‘2027 ഡിസംബറിലാണല്ലോ എന്റെ ഗ്രാൻഡ്മാസ്റ്റർ പദവിനേട്ടത്തിന്റെ നാൽപ്പതാം വാർഷികമെന്ന് ഞാൻ ആലോചിച്ച ദിവസംതന്നെയാണ് രാജ്യത്തിന് നൂറാമത്തെ ഗ്രാൻഡ് മാസ്റ്ററെ ലഭിച്ചത്’ -ഇന്ത്യയുടെ നൂറാം ഗ്രാൻഡ്മാസ്റ്ററായി മധ്യപ്രദേശുകാരൻ അനുജ് ശ്രീവാത്രി മാറിയതിനുപിന്നാലെ ആദ്യ ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദ് എക്സിൽ കുറിച്ച വാക്കുകൾ. ‘ഹാപ്പി ദീപാവലി, നൂറിലൊരു പടക്കം’ -ആനന്ദ് തുടർന്നു.
തമിഴ്നാട്ടുകാരനായ ആനന്ദിലൂടെ 1988-ൽ രാജ്യത്തിന് ആദ്യ ഗ്രാൻഡ് മാസ്റ്ററെ കിട്ടി. രണ്ടുവർഷം ആ പദവിയിൽ രാജ്യത്ത് ആനന്ദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1991-ൽ ബംഗാളിൽനിന്നുള്ള ദിവ്യേന്ദു ബറുവ രാജ്യത്തെ രണ്ടാം ഗ്രാൻഡ് മാസ്റ്ററായി. 1999 വരെ മൂന്ന് ഗ്രാൻഡ് മാസ്റ്റർമാരേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളൂ. 2022-ൽ 75 ആയ ഗ്രാൻഡ് മാസ്റ്റർമാരുടെ എണ്ണമാണ് നാലുവർഷത്തിനിപ്പുറം സെഞ്ചുറിയിലെത്തിയിരിക്കുന്നത്.
ഇന്ത്യ ചെസ് ലോകത്തെ സൂപ്പർ പവറായി മാറിക്കഴിഞ്ഞെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് അനുജിന്റെ ഗ്രാൻഡ് മാസ്റ്റർ പദവിനേട്ടം. ആദ്യ ഗ്രാൻഡ് മാസ്റ്ററായ ആനന്ദിന്റെ വഴികളിലൂടെ നടന്നാണ് ഇന്ത്യൻ ചെസ് വളർന്നുവന്നത്. സ്വന്തം നേട്ടങ്ങളിലൂടെ ആനന്ദ് പുതുതലമുറയ്ക്ക് പ്രചോദനമായി. ആനന്ദിന്റെ നാടായ തമിഴ്നാടാണ് 39 ഗ്രാൻഡ് മാസ്റ്റർമാരുമായി സംസ്ഥാനങ്ങളിൽ മുന്നിൽ. തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങൾ ചേരുമ്പോൾ 65 ശതമാനം ഗ്രാൻഡ്മാസ്റ്റർമാരുമായി.
നിലവിൽ ഫിഡെ റേറ്റിങ്ങിൽ പുരുഷവിഭാഗത്തിൽ ആദ്യ ഇരുപതിൽ നാല് ഇന്ത്യൻ താരങ്ങളുണ്ട് -ആർ. പ്രഗ്‌നാനന്ദ (ഏഴ്), അർജുൻ എരിഗാസി (12), വിശ്വനാഥൻ ആനന്ദ് (14), നിഹാൽ സരിൻ (19). ആദ്യ നൂറിൽ 13 ഇന്ത്യൻ പുരുഷതാരങ്ങളുണ്ട്. വനിതാ വിഭാഗത്തിൽ ആദ്യ ഇരുപതിൽ രണ്ടുപേരുണ്ട് -കൊനേരു ഹംപി (ഒൻപത്), ദിവ്യ ദേശ്മുഖ് (12), ആദ്യ നൂറിൽ പതിനൊന്ന് ഇന്ത്യൻ വനിതകളും.
ഇന്ത്യയുടെ സുപ്രധാന ചെസ് കിരീടനേട്ടങ്ങൾ:
* അഞ്ചുതവണ വിശ്വനാഥൻ ആനന്ദും (2000-2013) ഒരുതവണ ഡി. ഗുകേഷും (2024) ലോകചാമ്പ്യന്മാരായി.
* 2024-ൽ ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ ഒരുമിച്ച് ഇന്ത്യ ചെസ് ഒളിമ്പ്യാഡ് സ്വർണമെഡൽ നേടി
* 2024-ൽ ലോക വനിതാ റാപ്പിഡ് ചെസ്സിൽ ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായി.
* 2025-ൽ കൊനേരു ഹംപിയെ കീഴടക്കി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി.
1. വിശ്വനാഥൻ ആനന്ദ് (1988)
25. ഡി. ഹരിക (2011)
50. എം.എസ്. തേജ്കുമാർ (2017)
75. വി. പ്രണവ് (2022)
100. അനുജ് ശ്രീവാത്രി (2026)
ഗ്രാൻഡ് മാസ്റ്റർമാർ
(സംസ്ഥാനാടിസ്ഥാനത്തിൽ)
തമിഴ്നാട് - 39
മഹാരാഷ്ട്ര - 14
ബംഗാൾ - 12
ഡൽഹി - എട്ട്
ആന്ധ്രാപ്രദേശ് - ആറ്
കർണാടക, തെലങ്കാന - നാല്
കേരളം, ഗോവ - മൂന്ന്
ഗുജറാത്ത്, ഒഡിഷ - രണ്ട്
ഹരിയാണ, അസം, മധ്യപ്രദേശ് - ഒന്ന്
Content Highlights: Anuj Shrivathri from Madhya Pradesh became India's 100th Chess Grandmaster in 2026., Viswanathan Anand became India's first Grandmaster in 1988.
Published: 10 Nov 2026, 07:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented