ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയ അരുണാചൽ പ്രദേശിലെ വിവിധ പ്രദേശങ്ങൾ ചൈന കൈയ്യേറിയതായി മാധ്യമങ്ങൾക്ക് മുന്നിൽ സമ്മതിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അരുണാചൽ പ്രദേശിലെ അസാഫില (Asaphila), ലോങ്ജു (Longju), തക്സിംഗ് സർക്കിൾ (Taksing Circle) എന്നീ പ്രദേശങ്ങളുടെ നിയന്ത്രണം ചൈന പിടിച്ചെടുത്തുവെന്നും അതിർത്തിയിൽ ചൈനയെ ചെറുക്കുന്നതിന് പകരം ഇന്ത്യൻ സൈന്യത്തെ 'ജെൻ സി' പ്രതിഷേധക്കാർക്കെതിരെ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറയുന്നതാണ് വീഡിയോയിൽ. വാർത്താ ഏജൻസിയായ എഎൻഐയുടെ വീഡിയോ എന്ന തരത്തിലാണിത് പ്രചരിക്കുന്നത്. എന്നാൽ, വസ്തുത പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

അന്വേഷണം

പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽനിന്നും ഇതേ ദൃശ്യങ്ങൾ 2023 ഒക്ടോബർ 27-ന് വാർത്താ ഏജൻസിയായ എഎൻഐ (ANI) എക്സിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 28 ഇൻഫൻട്രി ഡിവിഷന്റെ അന്നത്തെ ജനറൽ ഓഫീസർ കമാൻഡിംഗ് (GOC) ആയിരുന്ന മേജർ ജനറൽ ഗിരീഷ് കാലിയ ജമ്മു കശ്മീരിലെ കുപ്വാരയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു അത്. കശ്മീരിൽ നിയന്ത്രണ രേഖ (LoC) വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ചാണ് അദ്ദേഹം ആ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. അല്ലാതെ അരുണാചൽ പ്രദേശിനെക്കുറിച്ചോ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചോ ഉള്ള പരാമർശങ്ങളൊന്നും യഥാർത്ഥ വീഡിയോയിലില്ല. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതമാകാമെന്ന സൂചനയാണിത് നൽകുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്ത്യൻ ആർമി തന്നെ പ്രചരിക്കുന്ന വീഡിയോ ഡിജിറ്റലി മാനിപുലേറ്റഡ് ആണെന്ന് വ്യക്തിമാക്കി പങ്കിട്ട പോസ്റ്റ് കണ്ടെത്തി. മാത്രമല്ല, അരുണാചൽ പ്രദേശിലെ ചില പ്രദേശങ്ങൾ ചൈന പിടിച്ചെടുത്തുവെന്ന് ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും, 2023 ഒക്ടോബറിൽ ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സൈനികോദ്യാഗസ്ഥൻ വിശദീകരിച്ച പഴയ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് മാനിപ്പുലേറ്റ് ചെയ്താണ് വൈറൽ വീഡിയോ നിർമ്മിച്ചതെന്നും വ്യക്തമാക്കി എൻഐയും എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്നതുപോലെയുള്ള യാതൊരു പ്രസ്താവനയും ലഫ്. ജനറൽ ഗിരീഷ് കാലിയ നടത്തിയിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു

വാസ്തവം

അരുണാചൽ പ്രദേശിൽ ചൈനീസ് കടന്നുകയറ്റം നടന്നുവെന്ന് ലഫ്. ജനറൽ ഗിരീഷ് കാലിയ സമ്മതിച്ചു എന്ന പ്രചാരണം വ്യാജമാണ്. 2023 ഒക്ടോബറിൽ ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകർ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് വ്യാജശബ്ദം ചേർത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.