'ആനുവല്‍ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസി'ന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, 2024-25-ല്‍ ഒരു ഫാക്ടറി തൊഴിലാളിയുടെ ശരാശരി വാര്‍ഷിക ശമ്പളം 2.28 ലക്ഷം രൂപയാണ് (മാസം ഏകദേശം 19,000 രൂപ).

''ഞാൻ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഇളവ് നൽകി. പക്ഷേ, നിങ്ങൾ ജീവനക്കാരുടെ ശമ്പളം കൂട്ടിയോ?'' - കഴിഞ്ഞ ദിവസം ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായ പ്രമുഖരോട് ചോദിച്ച ചോദ്യമാണിത്.
വ്യവസായസൗഹൃദ അന്തരീക്ഷവും നികുതിയിളവുകളും സർക്കാർ ഒരുക്കിയിട്ടും അതിന്റെ ഗുണം ജീവനക്കാർക്ക് ശമ്പളവർധനയായി നൽകാൻ കമ്പനികൾ തയ്യാറായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രധാനമന്ത്രിയുടെ ഈ വിമർശനത്തെ ശരിവെക്കുന്നതാണ് മുന്നിലുള്ള കണക്കുകൾ.
2019 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ കോർപറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചിരുന്നു (സെസും സർചാർജും ഉൾപ്പെടെ 25.17 ശതമാനം). പുതിയ കമ്പനികൾക്ക് നിരക്ക് 15 ശതമാനം മാത്രം. പുതിയ നിക്ഷേപം ആകർഷിക്കുക, വളർച്ച തിരിച്ചുപിടിക്കുക എന്നിവയായിരുന്നു ലക്ഷ്യം. ഇതുവഴി പ്രതിവർഷം 1.45 ലക്ഷം കോടി രൂപയുടെ വരുമാനം സർക്കാർ വേണ്ടെന്നുവെക്കുമെന്ന് അന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
2025-ലെ ബജറ്റിൽ, പുതിയ നികുതി സമ്പ്രദായപ്രകാരം 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടതില്ലെന്നും പ്രഖ്യാപിച്ചു. ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ചേരുമ്പോൾ ഇത് 12.75 ലക്ഷം രൂപ വരെയാകും. പ്രധാനമന്ത്രി പരാമർശിച്ചത് ഈ ഇളവിനെക്കുറിച്ചാണ്.
ഫാക്ടറികളിൽ സർക്കാർ നടത്തുന്ന വാർഷിക സർവേയായ 'ആനുവൽ സർവേ ഓഫ് ഇൻഡസ്ട്രീസി'ന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, 2024-25-ൽ ഒരു ഫാക്ടറി തൊഴിലാളിയുടെ ശരാശരി വാർഷിക ശമ്പളം 2.28 ലക്ഷം രൂപയാണ് (മാസം ഏകദേശം 19,000 രൂപ). മുൻവർഷത്തെക്കാൾ 5.3 ശതമാനം കൂടുതൽ.
കേൾക്കുമ്പോൾ മോശമല്ലെന്നു തോന്നാം. പക്ഷേ, അതേ കാലയളവിൽ സാധനങ്ങളുടെ വില 4.6 ശതമാനം കൂടി. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം തൊഴിലാളിക്ക് 100 രൂപ കിട്ടിയിരുന്നെങ്കിൽ ഈ വർഷം അത് 105.30 രൂപയായി. എന്നാൽ, കഴിഞ്ഞ വർഷം 100 രൂപയ്ക്ക് വാങ്ങാമായിരുന്ന സാധനങ്ങൾക്ക് ഈ വർഷം 104.60 രൂപയായി. ശമ്പളം കൂടിയതിന്റെ സിംഹഭാഗവും വിലക്കയറ്റം കൊണ്ടുപോയി. കൈയിൽ ബാക്കിയായത് വെറും 0.7 ശതമാനം മാത്രം.
