സ്പാനിഷ് ഗ്രാൻഡ്പ്രീയിൽ പോൾ പൊസിഷനിൽനിന്ന് കുതിച്ച മക്‌ലാരന്റെ ലാൻഡോ നോറിസിന് പക്ഷേ, മെഴ്‌സിഡസിന്റെ കിമി അന്റോണെല്ലിക്കും റെഡ് ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പനും പിന്നിൽ മൂന്നാമതായാണ് റേസ് പൂർത്തിയാക്കാനായത്. റേസിൽ വിജയമുറപ്പിച്ചിരുന്ന നോറിസിന് വിർച്വൽ സേഫ്റ്റി കാർ (വിഎസ്‌സി) നിയമത്തിന്റെ സമയക്രമം തിരിച്ചടിയാകുകയായിരുന്നു.

To advertise here,

മാഡ്രിങ് സ്ട്രീറ്റ് സർക്യൂട്ടിൽ നടന്ന മത്സരത്തിൽ മികച്ച ലീഡുമായി മുന്നേറുകയായിരുന്ന നോറിസിന് വിർച്വൽ സേഫ്റ്റി കാർ സമയത്ത് പിറ്റ് സ്റ്റോപ്പ് ചെയ്യാൻ സാധിക്കാതെ വന്നതാണ് തിരിച്ചടിയായത്.

യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ പോൾ പൊസിഷൻ നേടിയ നോറിസ്, 13 ലാപ്പുകൾ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കിമി അന്റോണെല്ലിയേക്കാൾ ആറ് സെക്കൻഡിലധികം മുന്നിലായിരുന്നു. എന്നാൽ 14-ാം ലാപ്പിന്റെ അവസാനത്തിൽ നോറിസ് പിറ്റ് ലെയ്ൻ എൻട്രി പിന്നിട്ട തൊട്ടടുത്ത നിമിഷം ലാൻസ് സ്‌ട്രോളിന്റെ ആസ്റ്റൺ മാർട്ടിൻ കാർ ടേൺ 20-ൽ തരാറിലായി നിന്നുപോയി. ഇതോടെ വിഎസ്‌സി പ്രഖ്യാപിക്കപ്പെട്ടു.

ഈസമയം നോറിസിന് പിന്നിലായിരുന്ന അന്റോണെല്ലിക്കും റെഡ് ബുളിന്റെ മാക്‌സ് വെസ്റ്റാപ്പനും വിഎസ്‌സി സമയത്ത് പിറ്റ് ചെയ്യാൻ സാധിച്ചു. സാധാരണ റേസ് സമയത്തെ പിറ്റ് സ്റ്റോപ്പിനേക്കാൾ 11 സെക്കൻഡ് സമയം ലാഭിക്കാൻ വിഎസ്‌സി സമയത്തെ പിറ്റ് സ്റ്റോപ്പിലൂടെ സാധിക്കും. ഇത് ഇരുവർക്കും വലിയ നേട്ടമായി.

എന്നാൽ, അടുത്ത ലാപ്പിൽ നോറിസ് പിറ്റ് ലെയ്‌നിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് വിഎസ്‌സി പിൻവലിക്കപ്പെട്ടു. ഇതോടെ ഗ്രിഡിൽ വിഎസ്‌സി ആനുകൂല്യത്തിൽ പിറ്റ് സ്റ്റോപ്പ് ചെയ്യാൻ അവസരം ലഭിക്കാത്ത ഒരേയൊരു ഡ്രൈവറായി നോറിസ് മാറി.

15-ാം ലാപ്പിൽ നോറിസ് പിറ്റ് ചെയ്തപ്പോൾ കാറിന്റെ വലതുവശത്തെ ടയറുകൾ മാറ്റുന്നതിലുണ്ടായ അപാകത മൂലം അഞ്ച് സെക്കൻഡ് അധികമായി നഷ്ടപ്പെട്ടു. ഇതോടെ അന്റോണെല്ലിയേക്കാൾ 15 സെക്കൻഡും വെസ്റ്റാപ്പനേക്കാൾ ഒമ്പത് പിന്നിലായാണ് നോറിസ് ട്രാക്കിലേക്ക് തിരിച്ചെത്തിയത്. പുതിയ മാഡ്രിങ് സർക്യൂട്ടിൽ മറ്റ് കാറുകളെ ഓവർടേക്ക് ചെയ്യുക എന്നത് അത്യധികം പ്രയാസകരമായതിനാൽ നോറിസിന് മൂന്നാംസ്ഥാനത്ത് റേസ് അവസാനിപ്പിക്കേണ്ടിവന്നു.

