മാഡ്രിഡ്: സ്പാനിഷ് ഗ്രാൻഡ്പ്രീയുടെ പുതിയ മാഡ്രിങ് എഫ് വൺ സർക്യൂട്ടിൽ നടന്ന ഉദ്ഘാടന മത്സരത്തിനു പിന്നാലെ ഉയർന്ന കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ സർക്യൂട്ടിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി സംഘാടകർ. സർക്യൂട്ടിലെ ആദ്യ റേസിനു ശേഷം രൂക്ഷമായ വിമർശനങ്ങളാണ് ടീമുകളുടെയും ഡ്രൈവർമാരുടെയും ഭാഗത്തു നിന്ന് ട്രാക്കിനെതിരേ ഉയർന്നത്.
സർക്യൂട്ടിൽ വാഹനങ്ങൾക്ക് പരസ്പരം ഓവർടേക്ക് ചെയ്യാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നുവെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് അടുത്ത വർഷത്തേക്ക് ഇതിൽ മാറ്റങ്ങൾ വരുത്താൻ സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.
പുതിയ മാഡ്രിങ് സർക്യൂട്ടിലെ റേസ് തികച്ചും വിരസമായിരുന്നുവെന്ന് വില്യംസ് ടീം ഡ്രൈവർ അലക്‌സ് അൽബൺ അഭിപ്രായപ്പെട്ടപ്പോൾ, റേസിനിടെ താൻ 'ഏകദേശം ഉറങ്ങിപ്പോയി' എന്നായിരുന്നു ഔഡി താരം ഗബ്രിയേൽ ബോർട്ടോലെറ്റോയുടെ പ്രതികരണം.
ട്രാക്കിലെ ഒറ്റ ലാപ്പിലെ വെല്ലുവിളിയെ ഡ്രൈവർമാർ പ്രശംസിച്ചെങ്കിലും, സർക്യൂട്ടിലെ ഒരു ഭാഗം തികച്ചും ഉപയോഗശൂന്യമാണെന്നും ഇത് മികച്ചൊരു റേസ് ട്രാക്കല്ലെന്നും ലോക ചാമ്പ്യനായ ലാൻഡോ നോറിസ് പറഞ്ഞു. പ്രത്യേകിച്ച്, ടേൺ 18, 19 എന്നിവ ഒഴിവാക്കി, ഒരു ഹെയർപിൻ വളവിലേക്ക് നീളുന്ന നേരായ പാത നിർമിക്കണമെന്ന് നോറിസ് നിർദേശിച്ചു. ഈ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അടുത്ത വർഷം ഇവിടെ വീണ്ടും മത്സരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ട്രാക്ക് ഓവർടേക്ക് ചെയ്യാനുള്ള അവസരങ്ങൾ നൽകുന്നില്ലെന്നും, മുന്നിലുള്ള വാഹനം മറികടക്കാൻ ശ്രമിച്ചാൽ 80 ശതമാനം സമയത്തും കൂട്ടിയിടിക്ക് സാധ്യതയുണ്ടെന്നും റേസ് വിജയിയായ കിമി അന്റോണെല്ലി വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെ ആരാധകരും സംഘാടകർക്കെതിരേ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കാണികൾക്ക് ഇരിക്കാൻ കൃത്യമായ സൗകര്യമില്ലാതെ മണ്ണിൽ ഇരിക്കേണ്ടി വന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കേണ്ടി വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം.
രാജ്യാന്തര ഓട്ടോമൊബൈൽ ഫെഡറേഷന്റെ (എഫ്‌ഐഎ) നിർദേശങ്ങൾ അനുസരിച്ച് ട്രാക്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും, അടുത്ത വർഷത്തേക്ക് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തങ്ങൾ തയ്യാറാണെന്നും മാഡ്രിങ് മാനേജിംഗ് ഡയറക്ടർ ലൂയിസ് ഗാർഷ്യ അബാദ് അറിയിച്ചു.
Content Highlights: Organizers are modifying the new Madrid F1 circuit following harsh criticism from drivers., Drivers like Lando Norris, Alex Albon, and Kimi Antonelli complained about a lack of overtaking opportunities and boring racing., Spectators also faced poor seating arrangements due to rushed construction., The managing director confirmed track adjustments and facility improvements will be made per FIA guidelines.
Published: 14 Sept 2026, 10:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented