ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടിയ ഇന്ത്യയുടെ ഡി ഗുകേഷിന് പ്രതിഫലമായി ലഭിച്ചത് 11.45 കോടി രൂപയാണ്. എന്നാല്‍ ഇതിനൊപ്പം വന്‍തുക നികുതി ഇനത്തില്‍ ഇന്ത്യയുടെ ചാമ്പ്യന്‍ അടയ്‌ക്കേണ്ടി വരും. ഏകദേശം 4.67 കോടി രൂപയാണ് ഗുകേഷ് നികുതി നല്‍കേണ്ടതെന്ന് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

To advertise here,

അതായത് വരുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ധോനി കൈപ്പറ്റുന്ന പ്രതിഫലത്തേക്കാള്‍ കൂടുതലാണ് ഇത്. ധോനിയെ അടുത്ത സീസണിലേക്ക് ടീം നിലനിര്‍ത്തിയത് നാല് കോടി രൂപയ്ക്കാണ്.

ഇതിന് പിന്നാലെ ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഗുകേഷ് ലോക ചാമ്പ്യനായതില്‍ ശരിക്കും അഭിനന്ദിക്കേണ്ടത് ആദായ നികുതി വകുപ്പിനെയാണെന്നും കാരണം  ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത് അവര്‍ക്കാണെന്നുമാണ് പോസ്റ്റുകള്‍. 

ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനമാണ് നികുതി നല്‍കേണ്ടത്. അഞ്ച് കോടിക്ക് മുകളിലാണെങ്കില്‍ 37 ശതമാനം വരെ അധിക നികുതിയും നാല്  ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നല്‍കണം. ഫലത്തില്‍ വന്‍ പ്രതിഫലം ലഭിക്കുമ്പോള്‍ 42 ശതമാനമാണ് നികുതിയായി നല്‍കേണ്ടി വരിക. 

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആകെ സമ്മാനത്തുക 21.20 കോടി രൂപയാണ്. ഓരോ ഗെയിമും ജയിക്കുമ്പോള്‍ ജേതാവിന് ലഭിക്കുക 1.69 കോടി രൂപയാണ്. ഇതുപ്രകാരം മൂന്ന് ജയം നേടിയ ഗുകേഷിന് 5.07 കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. രണ്ട് ജയമുള്ള ഡിങ് ലിറന് 3.38 കോടി രൂപയും ലഭിച്ചു. ശേഷിക്കുന്ന സമ്മാനത്തുക ഇരുവര്‍ക്കും തുല്ല്യമായി വീതിക്കുകയാണ് ചെയ്യുക.