റേസിനു ശേഷം ഇതിനെതിരേ കടുത്ത ഭാഷയിൽ തന്നെ നോറിസ് പ്രതികരിച്ചു. അതിഭീകരമായ നിർഭാഗ്യമാണ് ഉണ്ടായതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു റേസിന്റെ മുഴുവൻ ഫലത്തെയും നിർണയിക്കുന്ന ഒന്നാകരുത് ഈ നിയമമെന്നും (വിഎസ്‌സി) അദ്ദേഹം കൂട്ടിച്ചേർത്തു. സർക്യൂട്ടിന്റെ ലേഔട്ടിനെയും നോറിസ് വിമർശിച്ചു.

വിജയം അർഹിച്ചിരുന്നത് ലാൻഡോ (നോറിസ്) ആയിരുന്നു എന്നാണ് റേസിനു ശേഷം അന്റോണെല്ലി പ്രതികരിച്ചത്. വിഎസ്‌സി പ്രഖ്യാപിക്കുന്നത് മുൻകൂട്ടി കണ്ട് പിറ്റ് ചെയ്യാത്തതിനെക്കുറിച്ച് വ്യക്തമാക്കവേ, മാഡ്രിങ്ങിലെ നീളമേറിയ പിറ്റ് ലെയ്‌നിൽ സാധാരണ സമയത്ത് പിറ്റ് ചെയ്താൽ 27 സെക്കൻഡ് നഷ്ടപ്പെടുമെന്നും വിഎസ്‌സി വന്നില്ലെങ്കിൽ വിജയം പൂർണമായും നഷ്ടപ്പെടുമായിരുന്നുവെന്നും മക്‌ലാരൻ ടീം പ്രിൻസിപ്പൽ ആൻഡ്രിയ സ്റ്റെല്ല വിശദീകരിച്ചു.

ഈ സംഭവം ഫോർമുല വൺ നിയമങ്ങളിലെ നീതിയുക്തതയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. വിഎസ്‌സി കുറഞ്ഞത് ഒരു മുഴുവൻ ലാപ്പെങ്കിലും നിലനിർത്തി എല്ലാ ഡ്രൈവർമാർക്കും തുല്യ അവസരം നൽകണമോ എന്ന് എഫ്.വൺ സമൂഹം ചിന്തിക്കേണ്ടതുണ്ടെന്ന് ആൻഡ്രിയ സ്റ്റെല്ല അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരമൊരു നിയമമാറ്റം സ്ട്രാറ്റജി അഡൈ്വസറി കമ്മിറ്റി, എഫ് വൺ കമ്മീഷൻ എന്നിവ വഴി കടന്നുപോകേണ്ട ദീർഘമായ പ്രക്രിയയാണ്. അടുത്ത ഡ്രൈവേഴ്‌സ് ബ്രീഫിങ്ങിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് വെസ്റ്റാപ്പനും വ്യക്തമാക്കിയിട്ടുണ്ട്.

എന്താണ് വിർച്വൽ സേഫ്റ്റി കാർ?

ഫോർമുല വൺ മത്സരത്തിനിടെ ട്രാക്കിൽ അപകടം സംഭവിക്കുകയോ കാറിന്റെ ഭാഗങ്ങൾ ട്രാക്കിൽ വീഴുകയോ  മാർഷലുകൾ ട്രാക്കിനോട് ചേർന്ന് പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ ഡ്രൈവർമാരുടെ വേഗം നിയന്ത്രിക്കേണ്ടിവരും. എന്നാൽ, എല്ലാ സാഹചര്യങ്ങളിലും യഥാർഥ സേഫ്റ്റി കാർ ട്രാക്കിലിറക്കേണ്ട ആവശ്യമില്ല. അത്തരം സാഹചര്യങ്ങളിൽ പകരം ഉപയോഗിക്കുന്ന സംവിധാനമാണ് വിർച്വൽ സേഫ്റ്റി കാർ, ചുരുക്കത്തിൽ വിഎസ്‌സി.

