ന്യൂഡൽഹി: പാകിസ്താൻ വ്യോമസേന ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത 'പി.എൽ-15ഇ' (PL-15E) എയർ-ടു-എയർ മിസൈലിന്റെ സാങ്കേതിക രഹസ്യങ്ങൾ ഇന്ത്യ കൈവശപ്പെടുത്തിയതായി റിപ്പോർട്ടുകൾ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയും (DRDO) ഇന്ത്യൻ വ്യോമസേനയും (IAF) ചേർന്നാണ് ഈ മിസൈലിന്റെ രഹസ്യങ്ങൾ പൊളിച്ചതെന്ന് ഫ്രഞ്ച് മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2025 മേയിൽ ഇന്ത്യ-പാക് അതിർത്തിയിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ സൈനിക സംഘർഷ സമയത്താണ് പി.എൽ-15ഇ മിസൈൽ പാകിസ്താൻ വ്യാപകമായി ഉപയോഗിച്ചത്. ഈ മിസൈലുകൾ ഇന്ത്യ വിജയകരമായി തകർത്തിരുന്നു. എന്നാൽ പാകിസ്താൻ വ്യോമസേന തൊടുത്ത ഈ മിസൈലുകളിലൊന്ന് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ കമാഹി ദേവി ഗ്രാമത്തിന് സമീപം തകരാറുകൾ കൂടാതെ വീണുകിട്ടിയിരുന്നു. ഈ മിസൈലിൽ നിന്നാണ് ഇന്ത്യൻ ഗവേഷകർ സാങ്കേതിക വിവരങ്ങൾ ശേഖരിച്ചത്. ഈ വിവരങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ പക്കലുള്ള മുൻനിര യുദ്ധവിമാനങ്ങളായ എൽ.സി.എ തേജസ്, സുഖോയ് എസ്.യു 30 എംകെഐ, റഫാൽ എന്നിവയുടെ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ ചൈനീസ് മിസൈലിനെ പ്രതിരോധിക്കാൻ തക്കവണ്ണം ഇതിനകം അപ്ഗ്രേഡ് ചെയ്തുകഴിഞ്ഞുവെന്നാണ് വിവരങ്ങൾ.

To advertise here,

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കമായ 'ഓപ്പറേഷൻ സിന്ദൂറിനിടെ' പാകിസ്താന്റെ ജെ-10സി അല്ലെങ്കിൽ ജെ.എഫ്-17 യുദ്ധവിമാനങ്ങളിൽ നിന്നാണ് ഈ ചൈനീസ് മിസൈൽ തൊടുത്തത്. ലക്ഷ്യം കാണാതെ പോയ മിസൈൽ ഇന്ത്യൻ അതിർത്തിക്കുള്ളിൽ വന്ന് വീഴുകയായിരുന്നു. ഇന്ത്യൻ മിസൈലുകളിൽ സാധാരണയായി കാണാറുള്ള വിക്ഷേപണം പരാജയപ്പെട്ടാൽ സ്വയം നശിക്കാനുള്ള സംവിധാനം (Self-destruct mechanism) ചൈന പാകിസ്താന് നൽകിയ ഈ കയറ്റുമതി പതിപ്പായ പി.എൽ 15ഇയിൽ ഘടിപ്പിച്ചിരുന്നില്ല. മിസൈലിന്റെ പ്രോക്‌സിമിറ്റി ഫ്യൂസും കൃത്യമായി പ്രവർത്തിക്കാതിരുന്നതിനാൽ മിസൈലിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഒട്ടും കേടുപാടുകൾ കൂടാതെയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആഗോള പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ രഹസ്യാന്വേഷണ വിജയങ്ങളിൽ ഒന്നായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്.

ഡി.ആർ.ഡി.ഒയുടെ ലാബുകളിൽ നടത്തിയ വിശദമായ പരിശോധനയിലൂടെ പി.എൽ-15ഇ മിസൈലുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ഇന്ത്യ വേർതിരിച്ചെടുത്തു. മിസൈലിന്റെ ഗതിനിയന്ത്രിക്കുന്ന മിനിയേച്ചർ എഇഎസ്എ റഡാർ സീക്കറിന്റെ സിഗ്‌നലുകളും ഫ്രീക്വൻസികളും ഇന്ത്യ തിരിച്ചറിഞ്ഞു.

