മധ്യപൂർവേഷ്യയിൽ സംഘർഷങ്ങൾ നിലനിൽക്കുമ്പോഴും 2026-ലെ ഫോർമുല വൺ സീസൺ ഖത്തറിലും അബുദാബിയിലുമായി തന്നെ പൂർത്തിയാക്കാൻ തീരുമാനം. സീസണിലെ അവസാന മത്സരങ്ങൾക്കായി ഇറ്റലിയിലെ ഇമോല സർക്യൂട്ടിനെ ബാക്കപ്പ് വേദിയായി പരിഗണിച്ചിരുന്നെങ്കിലും, അത് ഉപേക്ഷിച്ചതായി ഫോർമുല വൺ, ഇമോല അധികൃതരെയും ടീമുകളെയും അറിയിച്ചു.

To advertise here,

ഇറാൻ യുദ്ധത്തെത്തുടർന്ന് എഫ് വൺ കലണ്ടറിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നതാണ് മത്സരങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ ഗ്രാൻപ്രീ മലേഷ്യയിലേക്ക് മാറ്റുകയും സൗദി അറേബ്യൻ ഗ്രാൻപ്രീ റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് സുരക്ഷാ ആശങ്കകളെ മുൻനിർത്തിയാണ് ഇറ്റലിയിലെ ഇമോല സർക്യൂട്ടിൽ പകരമായി മത്സരം നടത്താനുള്ള പ്രാഥമിക ക്രമീകരണങ്ങൾ എഫ്1 ആരംഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തീരുമാനം എടുക്കേണ്ട സമയം അടുത്തെത്തിയതോടെ ഇമോലയിലെ മത്സരങ്ങളുടെ ആവശ്യം വരില്ലെന്ന് സംഘാടകർ വ്യക്തമാക്കുകയായിരുന്നു. നിലവിലുള്ള ഷെഡ്യൂളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ 11 ടീമുകളും പിന്തുണച്ചതായി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

തയ്യാറെടുപ്പുകൾ കൃത്യമായി പുരോഗമിക്കുന്നുണ്ടെന്നും സീസൺ ഖത്തറിലും അബുദാബിയിലുമായി വിജയകരമായി പൂർത്തിയാക്കുമെന്നും എഫ്ഐഎ പ്രസിഡന്റ് മുഹമ്മദ് ബെൻ സുലായം വ്യക്തമാക്കി. ഡ്രൈവർമാർക്കും ടീമുകൾക്കും ആരാധകർക്കുമായി എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ പ്രവർത്തിക്കുകയാണെന്ന് വ്യക്തമാക്കിയെങ്കിലും സുരക്ഷാ ക്രമീകരണങ്ങളുടെ പ്രത്യേക വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ സുരക്ഷാ സാഹചര്യങ്ങൾ വഷളായാൽ അവസാന നിമിഷ മാറ്റങ്ങൾ പൂർണമായി തള്ളിക്കളയാനാവില്ലെന്നും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ കൂട്ടിച്ചേർത്തു.

2026 എഫ് വൺ സീസണിൽ ഇനി മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. നവംബർ 21-ന് നടക്കുന്ന ലാസ് വെഗാസ് ഗ്രാൻപ്രീയോടെയാണ് ഇതിന് തുടക്കമാകുന്നത്. തുടർന്ന് നവംബർ 29-ന് ഖത്തറിലും, ഡിസംബർ ആറിന് അബുദാബിയിലെ യാസ് മരീന സർക്യൂട്ടിലും സീസണിലെ അവസാന മത്സരങ്ങൾ നടക്കും. ഇതിനകം തന്നെ എഫ് വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി കിമി ആന്റൊണെല്ലി ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ മെഴ്സിഡീസ് കൺസ്ട്രക്‌റ്റേഴ്‌സ് കിരീടവും ഉറപ്പിച്ചു കഴിഞ്ഞു.