ന്യൂഡൽഹി: എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി (ചീഫ് ഓഫ് ദി എയർ സ്റ്റാഫ്) നിയമിച്ചു. നിലവിലെ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് വിരമിക്കുന്ന ഒഴിവിലേക്കാണ് അശുതോഷിന്റെ പുതിയ നിയമനം. 3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്തുള്ള പൈലറ്റാണ് എയർ മാർഷൽ അശുതോഷ് ദീക്ഷിത്.

To advertise here,

ചൊവ്വാഴ്ചയാണ് സർക്കാർ ഈ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവിൽ വ്യോമസേനയുടെ വൈസ് ചീഫ് ആയി സേവനമനുഷ്ഠിക്കുന്ന ദീക്ഷിത്, ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി, ഒക്ടോബർ 31-ന് ചുമതലയേൽക്കും. 

ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക് തുടങ്ങിയ സുപ്രധാന സൈനിക നീക്കങ്ങളിൽ പങ്കാളിയായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. 1966 ഡിസംബർ ഒമ്പതിന് ജനിച്ച ദീക്ഷിത്, 1986 ഡിസംബർ ആറിനാണ് വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടത്. അന്നുമുതൽ ഓപ്പറേഷണൽ, ഇൻസ്ട്രക്ഷണൽ, സീനിയർ കമാൻഡ് തസ്തികകൾ എന്നിങ്ങനെ നിരവധി നിർണായക ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

മിറാഷ്-2000, മിഗ് വേരിയന്റുകൾ, ജാഗ്വാർ, കിരൺ, ഐഎൽ-78, ഹോക്ക്, തേജസ്സ് എന്നിവയുൾപ്പെടെ വലിയൊരു നിര വിമാനങ്ങൾ അദ്ദേഹം പറത്തിയിട്ടുണ്ട്. കൂടാതെ, ഒരു എക്‌സ്‌പെരിമെന്റൽ ടെസ്റ്റ് പൈലറ്റും, യോഗ്യത നേടിയ ഫ്‌ലൈയിങ് ഇൻസ്ട്രക്ടറുമാണ് അദ്ദേഹം. അതായത്, മുൻനിരയിൽ വിമാനം പറത്തുന്നതിലും പുതിയ വിമാനങ്ങളുടെ ശേഷി പരിശോധിക്കുന്നതിലും ഒരുപോലെ പരിചയസമ്പന്നനാണ് അദ്ദേഹം.

സേവനകാലയളവിൽ ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സിന്ദൂർ എന്നിവയുൾപ്പെടെ നിരവധി പ്രധാന സൈനിക നീക്കങ്ങളിലും അഭ്യാസങ്ങളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്. വ്യോമസേനാ ഉപമേധാവി ആകുന്നതിന് മുൻപ്, ഹെഡ്ക്വാർട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിൽ ചീഫ്‌ ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാന്റെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതിനുമുമ്പ്, ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ഓപ്പറേഷണൽ കമാൻഡുകളിലൊന്നായ സെൻട്രൽ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്നു. വിവിധ പദവികളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തന ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

മികച്ച സേവനത്തിന് നിരവധി സൈനിക ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2006-ൽ വായു സേനാ മെഡലും 2011-ൽ വിശിഷ്ട സേനാ മെഡലും ലഭിച്ചു. തുടർന്ന് 2023-ൽ അതി വിശിഷ്ട സേനാ മെഡലും 2026-ൽ പരം വിശിഷ്ട സേനാ മെഡലും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. വിശിഷ്ട സേവനത്തിന് ഇന്ത്യ നൽകുന്ന ഏറ്റവും ഉയർന്ന സൈനിക ബഹുമതികളിലൊന്നാണ് പരം വിശിഷ്ട സേനാ മെഡൽ.

നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവയിലെ പൂർവ്വ വിദ്യാർത്ഥിയാണ് എയർ മാർഷൽ ദീക്ഷിത്. വലിയ മാറ്റങ്ങളിലൂടെയും ആധുനികവൽക്കരണത്തിലൂടെയും കടന്നുപോകുന്ന ഒരു ഘട്ടത്തിലാണ് അദ്ദേഹം വ്യോമസേനയുടെ തലപ്പത്തേക്ക് എത്തുന്നത്.

പോരാട്ട വ്യൂഹത്തെ വിപുലീകരിക്കുന്നതിനും ആധുനികീകരിക്കുന്നതിനുമൊപ്പം എയർ ഡിഫൻസ്, അൺമാൻഡ് വാർഫെയർ, കൗണ്ടർ-ഡ്രോൺ, നെറ്റ്‌വർക്ക്-കേന്ദ്രീകൃത ശേഷികൾ എന്നിവ വികസിപ്പിക്കുന്നതിലും വ്യോമസേന പ്രവർത്തിച്ചുവരുന്നുണ്ട്. രാജ്യത്തിന്റെ മൂന്ന് സൈനിക ശക്തികളും തമ്മിലുള്ള മികച്ച ഏകോപനവും അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരിക്കും.

സംയുക്ത സൈനിക നീക്കങ്ങൾ വ്യാപിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ വ്യോമസേന വലിയ പങ്കാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ, സേനാതലത്തിലും മൂന്നു പടകളുടെ സംയുക്ത തലത്തിലും ഒരുപോലെ പ്രവർത്തിച്ച പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സേവനം എക്കാലത്തേക്കാളും വിലപ്പെട്ട സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത് എന്നും ഔദ്യോഗിക പ്രഖ്യാപനത്തിനിടെ കേന്ദ്രസർക്കാർ വ്യക്തമാക്കി.