ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് മിസൈലിന്റെ ഏറ്റവും ഭാരം കുറഞ്ഞ, യുദ്ധവിമാനങ്ങളിൽനിന്ന് പ്രയോഗിക്കാവുന്ന പതിപ്പിന്റെ പരീക്ഷണം 2026-ൽ നടക്കും. ബ്രഹ്‌മോസ് എയ്‌റോസ്‌പേസിലെ റഷ്യൻ മാനേജിങ് ഡയറക്ടറായ അലക്‌സാണ്ടർ മാക്‌സിചേവ് റഷ്യൻ വാർത്താ ഏജൻസിയായ ടാസ്സിന് ( TASS) ന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2026-ൽ എന്ന് പരീക്ഷണം നടത്തുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
ശബ്ദത്തേക്കാൾ മൂന്നു മടങ്ങ് ( മാക്-3) വേഗത്തിൽ കുതിക്കുന്ന സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ ഭാരം കുറഞ്ഞ പതിപ്പിന് നെക്സ്റ്റ് ജനറേഷൻ ബ്രഹ്‌മോസ് അഥവാ ബ്രഹ്‌മോസ് എൻജി എന്നാണ് നൽകിയിരിക്കുന്ന പേര്. ഏകദേശം 300 കിലോമീറ്റർ ആക്രമണ പരിധിയുള്ള മിസൈലാകും ബ്രഹ്‌മോസ് എൻജി. ഇതിന്റെ വികസനത്തിന്റെ നിർണായക ഘട്ടത്തിലെത്തി നിൽക്കുകയാണെന്നാണ് മാക്‌സിചേവ് വ്യക്തമാക്കിയത്.
മിസൈൽ ഇപ്പോൾ ഡിസൈൻ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ വികസനം പൂർത്തിയാകുന്നതോടെ പ്രതിരോധ ആയുധങ്ങളുടെ ലോകത്ത് ഒരു ഗെയിം ചേഞ്ചർ ആകാൻ പോകുന്ന മിസൈലാണ് ബ്രഹ്‌മോസ് എൻജിയെന്ന് ഇദ്ദേഹം വിശദീകരിച്ചു. നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന ബ്രഹ്‌മോസ് മിസൈലിന് ഏകദേശം മൂന്ന് ടണ്ണോളമാണ് ഭാരം വരിക. എന്നാൽ, ബ്രഹ്‌മോസ് എൻജിയുടെ ഭാരം പരമാവധി 1.29 ടൺ മാത്രമാകും. അതായത് മിസൈലിന്റെ ഭാരം പകുതിയോളം കുറയുമെന്നർഥം.
അതേസമയം, നിലവിലെ മിസൈലിന്റെ അതേ വേഗവും പ്രഹരപരിധിയും ബ്രഹ്‌മോസ് എൻജിയ്ക്കുമുണ്ടാകുമെന്നാണ് മാക്‌സിചേവ് പറയുന്നത്. ഭാരം കുറയുന്നതോടെ ഒട്ടേറെ പ്രയോജനങ്ങളുണ്ട്. യുദ്ധവിമാനങ്ങൾ, ചെറിയ കപ്പലുകൾ, അന്തർവാഹിനികൾ എന്നിവയിൽ ആയുധമായി ബ്രഹ്‌മോസ് എൻജിയെ ഉപയോഗിക്കാൻ സാധിക്കും.
എഐ അടിസ്ഥാനപ്പെടുത്തി സ്വയം ലക്ഷ്യം കണ്ടെത്തുന്ന അത്യാധുനിക ഗതിനിർണയ സംവിധാനം, റഡാർ നിരീക്ഷണങ്ങളെ മറികടക്കുന്ന വേഗത, വലിപ്പക്കുറവ് എന്നിവയാണ് ബ്രഹ്‌മോസ് എൻജിയുടെ സവിശേഷത. ശത്രുക്കളുടെ തന്ത്രപ്രധാനമായ സൈനിക ലക്ഷ്യങ്ങളെ തകർക്കുന്നതിൽ നിർണായകമാകാൻ പോകുന്ന ആയുധമാകും ഈ മിസൈലെന്നാണ് മാക്‌സിചേവ് വിശദീകരിക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം മൂന്നുമുതൽ അഞ്ച് വർഷത്തിനുള്ളിൽ ബ്രഹ്‌മോസ് എൻജിയുടെ വ്യാവസായിക ഉത്പാദനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: BrahMos NG Missile: Lighter, Faster, & More Powerful
Published: 11 Sept 2025, 09:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented