(ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് മാതൃഭൂമിക്കുവേണ്ടി റിപ്പോർട്ടു ചെയ്യാനെത്തിയ സന്തോഷ് വാസുദേവ് ആദ്യ അനുഭവം പങ്കുവെക്കുന്നു)

To advertise here,

ശാന്തസമുദ്രത്തിൽ ശാന്തമായിക്കിടക്കുന്ന കടൽക്കുതിരയെപ്പോലൊരു രാജ്യം. ബോംബുവർഷങ്ങളെ അതിജീവിച്ച് ഫീനിക്സ് പക്ഷിയെപ്പോലെ ഉദിച്ചുയർന്നൊരു ദേശം. ഉദയസൂര്യന്റെ നാട് -ജപ്പാൻ. ചരിത്രത്തിൽ മൂന്നാമതും വിരുന്നെത്തിയ ഏഷ്യയിലെ വലിയ കായികമാമാങ്കത്തിന് ആതിഥ്യമരുളാൻ ജപ്പാൻ തയ്യാർ.

ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളാൻ ജപ്പാൻകാർ എല്ലാതരത്തിലും തയ്യാറായിക്കഴിഞ്ഞു. ഇനി നാലുദിവസം മാത്രമാണ് വിളക്കുതെളിയാനുള്ളത്. 1951-ൽ ന്യൂഡൽഹിയിൽ തുടക്കംകുറിച്ച ഏഷ്യൻ ഗെയിംസ് 1958-ലാണ് ആദ്യമായി ജപ്പാനിലെത്തുന്നത്. ടോക്യോയിലായിരുന്നു ഒന്നാംവട്ടം. 1994-ൽ ഹിരോഷിമയിൽ രണ്ടാംവട്ടം.

നാലു വലുതും പതിനാലായിരത്തോളം ചെറുതുമായ ദ്വീപുകളാൽ രൂപപ്പെട്ട ജപ്പാന് ഇതൊരിക്കൽക്കൂടി ഉത്സവത്തിന്റെ നാളുകളാണ്. മധ്യത്തിൽനിന്ന് അല്പം മാറിയുള്ള തുറമുഖനഗരമായ നഗോയയിലും നഗോയ ഉൾപ്പെടുന്ന ഐച്ചി പ്രിഫക്ചറിലുമായാണ് ഗെയിംസ് മത്സരങ്ങൾ പ്രധാനമായും നടക്കുന്നത്. ഐച്ചി പ്രിഫക്ചറിന്റെ തലസ്ഥാനമാണ് നഗോയ. ഇവിടേക്ക് ടീമുകൾ ഒന്നൊന്നായി എത്തിത്തുടങ്ങി.

അങ്ങനെ കൊണ്ടുവരേണ്ട

ലോകത്തെ ഏറ്റവും കർശന കസ്റ്റംസ് നിയമങ്ങളുള്ളൊരു രാജ്യമാണ് ജപ്പാൻ. മാംസം, മാംസ ഉത്പന്നങ്ങൾ, അരി, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, അരുമമൃഗങ്ങൾ എന്നിവയൊന്നും ജപ്പാനിലേക്ക്‌ മറ്റുരാജ്യങ്ങളിൽനിന്ന് വ്യക്തികൾക്ക് കൊണ്ടുവരാനാകില്ല. അഥവാ കൊണ്ടുവന്നാൽ വിമാനത്താവളത്തിൽ പിടിച്ചെടുക്കും.

‘രാവിലെത്തന്നെ നേരം വെളിച്ചമായി’

ടോക്യോയിൽ കാലുകുത്തുമ്പോൾ സമയം പുലർച്ചെ ഏഴാകുന്നതേയുള്ളൂ. എങ്കിലും സൂര്യൻ ഉദിച്ചുയർന്ന് ഏറെയായതുപോലെ. കേരളത്തിൽ ഒരു 10 മണിയെങ്കിലുമായ പ്രതീതി. ടോക്യോയിൽനിന്ന് 350 കിലോമീറ്ററിലേറെ ദൂരമുള്ള നഗോയയിൽ കഴിഞ്ഞയാഴ്ച പെയ്ത കനത്തമഴയിൽ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു.

ഗെയിംസ് നടത്തിപ്പിന് മഴ വീണ്ടും ഭീഷണിയാകുമോ എന്ന സംശയമാണ് ഇവിടെ വന്നിറങ്ങിയപ്പോൾ ആദ്യം തോന്നിയത്. ടോക്യോയിൽനിന്ന് വ്യത്യസ്തമായി ആകാശം മൂടിക്കെട്ടിനിൽക്കുന്നു. രാവിലെ ഒൻപതരയായിട്ടും കാര്യമായ വെളിച്ചമില്ല. അല്പസമയം പിന്നിട്ടപ്പോഴേക്കും മഴ തുടങ്ങി.

നഗോയയിൽ മിക്കയിടത്തും ഏഷ്യൻ ഗെയിംസിന്റെ പ്രചാരണാർഥം ബോർഡുകളും ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ഹോനോഹോനിന്റെ രൂപങ്ങളും വെച്ചിരിക്കുന്നു. നഗോയയിലെ ചുബു വിമാനത്താവളത്തിൽ ബാഗേജുകൾ വരുന്ന കൺവെയർ ബെൽറ്റിൽ ജപ്പാൻകാരുടെ ഇഷ്ടവിഭവമായ സുഷിയുടെ മാതൃക പ്രദർശിപ്പിച്ചിരിക്കുന്നു. വിമാനത്താവളത്തിനു പുറത്ത് ഗെയിംസ് ഡെസ്‌കിൽ എത്തിയപ്പോൾ ഒരുകൂട്ടം വനിതകൾ സ്വീകരിച്ചു: ‘‘നിഹുയെ യുകുസൊ’’ (ജപ്പാനിലേക്കു സ്വാഗതം).

നഗോയക്കും ചുറ്റുവട്ടപ്രദേശങ്ങൾക്കും ഇനി കളിയാരവത്തിന്റെ നാളുകളാണ്. ബാസ്‌കറ്റ്ബോൾ, ഫുട്ബോൾ മത്സരങ്ങൾ ഇതിനകം തുടങ്ങിക്കഴിഞ്ഞു. എല്ലാവരും പത്തൊൻപതിനുള്ള ഉദ്ഘാടന മാമാങ്കത്തിനു കാത്തിരിക്കുകയാണ്.