കോഴിക്കോട്: സെവന്‍സ് ഫുട്‌ബോള്‍ രംഗത്തെ പ്രശസ്തനായ റഫറി ആലിക്കോയ അന്തരിച്ചു. കോഴിക്കോട് അരീക്കാട് കോട്ടുമ്മല്‍ സ്വദേശിയായ ആലിക്കോയ സെവന്‍സ് ഫുട്‌ബോളിനെ ജനകീയമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമാണ്. കുറച്ചുകാലമായി കളിക്കളത്തുനിന്നും വിട്ടുനിന്ന ആലിക്കോയ അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കേരളത്തിലുടനീളം സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിച്ച ഇദ്ദേഹം ഫുട്‌ബോള്‍ താരങ്ങളേക്കാള്‍ കൂടുതല്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വാശിയേറിയ മത്സരങ്ങളില്‍ ആലിക്കോയയുടെ നിര്‍ണായക തീരുമാനങ്ങള്‍ ഫുട്‌ബോള്‍ ആരാധകരുടെ മനം കവര്‍ന്നു. 

ഐം.എം. വിജയന്‍, ആസിഫ് സഹീര്‍, ജോ പോള്‍ അഞ്ചേരി, അനസ് എടത്തൊടിക തുടങ്ങിയ മലയാളികളായ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ വരെ ആലിക്കോയയുടെ കീഴില്‍ കളിച്ചിട്ടുണ്ട്. യുദ്ധസമാനമായ സെവന്‍സ് ഫുട്‌ബോളിനെ ഒരൊറ്റ വിസില്‍ കൊണ്ട് നിയന്ത്രിക്കാനുള്ള അസാമാന്യമായ പാടവം ആലിക്കോയയ്ക്ക് ഉണ്ടായിരുന്നു.

2008 മുതല്‍ 2013 വരെ കോതമംഗലം ചെറുവട്ടൂരില്‍ അരങ്ങേറിയ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആലിക്കോയയുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടന്നത്. കണിശതയോടെ മത്സരം നിയന്ത്രിച്ച ആലിക്കോയ കുറച്ചുകാലമായി ഫുട്‌ബോള്‍ രംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 

ആലിക്കോയ വിടവാങ്ങുന്നതോടെ സെവന്‍സ് ഫുട്‌ബോളിലെ വലിയൊരു യുഗത്തിനാണ് അവസാനമാകുന്നത്. 

Content Highlights: Sevens football Referee Aalikkoya passed away