ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അതിർത്തിയിൽ (എൽ.എ.സി.) പലയിടങ്ങളിലായി ഇന്ത്യ-ചൈന സൈനിക മുഖാമുഖം ഇപ്പോഴും തുടരുകയാണെന്ന് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ. അതിർത്തി തർക്കങ്ങൾ സംബന്ധിച്ച് ഒരു ഔദ്യോഗിക വൃത്തത്തിൽ നിന്ന് വരുന്ന ആദ്യ സ്ഥിരീകരണമാണിത്. ഐ.ടി.ബി.പി. മേധാവിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

To advertise here,

രാജസ്ഥാനിലെ അൽവാറിൽ ഐ.ടി.ബി.പി. ജവാന്മാരെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ ഇക്കാര്യം പറഞ്ഞത്. അരുണാചൽ പ്രദേശിൽ രൂപപ്പെട്ട സാഹചര്യം സേനയുടെ എലൈറ്റ് വിഭാഗമായ 'ശൗര്യ കമാൻഡോ' ടീമുകൾ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. തർക്കം ഏത് രാജ്യത്തിന്റെ സൈന്യവുമായാണെന്ന് കപൂർ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഐ.ടി.ബി.പി. 2004 മുതൽ ഇന്തോ-ചൈന അതിർത്തി സംരക്ഷിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.ടി.ബി.പി. മേധാവിയുടെ വാക്കുകൾ പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരേ കോൺഗ്രസ് രംഗത്തെത്തി. വിഷയത്തിൽ സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. 2020 ജൂൺ 19-ന് ചൈനയ്ക്ക് പ്രധാനമന്ത്രി നൽകിയ ക്ലീൻ ചിറ്റിന്റെ പ്രത്യാഘാതമാണ് ഇന്ത്യ നേരിടുന്നതെന്ന് അദ്ദേഹം 'എക്സ്' പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

സ്വയം പ്രഖ്യാപിത 'വിശ്വഗുരു' ചൈനയോട് നിരന്തരം വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ, അരുണാചൽ പ്രദേശിലെ ഇന്ത്യൻ മണ്ണിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഐ.ടി.ബി.പിയുടെ പ്രകടനത്തെ ഡയറക്ടർ ജനറൽ പ്രശംസിച്ചത് സ്വാഭാവികമാണ്. എന്നാൽ പ്രധാനമന്ത്രിയും സർക്കാരും വിഷയത്തിൽ നിശബ്ദത പാലിക്കുകയാണ്. ചൈനയോടുള്ള ഈ മൃദുസമീപനവും വളരുന്ന സാമ്പത്തിക ആശ്രിതത്വവും ഏതുതരം ദേശീയതയാണ്- രമേശ് ചോദിച്ചു.