ആംസ്റ്റൽവീൻ (നെതർലൻഡ്‌സ്): ഹോക്കിയിൽ പാകിസ്താനെതിരേ സമീപകാലത്തെ മേധാവിത്ത്വം ലോകകപ്പിലും ഇന്ത്യ തുടരുന്നതിനാണ് ആംസ്റ്റൽവീൻ സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷിയായത്. പൂൾ ഡി-യിലെ നിർണായക മത്സരത്തിൽ മൂന്നിനെതിരേ അഞ്ചുഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. ഇതോടെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ രണ്ടാം റൗണ്ടിൽ കടന്നു. പാകിസ്താൻ കിരീടപ്പോരാട്ടത്തിൽനിന്ന് പുറത്തായി. മത്സരശേഷം ഇരുടീമുകളും ഹസ്തദാനം ചെയ്താണ് മടങ്ങിയത്. ക്രിക്കറ്റിൽ ഇന്ത്യ-പാക് താരങ്ങൾ ഹസ്തദാനം ബഹിഷ്കരിക്കുന്ന വേളയിലാണ് ഹോക്കി ടീമുകളുടെ ഈ നടപടി.

To advertise here,

മത്സരത്തിന് മുൻപ് സാധാരണ ചെയ്യാറുള്ള ഹസ്തദാനം താരങ്ങൾ നൽകിയിരുന്നില്ല. ഹൈ ഫൈവിലൊതുക്കി. എന്നാൽ മത്സരശേഷം അതായിരുന്നില്ല സ്ഥിതി. താരങ്ങൾ നിരനിരയായി വന്ന് കൈകൊടുത്താണ് മടങ്ങിയത്. മലേഷ്യയിൽ നടന്ന സുൽത്താൻ ഓഫ് ജോഹർ കപ്പ് മത്സരത്തിന് മുമ്പും ഇന്ത്യയുടെയും പാകിസ്താന്റെയും അണ്ടർ 21 താരങ്ങൾ പരസ്പരം ഹൈ-ഫൈവ് നൽകിയിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്സരത്തിൽ ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും (5, 21) അഭിഷേകും (11, 24) ഇരട്ടഗോൾ നേടി. വൈസ് ക്യാപ്റ്റൻ ഹർദിക് സിങ്ങും (35-പെനാൽട്ടി) സ്കോർചെയ്തു. ഹന്നൻ ഷാഹിദും (22, 46) സുഫിയാൻ ഖാനും (24) പാക് ടീമിന്റെ ഗോളുകൾ നേടി.

മൂന്നു കളികളിൽ ആറു പോയിന്റുമായാണ് പൂളിൽ ഇന്ത്യ രണ്ടാം സ്ഥാനക്കാരായത്. മൂന്നു കളിയിലും ജയിച്ച ഇംഗ്ലണ്ട് ഒൻപത് പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായി. അവസാന മത്സരത്തിൽ ഇംഗ്ലണ്ട് വെയിൽസിനെ തോൽപ്പിച്ചു (8-2). കഴിഞ്ഞ പത്തുവർഷത്തിനിടെ പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ലോകകപ്പിൽ നാലാം തവണയാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുന്നത്. 1973, 1975, 2010 ലോകകപ്പിലാണ് മുൻപ്‌ ഇന്ത്യ ജയം നേടിയത്.

എന്നാൽ ഹോക്കിയിലെ സ്ഥിതിയല്ല ക്രിക്കറ്റിൽ. ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകൾ നേർക്കുനേർ വരുമ്പോഴെല്ലാം ടീമുകൾ കൈകൊടുക്കാറില്ല. അടുത്തിടെ നടന്ന ടി20 ലോകകപ്പിലും അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ടോസിന് ശേഷം പരസ്പരം കൈ കൊടുത്തിരുന്നില്ല. മത്സരശേഷം താരങ്ങളും ഹസ്തദാനത്തിന് മുതിർന്നിരുന്നില്ല. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായതോടെയാണ് മൈതാനത്ത് ഇത്തരമൊരു നിലപാടെടുത്തത്. പിന്നാലെ നടന്ന ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പാക് ക്യാപ്റ്റന് കൈകൊടുത്തില്ല. മാത്രമല്ല ഏഷ്യാകപ്പ് ഫൈനലിൽ നാടകീയ സംഭവങ്ങളും അരങ്ങേറി.ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ട്രോഫി കൈമാറണമെന്നും അഭ്യർത്ഥിച്ചു.

എന്നാൽ, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യൻ ടീം തന്റെ കൈയിൽനിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇന്ത്യൻ ടീം പോഡിയത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ എസിസി ഉദ്യോഗസ്ഥരിൽ ഒരാൾ ഗ്രൗണ്ടിൽനിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്‌വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാൽ ഇന്ത്യൻ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.