ന്യൂഡൽഹി: രാജ്യത്തെ 14 ലക്ഷത്തോളം വരുന്ന സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഇളവ് നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പുതിയ 'മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ' (MLFF) ടോൾ സംവിധാനം ഏർപ്പെടുത്തിയ ദേശീയപാതകളിൽ, സൈനികരുടെ വാഹനങ്ങൾക്ക് ടോൾ അടയ്ക്കാത്തതിന്റെ പേരിൽ ഇ ചല്ലാനുകൾ ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.

To advertise here,

നിലവിലെ വ്യവസ്ഥയനുസരിച്ച് ടോൾ പ്ലാസകളിൽ തിരിച്ചറിയൽ കാർഡ് കാണിച്ച് സൈനികർക്ക് തങ്ങളുടെ സ്വകാര്യ വാഹനങ്ങൾക്ക് ടോൾ ഇളവ് നേടാൻ സാധിക്കും. എന്നാൽ, എം.എൽ.എഫ്.എഫ് (MLFF) സംവിധാനത്തിൽ ഫിസിക്കൽ ബാരിയറുകളോ ജീവനക്കാരുടെ നേരിട്ടുള്ള പരിശോധനയോ ഉണ്ടാകില്ല. അതിനാൽ, ഡിജിറ്റൽ സംവിധാനത്തിൽ ടോൾ ഇളവ് രേഖപ്പെടുത്താത്ത വാഹനങ്ങൾക്ക് ഓട്ടോമല്ലാനുകൾ അയക്കപ്പെടാൻ ഇടയാക്കുന്നു. എം.എൽ.എഫ്.എഫ് നടപ്പിലാക്കിയ ചില ഹൈവേകളിൽ സൈനികർക്ക് ഇത്തരത്തിൽ ഇചെല്ലാനുകൾ ലഭിച്ച സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗതാഗത തടസ്സമില്ലാതെ സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് കടന്നുപോകാൻ അനുയോജ്യമായ സംവിധാനം വികസിപ്പിക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും (MoRTH) പ്രതിരോധ മന്ത്രാലയവും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി രണ്ട് പ്രധാന വഴികളാണ് പരിഗണിക്കുന്നത്:

  • ഫാസ്‌ടാഗ് വാർഷിക പാസ്: സൈനികരുടെ സ്വകാര്യ വാഹനങ്ങൾക്ക് ഫാസ്‌ടാഗ് നൽകുകയും, ഇതിന്റെ വാർഷിക പാസ് ചെലവ് പ്രതിരോധ മന്ത്രാലയം തിരികെ നൽകുകയും (reimburse) ചെയ്യുക. എന്നാൽ പാസിന്റെ ചെലവ് ആര് വഹിക്കണം എന്നതിൽ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയിട്ടില്ല.
  • പ്രത്യേക ഫാസ്‌ടാഗ്: ടോൾ തുക ഈടാക്കാതെ, വാഹനത്തിന്റെ സഞ്ചാരം മാത്രം രേഖപ്പെടുത്തുന്ന പ്രത്യേക ഫാസ്‌ടാഗ് ഏർപ്പെടുത്തുക.

മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ

2028 സാമ്പത്തിക വർഷത്തോടെ രാജ്യത്തെ 1,150ഓളം ടോൾ പ്ലാസകളിലും എം.എൽ.എഫ്.എഫ് സംവിധാനം പൂർണമായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ പത്തിൽ താഴെ ടോൾ പ്ലാസകളിൽ മാത്രമാണ് ഈ സാങ്കേതികവിദ്യയുള്ളത്; നൂറിലധികം പ്ലാസകൾക്കായി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തോടെ 300 മുതൽ 400 വരെ ടോൾ പ്ലാസകൾ കൂടി ടെൻഡർ ചെയ്യുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. ദേശീയതലത്തിൽ ഇത് വ്യാപിപ്പിക്കുന്നതിന് മുൻപ് സൈനിക വാഹനങ്ങളുടെ ടോൾ ഇളവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.