വിർച്വൽ സേഫ്റ്റി കാർ വന്നാൽ യഥാർഥത്തിൽ ഒരു കാർ ട്രാക്കിലിറങ്ങുന്നില്ല. പകരം, എല്ലാ ഡ്രൈവർമാരും ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിശ്ചയിക്കുന്ന വേഗനിയന്ത്രണം പാലിക്കണം. ട്രാക്കിൽ അപകടസാധ്യതയുള്ള സാഹചര്യമുണ്ടെങ്കിലും, മത്സരം പൂർണമായി സേഫ്റ്റി കാറിന്റെ നിയന്ത്രണത്തിലാക്കേണ്ടത്ര ഗുരുതരമല്ലെങ്കിൽ വിഎസ്‌സി ഉപയോഗിക്കും.

ഉദാഹരണത്തിന്, ഒരു കാർ ട്രാക്കിന്റെ വശത്ത് നിർത്തിയിരിക്കുമ്പോൾ, കാറിന്റെ ഭാഗങ്ങൾ ട്രാക്കിൽ വീണുകിടക്കുമ്പോൾ, മാർഷലുകൾ ട്രാക്കിനടുത്ത് പ്രവർത്തിക്കുമ്പോൾ, ചെറിയ അപകടത്തിനു ശേഷം ട്രാക്ക് വൃത്തിയാക്കേണ്ടിവരുമ്പോൾ തുടങ്ങിയ സാഹചര്യങ്ങളിൽ റേസ് ഡയറക്ടർ വിഎസ്‌സി ഡിപ്ലോയ്ഡ് എന്ന് അറിയിക്കും. അതോടൊപ്പം, ട്രാക്കിലെ ലൈറ്റ് പാനലുകളിൽ വിഎസ്‌സി എന്ന് കാണിക്കുകയും ചെയ്യും.

വിഎസ്‌സി വന്നാൽ ഡ്രൈവർ എന്ത് ചെയ്യണം?

വിഎസ്‌സി പ്രഖ്യാപിച്ച ഉടൻ എല്ലാ ഡ്രൈവർമാരും വേഗം കുറയ്ക്കണം. എന്നാൽ, ഇവിടെ ഒരു നിശ്ചിത വേഗപരിധി, ഉദാഹരണത്തിന് മണിക്കൂറിൽ 80 കിലോമീറ്റർ എന്ന രീതിയിൽ, എല്ലാവർക്കും ഒരുപോലെ നിശ്ചയിക്കുന്നില്ല. പകരം ട്രാക്കിന്റെ ഓരോ ഭാഗത്തിനും ഒരു കുറഞ്ഞ സമയം നിശ്ചയിക്കപ്പെടുന്നു. ഡ്രൈവർ ആ ട്രാക്ക് ഭാഗം നിശ്ചയിച്ച സമയത്തേക്കാൾ വേഗത്തിൽ കടക്കാൻ പാടില്ല. ഇതിനെ സാധാരണയായി ഡെൽറ്റ ടൈം എന്നാണ് വിളിക്കുന്നത്. ഡ്രൈവറുടെ സ്റ്റിയറിങ് വീലിലെ ഡിസ്പ്ലേയിൽ ഈ ഡെൽറ്റ സമയം കാണാം. ഉദാഹരണത്തിന്, ഒരു ട്രാക്ക് സെക്ഷൻ കടക്കാൻ കുറഞ്ഞത് 30 സെക്കൻഡ് വേണമെന്ന് സംവിധാനം നിർദേശിച്ചിട്ടുണ്ടെന്ന് കരുതുക. ഡ്രൈവർ അത് 28 സെക്കൻഡിൽ കടന്നാൽ, അയാൾ അനുവദിച്ചതിലും വേഗത്തിൽ പോയി എന്നർഥം. അത് വിഎസ്‌സി നിയമലംഘനമായി കണക്കാക്കാം.