വിലക്കയറ്റം കിഴിച്ചുള്ള ഈ വർധനയെയാണ് 'യഥാർഥ ശമ്പളം' (Real Wage) എന്ന് പറയുന്നത്. ശമ്പളസ്ലിപ്പിലെ സംഖ്യ കൂടിയാലും അതുകൊണ്ട് വാങ്ങാനാകുന്ന സാധനങ്ങളുടെ അളവ് കൂടുന്നില്ലെങ്കിൽ ജീവിതനിലവാരം മെച്ചപ്പെടില്ല.
ഏറ്റവും ആശങ്കയുണ്ടാക്കുന്നത് മറ്റൊന്നാണ്: ഈ 0.7 ശതമാനം പോലും മൂന്നു വർഷത്തിനിടയിലെ ഏറ്റവും മികച്ച വർധനയാണ്. 2023-24-ൽ യഥാർഥ ശമ്പളവർധന 0.1 ശതമാനം മാത്രമായിരുന്നു; 2022-23-ൽ 1.1 ശതമാനം കുറയുകപോലും ചെയ്തു. കഴിഞ്ഞ ആറു വർഷത്തിൽ അഞ്ചിലും വർധന ഒരു ശതമാനത്തിൽ താഴെയായിരുന്നു. ഒരു ശതമാനത്തിനു മുകളിൽ പോയ ഒരേയൊരു വർഷം 2021-22 ആണ് (4.5 ശതമാനം). പക്ഷേ, കോവിഡ് കാരണം തൊട്ടുമുമ്പത്തെ വർഷം ശമ്പളം 5.3 ശതമാനം ഇടിഞ്ഞിരുന്നതിനാലുള്ള തിരിച്ചുകയറ്റം മാത്രമായിരുന്നു അത്.
ഫാക്ടറി തൊഴിലാളികളുടെ മാത്രം പ്രശ്‌നമല്ല ഇത്. ഡൽഹിയിലെ സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് എന്ന ഗവേഷണസ്ഥാപനത്തിന്റെ 2025 മേയിലെ പഠനപ്രകാരം, 2017-18 മുതൽ 2023-24 വരെ ശമ്പളത്തിന് വിലക്കയറ്റത്തിനൊപ്പം എത്താൻപോലും കഷ്ടിച്ചേ കഴിഞ്ഞുള്ളൂ. മിക്കവാറും എല്ലാ തൊഴിൽമേഖലകളിലും ഇതാണ് സ്ഥിതി.
ദേശീയതലത്തിൽ 2019-20 രണ്ടാം പാദം മുതൽ 2024-25 ഒന്നാം പാദം വരെ യഥാർഥ ശമ്പളം കൂടിയത് വെറും 0.01 ശതമാനം മാത്രമാണെന്ന് ഇന്ത്യ റേറ്റിങ്‌സ് ആൻഡ് റിസർച്ച് കണക്കാക്കുന്നു. വ്യവസായം ഏറെയുള്ള ഹരിയാനയിലും ഉത്തർപ്രദേശിലും യഥാർഥ ശമ്പളം കുറയുകയാണ് ചെയ്തത്.
എസ്.ബി.ഐ.യുടെ പഠനമനുസരിച്ച് 2016-17 മുതൽ 2025-26 വരെ യഥാർഥ ശമ്പളം പ്രതിവർഷം ശരാശരി 0.23 ശതമാനം വീതമേ കൂടിയുള്ളൂ; പത്തു വർഷംകൊണ്ട് ആകെ ഏകദേശം 2.3 ശതമാനം.
2025-ലെ സാമ്പത്തിക സർവേ പ്രകാരം, സ്വയംതൊഴിൽ ചെയ്യുന്ന പുരുഷന്മാരുടെ യഥാർഥ പ്രതിമാസ വരുമാനം 2017-18-ലെ 9,454 രൂപയിൽനിന്ന് 2023-24-ൽ 8,591 രൂപയായി കുറഞ്ഞു - 9.1 ശതമാനം ഇടിവ്.
