ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക ശേഷിക്കും പ്രത്യാക്രമണ ശേഷിക്കും കരുത്തുപകരുന്ന നിർണായക നീക്കവുമായി പ്രതിരോധ മന്ത്രാലയം. കര, നാവിക, വ്യോമസേനകളുടെ മിസൈൽ ശേഷി ഏകോപിപ്പിച്ചുകൊണ്ട് ഒരു പുതിയ 'കൺവെൻഷണൽ മിസൈൽ ഫോഴ്‌സ്' (CMF) രൂപീകരിക്കുന്നതിന് പ്രാഥമിക അനുമതി നൽകി. ചൈന-പാകിസ്താൻ സഖ്യത്തിൽ നിന്നുള്ള വെല്ലുവിളികളെ ഫലപ്രദമായി നേരിടുക എന്നതാണ് ഈ ഏകീകൃത കമാൻഡിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ആണവേതര മിസൈലുകളാണ് ഈ പുതിയ സേനാവിഭാഗത്തിന്റെ കീഴിൽ വരിക.

To advertise here,

മൂന്ന് സേനകളുടെയും മിസൈൽ വിഭാഗങ്ങളെ ഒരൊറ്റ കമാൻഡിന് കീഴിൽ കൊണ്ടുവരുന്നതോടെ സൈന്യത്തിന്റെ പ്രഹരശേഷി വർദ്ധിക്കും. ബാലിസ്റ്റിക്, ക്വാസി-ബാലിസ്റ്റിക്, ഹൈപ്പർസോണിക് മിസൈൽ സംവിധാനങ്ങൾ ഈ പുതിയ സേനയുടെ ഭാഗമായിരിക്കും. സിഎംഎഫ് രൂപീകരിക്കാനുള്ള നിർദേശത്തിന് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി അംഗീകാരം നൽകിക്കഴിഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പിന്തുണയുള്ള ഈ നിർദ്ദേശം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്‌സിനും പാകിസ്താന്റെ ആർമി റോക്കറ്റ് ഫോഴ്‌സ് കമാൻഡിനും സമാനമായ ഒരു സംവിധാനമാണ് ഇന്ത്യ ഇതിലൂടെ ഒരുക്കുന്നത്. ഇത് ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ബാലിസ്റ്റിക് മിസൈലുകൾ ദീർഘദൂര ആക്രമണങ്ങൾക്കും, ക്വാസി-ബാലിസ്റ്റിക് മിസൈലുകൾ ശത്രുവിന്റെ പ്രതിരോധം വെട്ടിച്ച് ലക്ഷ്യത്തിലെത്താനും സഹായിക്കും. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹൈപ്പർസോണിക് മിസൈലുകൾ കൂടി എത്തുന്നതോടെ ഇന്ത്യയുടെ മിസൈൽ കരുത്ത് ലോകോത്തരമാകും. ആധുനിക യുദ്ധതന്ത്രങ്ങളിൽ ദീർഘദൂര പ്രഹരശേഷിക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇന്ത്യയുടെ ഈ നീക്കം.

നിലവിൽ വിവിധ സേനകളുടെ കമാൻഡുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മിസൈൽ സംവിധാനങ്ങൾ ഏകീകൃത കമാൻഡിന് കീഴിലേക്ക് വരുന്നതോടെ അവയുടെ നിയന്ത്രണം വളരെ എളുപ്പമാകും. വൈവിധ്യങ്ങളായ മിസൈലുകൾ ഏകീകൃത കമാൻഡ് ഘടനയ്ക്ക് കീഴിലാകുന്നതോടെ ഏകോപിത പ്രത്യാക്രമണം എളുപ്പമാകും. സൈനാരൂപീകരണം യാഥാർഥ്യമാകുന്നതോടെ ഇന്ത്യയുടെ സൈനിക തന്ത്രങ്ങളുടെ ആണിക്കല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പക്കലുള്ള അഗ്നി മിസൈലുകൾ, ബ്രഹ്‌മോസ്, പ്രളയ്, പിനാക റോക്കറ്റ് സംവിധാനം തുടങ്ങിയവ ഈ സേനയുടെ ഭാഗമാകും.