മിസൈൽ തൊടുത്തുവിട്ട വിമാനവുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന സുരക്ഷിത ഡാറ്റാ ലിങ്ക് ഫോർമാറ്റുകളും ഡീകോഡ് ചെയ്യാനായി. ജാമിംഗിനെ പ്രതിരോധിക്കാൻ മിസൈൽ ഉപയോഗിക്കുന്ന ഫ്രീക്വൻസി-എജിലിറ്റി ലോജിക്കുകൾ എങ്ങനെയാണ്  പ്രവർത്തിക്കുന്നതെന്നും മനസിലാക്കാനായി. ഇതോടെ ഈ മിസൈലിന്റെ സുപ്രധാന സാങ്കേതിക വിവരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഈ സാങ്കേതിക രഹസ്യങ്ങൾ ചൈനീസ് മിസൈലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളായി മാറ്റി.

ചൈനീസ് മിസൈലിൽ നിന്ന് ചോർത്തിയെടുത്ത വിവരങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളിലേക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകളായി നൽകി കഴിഞ്ഞു. തദ്ദേശീയ യുദ്ധവിമാനമായ തേജസ്, റഷ്യൻ നിർമിത സുഖോയ് എസ്.യു 30 എം.കെ.ഐ എന്നിവയിലെ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങളിലേക്ക് ഈ മിസൈലിനെ പ്രതിരോധിക്കാനുള്ള പ്രത്യേക ജാമിംഗ് ലോജിക്കുകൾ (Jamming Logics) കൂട്ടിച്ചേർത്തു. ഫ്രഞ്ച് നിർമ്മിത റഫാൽ വിമാനങ്ങളിലെ അത്യാധുനിക പ്രതിരോധ സംവിധാനമായ സ്പെക്ട്രയയിലും (SPECTRA) ഈ പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചു.

ഇതോടെ, ചൈനീസ് പി.എൽ-15ഇ മിസൈലുകൾ ഉപയോഗിച്ച് പാകിസ്താൻ ആക്രമിക്കാൻ മുതിർന്നാൽ അവയെ വായുവിൽ വെച്ച് തന്നെ ജാം ചെയ്യാനും വഴിതിരിച്ചുവിടാനും ഇന്ത്യൻ വ്യോമസേനയ്ക്ക് സാധിക്കും.

ഇത് മാത്രമല്ല, ഈ വിവരങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ തദ്ദേശീയ എയർ-ടു-എയർ മിസൈലുകളെ നവീകരിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മാക് 5-ന് മുകളിൽ വേഗതയും 145 കിലോമീറ്ററിലധികം പരിധിയുമുള്ള ഡ്യുവൽ-പൾസ് സോളിഡ്-പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറാണ് ചൈനീസ് മിസൈലിൽ ഉണ്ടായിരുന്നത്. ഇതിന്റെ ഹാർഡ്​വെയർ ഘടന പരിശോധിച്ച ഡി.ആർ.ഡി.ഒ, ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അസ്ത്ര മാർക്ക് 2 എയർ-ടു-എയർ മിസൈൽ പ്രോഗ്രാമിലേക്ക് ഈ നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. 200 കിലോമീറ്ററിലധികം പരിധിയുള്ള അസ്ത്ര മാർക്ക്-2 മിസൈലിന്റെ വികസനം വേഗത്തിലാക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കും.

ചൈനയുടെ ഏറ്റവും ആധുനികമായ മിസൈൽ സാങ്കേതികവിദ്യയാണ് ഇന്ത്യയുടെ പക്കൽ ഇപ്പോൾ ഉള്ളത്. അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് എന്നിവരടങ്ങുന്ന 'ഫൈവ് ഐസ്' (Five Eyes) സഖ്യവും ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ഈ മിസൈലിന്റെ വിവരങ്ങൾ പങ്കുവെക്കാൻ ഇന്ത്യയോട് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനീസ് പ്രതിരോധ ഉൽപ്പാദന മേഖലയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ച ഈ സംഭവത്തെ തുടർന്ന് ചൈന തങ്ങളുടെ പി.എൽ-15ഇ മിസൈലുകളുടെ സാങ്കേതിക പരിശോധനയ്ക്ക് അടിയന്തിര ഉത്തരവിട്ടതായും റിപ്പോർട്ടുകളുണ്ട്.