ഫാക്ടറികളിൽ തൊഴിലാളിയും മാനേജരും തമ്മിലുള്ള ശമ്പളവിടവും കൂടിവരികയാണെന്ന് എ.എസ്.ഐ. കണക്കുകൾ വ്യക്തമാക്കുന്നു. 2008-09-ൽ ഒരു മാനേജർക്ക് തന്റെ കീഴിലുള്ള തൊഴിലാളിയെക്കാൾ 5.87 മടങ്ങ് ശമ്പളം കിട്ടിയിരുന്നു; ഇന്നത് 6.36 മടങ്ങായി ഉയർന്നു. അതേസമയം, തൊഴിലാളിയുടെ കൈയിൽ ബാക്കിയാകുന്നത് ഒരു ശതമാനത്തിൽ താഴെയാകുമ്പോൾ കമ്പനികളുടെ ലാഭം കുതിക്കുകയാണ്.
ബാങ്ക് ഓഫ് ബറോഡയുടെ കണക്കനുസരിച്ച്, ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത 2,600 കമ്പനികൾ ചേർന്ന് നേടിയ അറ്റാദായം ഏകദേശം 4.5 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 26 ശതമാനം വർധന. ഇതൊരു റെക്കോർഡാണ്.
ഓഹരിവിപണിയിലെ മൊത്തം മൂല്യത്തിന്റെ ഏകദേശം 90 ശതമാനം വരുന്ന നിഫ്റ്റി 500 കമ്പനികളുടെ ലാഭം 2025-26-ൽ രാജ്യത്തിന്റെ ജി.ഡി.പി.യുടെ 5.2 ശതമാനം എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തിയെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ജൂണിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലാഭവും ശമ്പളവും തമ്മിലുള്ള ഈ അന്തരം സർക്കാർ നേരത്തേതന്നെ ശ്രദ്ധിച്ചിരുന്നു. 2024-25-ലെ സാമ്പത്തിക സർവേയിൽ, കോർപറേറ്റ് ലാഭത്തിലെ അമിതമായ വർധന വരുമാനത്തിൽ അസമത്വം സൃഷ്ടിക്കുമെന്ന ആശങ്ക ഉന്നയിച്ചിരുന്നു.
എന്നാൽ, കമ്പനികൾക്ക് ലഭിച്ച നികുതിയിളവ് ശമ്പളത്തിലെത്താത്തത് എന്തുകൊണ്ട്? നികുതിയിളവിന്റെ ലക്ഷ്യം ജീവനക്കാരുടെ ശമ്പളവർധന ആയിരുന്നില്ല എന്നതാണ് പ്രധാന കാരണം. പുതിയ നിക്ഷേപവും 'മേക്ക് ഇൻ ഇന്ത്യ'യും ലക്ഷ്യമിട്ടാണ് 2019-ലെ ഇളവ് പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ചത്ര നിക്ഷേപം വന്നില്ലെന്നത് മറ്റൊരു കാരണമായി.
മാത്രമല്ല, ജൂലായ്-സെപ്റ്റംബർ പാദത്തിലെ 4.5 ലക്ഷം കോടി രൂപയുടെ ലാഭത്തിൽ 1.12 ലക്ഷം കോടിയും, അതായത് നാലിലൊന്ന്, റിലയൻസ്, എസ്.ബി.ഐ., ഇന്ത്യൻ ഓയിൽ, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഒ.എൻ.ജി.സി. എന്നീ അഞ്ച് കമ്പനികളുടേതാണ്. ഇതിൽ മൂന്നെണ്ണം പൊതുമേഖലാ സ്ഥാപനങ്ങളാണ്.
നവംബർ 30-ന് ജൂലായ്-സെപ്റ്റംബർ പാദത്തിലെ ജി.ഡി.പി. കണക്ക് പുറത്തുവരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ വിമർശനം. ഏപ്രിൽ-ജൂൺ പാദത്തിൽ വളർച്ച 7.8 ശതമാനമായിരുന്നു.
Content Highlights: Prime Minister Narendra Modi questioned industries at FICCI for not increasing employee salaries despite receiving corporate tax cuts and income tax exemptions., Real wage growth for factory workers remains under 1% due to high inflation, neutralizing nominal salary hikes., Corporate profits have reached record highs in 2025-26, while wage growth has remained stagnant for the past several years., The gap between manager and worker salaries is widening while overall corporate net profits surged by 26%.
Published: 21 Nov 2026, 02:57 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented