
ഒറ്റപ്പാലം: വാണിയംകുളത്തെ സെവൻസ് ഫുട്‌ബോൾ മത്സരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സമയം രാത്രി ഒരുമണി. മൂന്ന് മണിക്കൂർ ഒന്നുറങ്ങി. പുലർച്ചെ 4.45ന് എണീറ്റ് നേരെ തിരൂരിലേക്ക്. അവിടെയും സെവൻസ് മത്സരംതന്നെ. ഇങ്ങനെ ഊണും ഉറക്കവുമൊക്കെ മാറ്റിവെച്ച് കാൽപന്തുകളിയോടുള്ള തന്റെ ഇഷ്ടത്തിന് ഇപ്പോഴും മധുരപ്പതിനേഴാണെന്നാണ് 68 വയസുള്ള പൂക്കോയ തങ്ങൾ തെളിയിക്കുന്നത്.
പ്രായം ഏറെയായിട്ടും മണ്ണാർക്കാട് കോടതിപ്പടി പുതിയ മാളിയേക്കൽ വീട്ടിൽ പൂക്കോയതങ്ങൾ കാൽപന്തുകളി ഇപ്പോഴും ഖൽബിൽ കൊണ്ടുനടക്കുകയാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലെ വെറ്ററൻസ് ഫുട്‌ബോൾ ലീഗുകളിലെല്ലാം സജീവസാന്നിദ്ധ്യമാണ് തങ്ങൾ. ഈ ലീഗുകളിലെ ഏറ്റവും പ്രായംകൂടിയ കളിക്കാരൻ. പ്രായം ശരീരത്തെ തളർത്തിയപ്പോൾ മുന്നേറ്റനിരയിൽ കളിച്ചിരുന്ന തങ്ങൾ പിന്നോട്ടുവലിഞ്ഞ് പ്രതിരോധനിരയിലേക്കെത്തിയെന്ന് മാത്രം. രാവിലെ മുടങ്ങാതെ പരിശീലനം നടത്തി ഫിറ്റനെസ് കാത്തുസൂക്ഷിച്ചാണ് ജീവിതം.
തന്റെ എൽ.പി സ്‌കൂൾ കാലംതൊട്ടെ കാൽപന്തുകളി ജീവനാണ് തങ്ങൾക്ക്. എന്നാൽ ടൂർണമെന്റുകളൊക്കെ തുടങ്ങിയത് ബ്രദേഴ്‌സ് ക്ലബ്ബിനൊപ്പം ഹൈസ്‌കൂൾ കാലത്താണ്. കുമരംപുത്തൂർ കല്ലടി ഹൈസ്‌കൂളിൽ പഠിക്കവെ ജില്ലാ ഫുട്‌ബോൾ ടൂർണമെന്റിൽ സ്‌കൂൾ ടീമിൽ തങ്ങളുണ്ടായിരുന്നു. അത് വരെ മുന്നേറ്റനിരയിൽ കളിച്ചിരുന്ന തങ്ങളെ പി.ടി. മാഷ് ഫൈനലിൽ പ്രതിരോധ നിരയിലേക്കിറക്കി. മത്സരം സമനിലയിൽ നീങ്ങിക്കൊണ്ടിരിക്കവെ പ്രതിരോധനിരയിൽ നിന്ന് ഓടി മുന്നേറ്റനിരയിലെത്തി പൂക്കോയതങ്ങൾ ഒരു ഗോളടിച്ചു. ആ ഗോളിൽ അന്ന് ആദ്യമായി കല്ലടി സ്‌കൂൾ ചാമ്പ്യൻഷിപ്പ് ജയിച്ചത് തങ്ങൾക്ക് അഭിമാന നിമിഷമായിരുന്നു. പിന്നെ രാവും പകലും കാൽപന്തുകളിതന്നെയായിരുന്നു ജീവിതം.
ഇത് കൂടിയപ്പോൾ വീട്ടുകാർ എതിർക്കുകയും പൂക്കോയതങ്ങളെ വീട്ടുകാർ വിവാഹം കഴിപ്പിക്കാനും തീരുമാനിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് പെണ്ണുവീട്ടിലെ താമസത്തിന് ശേഷം മൂന്നാം ദിവസം സ്വന്തം വീട്ടിലേക്ക് വരുന്നവഴി തങ്ങൾ വാഹനത്തിൽ നിന്ന് ചാടി കാൽപന്ത് കളിക്കാൻ പോയി. അങ്ങനെയും കാൽപന്തുകളിയോടുള്ള ഇഷ്ടം അവസാനിപ്പിക്കാൻ വീട്ടുകാർക്കായില്ല. ഇത് തുടർന്നതോടെ ഗൾഫിലേക്ക് വിട്ടു. പിന്നീടുണ്ടായത് തങ്ങളുടെ ജീവിതത്തിൽ ഫുട്‌ബോൾ കളിക്കാത്ത മൂന്ന് പതിറ്റാണ്ടായിരുന്നു.
എന്നാൽ ചെറിയ മകളുടെ ഭർത്താവ് സൈഫുദ്ധീൻ ഗൾഫിലെത്തിയതോടെ കാൽപന്തുകളി വീണ്ടും തുടങ്ങി. ഖത്തറിൽ ഇപ്പോഴുമുള്ള ഫ്രൈഡേ ഫുട്‌ബോൾ ക്ലബ്ബിന്റെ സ്ഥാപകനായി കളി പുനരാരംഭിച്ചു. ഗൾഫ് വിട്ട് നാട്ടിലെത്തിയപ്പോൾ മലപ്പുറം വെറ്ററൻസ് സെവൻസ് ഫുട്‌ബോൾ അസോസിയേഷനിൽ ചേർന്നത് വഴിത്തിരിവായി. കഴിഞ്ഞ് പത്തുവർഷത്തോളമായി വീട്ടുകാരുടെകൂടി പിന്തുണയോടെ ഫുട്‌ബോൾ കളിക്കുന്നുണ്ട് ഈ 68കാരൻ. ഒറ്റപ്പാലം വെറ്ററൻസ് ഫുട്‌ബോൾ ലീഗിലാണ് ഇപ്പോൾ കളിക്കുന്നത്. ഫാത്തിമയാണ് ഭാര്യ. ആഷിഖ്, അമൽ ബീവി, അഭില ബീവി, നജ്മുന്നീസ എന്നിവരാണ് മക്കൾ.
Content Highlights: Pookoyathangal, a 68-year-old, continues his football journey despite age
Published: 14 Dec 2024, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented