
നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ 19 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണം നേടിയത്. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണമാണിത്. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ആറുവിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിൽ പക്ഷേ ആരാധകരെ അമ്പരപ്പിച്ചത് സ്‌കോർബോർഡാണ്. പാകിസ്താനെതിരേ അവസാനഓവറുകളിൽ കത്തിക്കയറിയത് നമ്പൂരിയാണെന്നാണ് സ്‌കോർ ബോർഡിൽ കാണിച്ചത്. മുഴുവൻ പേര് ടി.ടി.വി. നമ്പൂരി. കൂടാതെ മണി സുന്ദറും എസ്. വിശ്വനാഥും ഇന്ത്യക്കായി കളിക്കുന്നു. ആരാധകർ തെല്ലൊന്ന് അമ്പരന്ന് കാണും.
ടി.ടി.വി നമ്പൂരിയും മണി സുന്ദറുമെല്ലാം ഇന്ത്യൻ താരങ്ങൾ തന്നെയാണ്. താരങ്ങളുടെ പാസ്‌പോർട്ടിലും മറ്റ് ഔദ്യോഗിക രേഖകളിലുമുള്ള പേരുകളാണ് സ്‌കോർബോർഡിൽ തെളിഞ്ഞത്. അതാണ് ആരാധകർക്ക് പെട്ടെന്ന് മനസിലാവാതെ വന്നത്. ഈ സ്‌കോർബോർഡ് സാമൂഹികമാധ്യമങ്ങളിൽ വൻ ചർച്ചയായി. ടി.ടി.വി. നമ്പൂരി തിലക് വർമയും, ഡബ്ല്യു.എസ്. മണി സുന്ദർ വാഷിങ്ടൺ സുന്ദറും എസ്. വിശ്വനാഥ് സഞ്ജു സാംസണുമാണ്. അതായത് പാക് ബൗളർമാരെ അടിച്ചുപറത്തിയ നമ്പൂരി തിലക് വർമയാണെന്നർഥം. വി. സൂര്യവംശി, എ. ശർമ, ജെ.ജെ. ബുംറ എന്നിങ്ങനെ പോകുന്നു പേരുകൾ.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണെടുത്തത്. അഭിഷേക് ശർമയുടെയും തിലക് വർമയുടെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 20 പന്തിൽ ഫിഫ്റ്റി തികച്ച അഭിഷേക് ശർമ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. 28 പന്തിൽ 61 റൺസെടുത്താണ് താരം മടങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
അവസാനഓവറുകളിൽ തിലക് വർമ, ശിവം ദുബെ എന്നിവരുടെ ഇന്നിങ്സുകൾ ഇന്ത്യയെ 200 കടത്തി. 18-ാം ഓവറിൽ 18 റൺസും 19-ാം ഓവറിൽ 23 റൺസും പിറന്നു. ഒടുക്കം റൺസിന് ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ശിവം ദുബെ 15 പന്തിൽ നിന്ന് 27 റൺസെടുത്തപ്പോൾ തിലക് വർമ 22 പന്തിൽ 51 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ പാക് ബാറ്റർ ഹസൻ നവാസ് അർധസെഞ്ചുറിയോടെ തിളങ്ങി. താരം അവസാനം വരെ പോരാടി. 51 പന്തിൽ ഹസൻ നവാസ് 96 റൺസെടുത്തു. അഞ്ച് ഫോറുകളും ഏഴ് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഒടുക്കം 192 റൺസിന് ഇന്നിങ്‌സ് അവസാനിച്ചു.
Content Highlights: India defeated Pakistan by 19 runs to win consecutive Asian Games cricket gold medals., Indian players appeared on the scoreboard with their official passport names instead of common names
Published: 03 Oct 2026, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented