കോഴിക്കോട്: അത്ലറ്റിക് ട്രാക്കിനോട് വിടപറഞ്ഞ് ഒളിമ്പ്യൻ ജിൻസൺ ജോൺസൺ. നിലവിൽ 800 മീറ്റർ, 1500 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോഡുകളുടെ ഉടമയാണ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസൺ. മുപ്പത്തിനാലാം വയസ്സിലാണ് വിരമിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം.
മൂന്ന് ഏഷ്യൻ ഗെയിംസ് മെഡലുകളും രണ്ട് ഏഷ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും സ്വന്തമാണ്. 2016-ലെ റിയോ ഒളിമ്പിക്‌സ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് എന്നിവയിലും മാറ്റുരച്ചിട്ടുണ്ട്. കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2018-ൽ രാജ്യം അദ്ദേഹത്തിന് അർജുന അവാർഡ് നൽകി ആദരിച്ചു.
800 മീറ്ററിൽ 1976-ൽ ശ്രീറാം സിങ് സ്ഥാപിച്ച 42 വർഷം പഴക്കമുള്ള റെക്കോഡാണ് 2018ൽ ജിൻസൺ മറികടന്നത്. ഗുവാഹട്ടിയിൽ നടന്ന നാഷണൽ ഇന്റർ-സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലായിരുന്നു ഈ റെക്കോഡ് നേട്ടം. 1: 45.65 സെക്കൻഡാണ് 800 മീറ്ററിലെ ജിൻസന്റെ പേരിലുള്ള നിലവിലെ ദേശീയ റെക്കോഡ്. അതേവർഷം ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 1500 മീറ്ററിലും ജിൻസൺ പുതിയ ദേശീയ റെക്കോഡിട്ടു. 23 വർഷം മുൻപ് ബഹാദൂർ പ്രസാദ് സ്ഥാപിച്ച റെക്കോഡാണ് അന്ന് പഴങ്കഥയാക്കിയത്. അതിനുശേഷം ജർമനിയിലെ ബെർലിനിൽ ഈ റെക്കോഡ് ഒന്നുകൂടി മെച്ചപ്പെടുത്തി. 3:35.24 സെക്കൻഡാണ് നിലവിലെ റെക്കോഡ്.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയ ജിൻസൺ ഹാങ്ചൗവിൽ 1500 മീറ്ററിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു. 2015 വുഹാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിയും 2017 ഭുവനേശ്വർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടി. 2018-ൽ ഏഷ്യയിലെ മികച്ച അത്‌ലറ്റായി റാങ്ക് ചെയ്യപ്പെട്ടു. 2018 റിയോ ഒളിമ്പിക്സിൽ 800 മീറ്ററിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
'കുട്ടിക്കാലത്ത് കൊൽക്കത്തയിൽനിന്ന് ആരംഭിച്ച യാത്ര 2023-ൽ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസ് വേദിയിൽവരെ എത്തി.
അത്‌ലറ്റിക്‌സ്, നന്ദി' എന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ജിൻസൺ ഫെയ്‌സ്ബുക്കിൽ കുറിച്ചു. 2007-ൽ കോൽക്കത്ത സ്കൂൾ ഗെയിംസിലാണ് ആദ്യ ദേശീയ മെഡൽ നേടിയത്. രണ്ട് ദേശീയ റെക്കോഡുകൾ തകർക്കുകയും ഇന്ത്യൻ അത്‌ലറ്റിക്‌സിന് മഹത്തായ സംഭാവന നൽകുകയും ചെയ്തത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നാണെന്ന് ജിൻസൺ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
കരിയറിന്റെ ഉയർച്ചതാഴ്ചകളിൽ ഒരുപോലെ കൂടെനിന്ന ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡറേഷൻ, റിലയൻസ് ഫൗണ്ടേഷൻ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട്, 851 ലെറ്റ് റെജിമെന്റ് ആർട്ടിലറി സെന്റർ, മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവർക്കും അദ്ദേഹം നന്ദിയറിയിച്ചു.
കോഴിക്കോട് ചക്കിട്ടപ്പാറയിൽ 1991 മാർച്ച് 15-ന് ജനിച്ച ജിൻസൺ, ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും കൂരാച്ചുണ്ട് കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിലുമാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോട്ടയം എൻഎസ്എസ് കോളേജിൽനിന്നാണ് ബിരുദം നേടിയത്.
Content Highlights: Jinson Johnson Retires: The End of a Legend's Journey in Indian Athletics
Published: 07 Jan 2026, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented