ഹാമില്‍ട്ടണ്‍: ന്യൂസീലന്‍ഡിനെതിരേ ചരിത്രവിജയവുമായി ടീം ഇന്ത്യ ആഘോഷിക്കുമ്പോള്‍ റെക്കോഡുകളുടെ തിളക്കവുമായി രോഹിത് ശര്‍മയും വിരാട് കോലിയും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. 

To advertise here,

സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരുടെ കൂട്ടത്തിലേക്കാണ് രോഹിത് എത്തിയത്. ഇവരില്‍തന്നെ 50 റണ്‍സിന് മുകളില്‍ ശരാശരിയുള്ള ഏക ബാറ്റ്സ്മാനാണ് രോഹിത്.

ക്യാപ്റ്റനെന്ന നിലയില്‍ ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. മഹേന്ദ്ര സിങ് ധോനിയുടെ പേരിലുണ്ടായിരുന്ന 1112 റണ്‍സിന്റെ റെക്കോഡാണ് കോലി മറികടന്നത്. 

ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ 38 റണ്‍സെടുത്തതോടെ കോലിക്ക് ക്യാപ്റ്റനെന്ന നിലയില്‍ ട്വന്റി-20യില്‍ 1126 റണ്‍സായി. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിയാണ് (1273) ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടിയ താരം.

മറ്റൊരു റെക്കോഡില്‍ വിരാട് കോലിക്കൊപ്പമെത്താനും രോഹിതിന് കഴിഞ്ഞു. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അമ്പതിന് മുകളില്‍ റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോഡിലാണ് രോഹിത് ഇന്ത്യന്‍ ക്യാപ്റ്റനൊപ്പമെത്തിയത്. കിവീസിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഫിഫ്റ്റി അടിച്ചതോടെ രോഹിത് 24-ാമത്തെ തവണയാണ് അമ്പതിന് മുകളില്‍ സ്‌കോര്‍ നേടുന്നത്.

Content Highlights: Virat Kohli and Rohit Sharma T20 Records India vs New Zealand