണവ അന്തർവാഹിനികളും മാത്രമാണ് നാവികസേനയ്ക്കുള്ളത്. പരമ്പരാഗത അന്തർവാഹിനികളിൽ പല റഷ്യൻ കിലോ ക്ലാസ് അന്തർവാഹിനികളും കാലപ്പഴക്കം ചെന്നവയാണ്. തദ്ദേശീയമായ ആണവാക്രമണ അന്തർവാഹിനി (SSN) നിർമ്മിക്കാനുള്ള പദ്ധതികൾ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. ആദ്യത്തെ 2 തദ്ദേശീയ എസ്എസ്എൻ അന്തർവാഹിനികൾ നിർമ്മിക്കാൻ ഒക്ടോബർ 2024-ൽ അനുമതി നൽകിയെങ്കിലും ഇത് 2036-ഓടെയേ സജ്ജമാകൂ. റഷ്യയിൽ നിന്ന് ലീസിനെടുക്കുന്ന 'ചക്ര-III' അന്തർവാഹിനിയുടെ വിതരണം 2028-ലേക്ക് നീണ്ടിട്ടുണ്ട്. ജർമ്മനിയുമായി സഹകരിച്ച് 70,000 കോടി രൂപയുടെ പ്രൊജക്റ്റ് 75ഐ (Project 75I) ഉടൻ യാഥാർത്ഥ്യമാക്കി വായുരഹിത പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യയുള്ള ആറ് അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കണം. കൽവരി ക്ലാസ് അന്തർവാഹിനികളിൽ ഡി.ആർ.ഡി.ഓ വികസിപ്പിച്ച എ.ഐ.പി (DRDO AIP) സിസ്റ്റം ഘടിപ്പിക്കുന്ന പ്രവർത്തനം വേഗത്തിലാക്കണം. ഫ്രാൻസിന്റെ സഹായത്തോടെയുള്ള ആണവ അന്തർവാഹിനി നിർമ്മാണ പദ്ധതികൾ ത്വരിതപ്പെടുത്തണം. വേഗത്തിൽ പണിയാൻ കഴിയുന്നതിനാൽ തദ്ദേശീയ വികസനം പൂർത്തിയാകും വരെ 'അഡ്വാൻസ്ഡ് കൽവരി' അന്തർവാഹിനികൾ നിർമ്മിക്കുന്നതും പരിഗണിക്കാവുന്നതാണ്.

കരസേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശേഷിയും ഏകോപനവും തമ്മിലുള്ള വിടവാണ് (Effect-layer inversion). ബ്രഹ്‌മോസ് മിസൈലുകളും എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങളും അതിവേഗം വാങ്ങിയെങ്കിലും, അവയുടെ സുഗമമായ വിന്യാസത്തിന് ആവശ്യമായ കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ, ഇന്റലിജൻസ് (C4I) സംവിധാനങ്ങൾ പതുക്കെയാണ് വളരുന്നത്. 5,000 കോടി രൂപ ചിലവഴിച്ച ശേഷം 2018-ൽ ബാറ്റിൽഫീൽഡ് മാനേജ്‌മെന്റ് സിസ്റ്റം (BMS) ഉപേക്ഷിക്കേണ്ടി വന്നു. കഴിഞ്ഞ 25 വർഷമായി വികസിപ്പിക്കുന്ന ടാക്റ്റിക്കൽ കമ്മ്യൂണിക്കേഷൻ സിസ്റ്റം (TCS) ഇനിയും മുഴുവൻ സേനകൾക്കും വിന്യസിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിൽ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും (ITBP) വ്യത്യസ്ത മന്ത്രാലയങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്നത് പൂർണ്ണമായ ഏകോപനത്തിന് തടസ്സമാകുന്നുണ്ട്. സംയോജിത തിയേറ്റർ കമാൻഡുകളുടെ രൂപീകരണമാണ് ഈ പ്രശ്‌നത്തിനുള്ള പോംവഴി. 

അതിർത്തിയിലെ മുഴുവൻ സേനകളെയും ഒരു സംയുക്ത കമാൻഡറുടെ കീഴിൽ കൊണ്ടുവരണം. പ്രൊജക്റ്റ് സഞ്ജയ് (Project Sanjay), ത്രിനേത്ര (Trinetra) പോലുള്ള എ.ഐ അധിഷ്ഠിത യുദ്ധനിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് ഒരു സംയുക്ത ഡിജിറ്റൽ യുദ്ധമേഖല രൂപീകരിക്കണം. കര, വ്യോമ, നാവിക വിഭവങ്ങൾ ഏകോപിപ്പിച്ച് ഒരു സുരക്ഷിത സൂപ്പർ മിലിട്ടറി ക്ലൗഡ് നിർമ്മിക്കുകയും പ്രതിരോധ വിഹിതത്തിന്റെ 40 ശതമാനം വരെ സോഫ്റ്റ്വെയർ ആധുനികവത്കരണത്തിനായി നീക്കിവയ്ക്കുകയും ചെയ്യേണ്ടതാണ്. ഇന്ത്യയ്ക്ക് ഒരേസമയം ചൈനയെയും പാകിസ്താനെയും നേരിടേണ്ടി വരുമ്പോൾ പ്രതിരോധ തന്ത്രത്തിൽ വലിയ ഏകോപനവും ആസൂത്രണവും ആവശ്യമാണ്. സമീപകാലത്തെ അതിർത്തി മേഖലയിലെ വികസനങ്ങളും ആഭ്യന്തര പ്രതിരോധ ഉത്പാദനത്തിലെ വൻ വളർച്ചയും ഇന്ത്യയുടെ തനത് യുദ്ധശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, വ്യോമസേനയിലെ സ്‌ക്വാഡ്രണുകളുടെ കുറവ്, അന്തർവാഹിനി പ്രതിസന്ധി, തന്ത്രപരമായ ആശയവിനിമയ ശൃംഖലകളുടെ പരിമിതികൾ എന്നിവ എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. സംയോജിത തിയേറ്റർ കമാൻഡുകൾ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിലൂടെയും ആഭ്യന്തര സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കുന്നതിലൂടെയും ഇന്ത്യയ്ക്ക് ഏത് അടിയന്തര സാഹചര്യത്തെയും നേരിട്ട് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സാധിക്കും.