
മലപ്പുറം : കളിയാസ്വദിക്കാൻ ചെന്നാൽ അടിയുംകണ്ട് മടങ്ങാം. ഇതാണ് സെവൻസ് ഫുട്‌ബോൾ മത്സര മൈതാനത്തുള്ള അവസ്ഥ. കൈയാങ്കളി പതിവായതിന്റെ തലവേദനയിലാണ് സംഘാടകരും സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികളും.
പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബോൾ ഫൈനലിൽ ഒരു കളിക്കാരൻ മത്സരം നിയന്ത്രിച്ച റഫറിയെ മർദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തലങ്ങും വിലങ്ങും പ്രചരിക്കുകയാണ്. ഇതെന്തു കളിയെന്ന് കാണുന്നവർ ചോദിച്ചാൽ മറുപടി പറയാനാവാതെ സെവൻസ് ആരാധകർ വിയർക്കുകയാണ്.
കളി മുഴുമിപ്പിക്കാനാകാതെ ആംബുലൻസിലാണ് റഫറിയെ ആശുപത്രിയിലെത്തിച്ചത്. കളിക്കിടയിൽ വീണുകിടന്ന താരത്തിന്റെ നെഞ്ചത്ത് ഒരു വിദേശതാരം ചവിട്ടിയ വാർത്തയും വീഡിയോയും ഏറെ ഞെട്ടലുണ്ടാക്കി. എടത്തനാട്ടുകരയിലെ ടൂർണമെന്റിൽ റഫറിയെ കൈയേറ്റംചെയ്ത താരത്തെ കാണികളാണ് കൈകാര്യംചെയ്തത്. കളിക്കാർ തമ്മിലും കളിക്കാരും റഫറിയും തമ്മിലും കളിക്കാരും കാണികളും തമ്മിലുള്ള വാക്കേറ്റവും മർദനവും തുടർക്കഥയാണ്. ഇതിനെതിരേ എന്തൊക്കെ നടപടിയുണ്ടാകുമെന്നാണ് കണ്ടറിയേണ്ടത്.
ചുവപ്പൻ നിയമം
സാധാരണ ഫുട്‌ബോൾ മത്സരങ്ങളിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ചുവപ്പ് കാർഡ് ലഭിച്ച് കളിക്കാരൻ പുറത്തായാൽ പകരക്കാരനെ നിയമിക്കാൻ നിയമമില്ല. സെവൻസിൽ ഇതു ബാധകമല്ലാത്തതാണ് അടിപിടിയുടെ പ്രധാന കാരണം. ചുവപ്പ് കാർഡ് ലഭിച്ച് ഒരു താരം കയറിയാൽ മറ്റൊരാളെ ഇറക്കാൻ കഴിയും. അതുകൊണ്ടു അച്ചടക്ക നടപടി താരസമ്പന്നമായ ടീമിനെ ബാധിക്കുന്നേയില്ല. ഇതൊരുതരത്തിൽ അച്ചടക്കലംഘനത്തിനുള്ള ലൈസൻസ് കൂടിയായി മാറുന്നു. നീ ധൈര്യമായി പെരുമാറിക്കോ, കൂടെ ഞാനുണ്ട് എന്ന ചില മാനേജർമാരുടെ വാക്കുകൾ പലർക്കും ധൈര്യമാകുന്നു.
കളിയിലുടനീളം താരങ്ങൾക്കു പരുക്കൻ സ്വഭാവമാണ്. എല്ലാവരും അങ്ങനെയാണെന്ന് തെറ്റിധരിക്കുകയുംവേണ്ട. കളിയുടെ മാന്യത നിലനിർത്തുന്ന ധാരാളംപേരും ഇക്കൂട്ടത്തിലുണ്ട്. ശരാശരി 3000 രൂപ മുതലാണ് ഒരു ജൂനിയർ താരത്തിനു ലഭിക്കുന്ന വരുമാനം. ഉയർന്ന പ്രതിഫലമുള്ളതിനാൽ സന്തോഷ് ട്രോഫി, സൂപ്പർ ലീഗ് കേരള താരങ്ങളും സെവൻസിന് ബൂട്ട് കെട്ടാറുണ്ട്. അപകടകരമായ കളി പലരുടെയും കരിയർ ഇല്ലാതാക്കിയിട്ടുമുണ്ട്.
നിയമം തിരുത്തി
റഫറിയെ മർദിച്ചാൽ കളിക്കാരനു 10 മത്സരങ്ങളിൽ വിലക്കായിരുന്നു നേരത്തെയുള്ള സെവൻസ് നിയമം. പിന്നീട് ഇതിൽ വെള്ളം ചേർത്തു. ഇപ്പോൾ അക്രമത്തിന്റെ സ്വഭാവമനുസരിച്ച് മൂന്നു മുതൽ അഞ്ചുവരെയുള്ള കളികളിലാണ് വിലക്ക്. കളിക്കാരെ കിട്ടാതാകും എന്ന ക്ലബ്ബുകളുടെ സങ്കടമാണ് തീരുമാനം തിരുത്താനുണ്ടായ കാരണം.
Content Highlights: sevens football malappuram
Published: 19 Jan 2025, 09:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented